മകളെ പീഡിപ്പിച്ചയാളെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു

ചെന്നൈ- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മുരുകനാണു കൊല്ലപ്പെട്ടത്. ബന്ധുവായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുരുകന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊല നടന്നത്. ആറുമാസം മുമ്പാണ് മുരുകന്‍ ബന്ധുവായ 16 കാരിയെ പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു പീഡനം. ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന മുരുകന്‍ കഴിഞ്ഞ 23നാണു ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മുരുകന്‍ പുറത്തിറങ്ങുന്നതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മകളോടു ചെയ്ത ക്രൂരതക്കു പകരമായി പുറത്തിറങ്ങിയാലുടന്‍ വെട്ടിക്കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള തോട്ടത്തിലേക്ക് പോയ മുരുകനെ ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു.

 

Latest News