Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

പകപോക്കലിന്റെ രാഷ്ട്രീയം

നാഷനൽ ഹെറാൾഡ് പത്രത്തിന്റെ പേരിൽ 2012 ൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പരാതി നൽകിയ സുബ്രഹ്മണ്യൻ സ്വാമി പോലും വിസ്മൃതിയിലേക്ക് തള്ളിവിട്ട കേസ് വീണ്ടും പൊടിതട്ടി കൊണ്ടുവരുന്നതിന് പിന്നിൽ മോഡിക്കും അമിത് ഷാക്കും കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. 
ഒന്നാമതായി, കോൺഗ്രസ് നേതൃനിരയെ നിർവീര്യമാക്കി ഉടൻ നടക്കാൻ പോകുന്ന രാഷ്ര്ടപതി തെരഞ്ഞെടുപ്പിൽ സംഭവിച്ചേക്കാമെന്ന് ബി.ജെ.പി. 
ഭയക്കുന്ന പ്രതിപക്ഷ ഐക്യം പൊളിക്കുക. രണ്ടാമതായി, അടുത്ത ഓഗസ്റ്റിലോ സെപ്റ്റംബറിലോ കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകൾക്ക് തടയിടുക.
ഇന്ത്യയിലെ മിക്കവാറും എല്ലാ ദേശീയ, പ്രാദേശിക പാർട്ടികൾക്കും അവരുടേതായ മുഖപത്രങ്ങളുണ്ട്. പക്ഷേ, അതിൽനിന്നെല്ലാം നാഷനൽ ഹെറാൾഡിനെ വേർതിരിച്ചുനിർത്തുന്നത് കോൺഗ്രസിന്റെ മുഖപത്രം എന്നതിനേക്കാളുപരിയായി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആശയ വാഹിനിയായിരുന്നു ഈ മാധ്യമം എന്നതായിരുന്നു. 
വേണ്ടിവന്നാൽ എന്റെ കുടുംബസ്വത്തായ സ്വരാജ് ഭവൻ വിറ്റിട്ടാണെങ്കിലും പത്രം തുടങ്ങാനുള്ള പണം സമാഹരിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച നെഹ്റുവിന് ആംഗലേയ പത്രങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്ന ഭാരത മണ്ണിൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ദീപശിഖയായി സ്വന്തമായി ഒരു പത്രത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തന്നെ മനസ്സിലായിരുന്നു. 
കാലണ അംഗത്വ വരി മാത്രം സമ്പാദ്യമായുള്ള കോൺഗ്രസിന് സ്വാതന്ത്ര്യ സമരത്തിന്റെ നെരിപ്പോടിനുള്ളിൽ ഒരു പത്രം തുടങ്ങാൻ പോയിട്ട് സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന് അറിയാമായിരുന്ന നെഹ്റു സ്വന്തം സമ്പാദ്യവും രാജ്യമെമ്പാടുമുള്ള അയ്യായിരത്തോളം കോൺഗ്രസ് പ്രവർത്തകരും സഹൃദയരും ഓഹരികളായി നൽകിയ പണവും സ്വരുക്കൂട്ടിയാണ് 1937 ൽ രൂപീകരിച്ച അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ നാഷനൽ ഹെറാൾഡ് പത്രത്തിന് തുടക്കമിടുന്നത്.  
ഉർദുവിൽ ഖൗമി ആവാസും ഹിന്ദിയിൽ നവജീവനും അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കുക എന്ന തലവാചകവുമായി പുറത്തിറങ്ങുന്ന നാഷനൽ ഹെറാൾഡും സഹോദര പത്രങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ പോർമുനയായി മാറി. മറ്റു പത്രമാധ്യമങ്ങളെയെല്ലാം കവച്ചുവെയ്ക്കുന്ന വലിയ സ്വീകാര്യതയാണ് നാഷനൽ ഹെറാൾഡിന് ലഭിച്ചത്. 
പ്രചാരണത്തിൽ ഒരു പടി മുന്നിൽ ഖൗമി ആവാസായിരുന്നു. സൗമ്യമായ വാക്കുകളിൽ അതേസമയം സ്വാതന്ത്ര്യ വാഞ്ഛയുടെ മുഴുവൻ വികാരവും ആവാഹിച്ച് നെഹ്റുവിന്റെ തൂലികയിൽനിന്ന് പിറന്നുവീണ മുഖപ്രസംഗങ്ങൾ ജനകോടികളെ ചെറുതൊന്നുമല്ല ആവേശം കൊള്ളിച്ചത്. 
1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള പ്രതികാരം ബ്രിട്ടീഷ് അധികാരികൾ കോൺഗ്രസ് നേതാക്കളോടു മാത്രമല്ല വീട്ടിയത്. സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത പലർക്കും പത്രമാധ്യമങ്ങൾ തുടങ്ങാൻ ആവോളം പ്രതിഫലം ആംഗലേയ ഖജനാവിൽ നിന്ന് ഒഴുകിയപ്പോൾ നാഷനൽ ഹെറാൾഡ് അതിക്രൂരമായി വേട്ടയാടപ്പെട്ടു. ഓഫീസുകൾ അടച്ചുപൂട്ടി. ദൽഹിയിലെ ബഹാദൂർ സഫർ മാർഗിലുള്ള ഹെറാൾഡ് ഹൗസിൽനിന്ന് ഒരു കീറ പേപ്പറിൽ പോലും വാർത്തകൾ പുറത്തു പോകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ബ്രിട്ടീഷ് പട്ടാളം കാവൽ കിടന്നു. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമാണ് പത്രം പുനരാരംഭിക്കാൻ കഴിഞ്ഞത്. 
പ്രധാനമന്ത്രിയായതിനു ശേഷം നെഹ്റുവിന്റെ ഒഴിവിൽ ഇന്ത്യയിലെ മാധ്യമ രംഗത്തെ കുലപതികളെന്ന് പേരെടുത്തവരാണ് ഒരു വ്യാഴവട്ടത്തോളം പത്രത്തെ നയിച്ചത്. 
പാർട്ടിയുടെ പബ്ലിക് ഫണ്ടിലെ തുക സ്വകാര്യ കമ്പനിക്ക് നൽകിയെന്നാണ് സ്വാമിയുടെ ആക്ഷേപം. പക്ഷേ, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് സ്വകാര്യ കമ്പനി മാത്രമല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ നാമമാണെന്നും സ്വാമി സൗകര്യപൂർവം മറക്കുകയാണ് ചെയ്തത്. 
ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ഡയറക്ടർ ബോർഡ് അംഗങ്ങളായി 2010 നവംബറിൽ യങ് ഇന്ത്യൻ എന്ന പേരിൽ സ്വകാര്യ കമ്പനി രൂപവത്കരിച്ചത്. കമ്പനിയിൽ ഡയരക്ടറാണെന്ന കാര്യം 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോൾ രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽനിന്ന് മറച്ചുവെച്ചു എന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നത്. 
2010 ൽ രൂപീകരിച്ച കമ്പനിയിലെ അംഗത്വം എങ്ങനെ 2009 ലെ രേഖകളിൽ കാണിക്കും എന്നാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്. പാർട്ടി ഫണ്ടിൽനിന്ന് നൽകിയ 90 കോടി രൂപക്ക് പകരമായി കമ്പനിയുടെ ഓഹരികൾ യങ് ഇന്ത്യൻ എന്ന കമ്പനിക്ക് കൈമാറുകയാണ് ചെയ്തത്. 
ലാഭേഛയില്ലാതെ പ്രവർത്തിക്കുന്നതും ഡയരക്ടർ ബോർഡ് അംഗങ്ങൾ ലാഭം  കൈപ്പറ്റരുത് എന്നുമാണ് കമ്പനി വ്യവസ്ഥ ചെയ്തിരിക്കുന്നത്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ഡയരക്ടർ ബോർഡിലുള്ളവരും ഓഹരി ഉടമകളും തന്നെയാണ് യങ് ഇന്ത്യൻ കമ്പനിയിലുള്ളവരിൽ ഭൂരിപക്ഷവും. 2011 ഫെബ്രുവരി 26 ന് നടന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ബോർഡ് യോഗത്തിൽ കോൺഗ്രസിൽനിന്ന് വായ്പ കൈപ്പറ്റിയതിനും ഓഹരികൾ കൈമാറിയതിനും അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. 
അസോസിയേറ്റഡ് ജേണൽസിന്റെ 1600 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ നിസ്സാര വിലയ്ക്ക് യങ് ഇന്ത്യൻ വാങ്ങി എന്ന സാങ്കേതികത്വമാണ് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്നത്. പക്ഷേ, ഇത്തരം കൊടുക്കൽ വാങ്ങലുകളും ലയനങ്ങളും സ്വാഭാവികമാണെന്നും അസോസിയേറ്റഡ് ജേണൽസിന്റെ ചരിത്രവും പൈതൃകവും കൈമോശം വരാതിരിക്കാനാണ് നോൺ പ്രോഫിറ്റബിൾ കമ്പനി രൂപീകരിച്ച് ഒരു പൈസ പോലും ലാഭേഛയില്ലാതെ ഈ വിഷയത്തിൽ കോൺഗ്രസ് ഇടപെട്ടത് എന്നുമുള്ള സത്യങ്ങൾ മറച്ചുവച്ചുകൊണ്ട് പ്രതികാര രാഷ്ര്ടീയമാണ് ഇവിടെ പയറ്റുന്നത്.

Latest News