കെ.ടി.ജലീലുമാര്‍ വലിയ പ്രതീക്ഷ; അഭിനന്ദനവുമായി ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം- രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ഫേസ് ബു്ക്ക് പോസ്റ്റിനെ അഭിനന്ദിച്ച് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര.
മതസൗഹാര്‍ദം തകര്‍ക്കാനും ഉദയ്പൂരിലെ മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാനും ആസൂത്രിതമായി ബിസിനസ് താല്‍പര്യക്കാര്‍  നടത്തിയതാണോ കൊലപാതകമെന്ന് കെ.ടി. ജലീല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ  പ്രതികരണം.
ഉദയ്പൂരില്‍ കണ്ട കൊടുംക്രൂരത എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ജലീല്‍ ഇങ്ങനെയൊരു സംശയം ഉന്നയിച്ചിരുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം. വേഷം മാറി വന്ന് പക തീര്‍ത്ത് വഴി തിരിച്ച് വിടാന്‍ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വര്‍ഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവട ക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രിതമായി ബിസിനസ് താല്‍പര്യക്കാര്‍ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണമെന്നും കെ.ടി. ജലീല്‍ പറഞ്ഞിരുന്നു.


ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്

'ഇന്ത്യ ടുഡേയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ആദ്യം മനസിലോടിയെത്തിയ മുഖം ഈ മനുഷ്യന്റേതായിരുന്നു,
കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ മുതല്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സൈബര്‍ അണികള്‍ വരെ മുസ്ലിം ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എം.എല്‍.എ കെ.ടി.ജലീല്‍ പൊതുബോധത്തെ ഭയപ്പെടാതെ ഉന്നയിച്ച ചില സംശയങ്ങളുണ്ട്. വലിയ ആശ്വാസമാണ് അദ്ദേഹത്തിന്റെ ആ പോസ്റ്റ് വായിക്കുമ്പോഴും അതെന്റെ വാളില്‍ ഷെയര്‍ ചെയ്യുമ്പോഴും തോന്നിയത്.

നിരവധി രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കദ്ദേഹത്തോടുണ്ട്. അത് ശക്തമായി പ്രകടിപ്പിച്ചിട്ടുമുണ്ട് എന്നാല്‍ നിര്‍ണായക നേരത്ത് അദ്ദേഹമെടുത്ത ആ നിലപാടിന് ഐക്യദാര്‍ഢ്യം നല്‍കാന്‍ ആ അഭിപ്രായ വ്യത്യാസങ്ങള്‍ തടസമായിരുന്നില്ല.

ഇന്ന് ഇന്ത്യ ടുഡേ പുറത്തു വിട്ട റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ മനസിലാകുന്നു കെ.ടി. ജലീല്‍ എന്ന രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി ആ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന്.

നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കി നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ സത്യസന്ധതയില്ലാത്ത മനുഷ്യരുള്ള ഈ ഹിന്ദുത്വ കാലഘട്ടത്തില്‍ കെ.ടി. ജലീലുമാര്‍ വലിയ വലിയ പ്രതീക്ഷയാണ്. അഭിവാദ്യങ്ങള്‍ ഡോ. കെ.ടി. ജലീല്‍,'

 

 

Latest News