Sorry, you need to enable JavaScript to visit this website.

ആധാർ കാർഡ് നിർബന്ധം: മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ  വിട്ടുനൽകുന്നതിൽ വൻ കാലതാമസം 

കോഴിക്കോട് -  മെഡിക്കൽ കോളേജിൽ മരിച്ചവരുടെ മൃതദേഹം വിട്ടുനൽകാൻ ആധാർ കാർഡ് നിർബന്ധമാക്കിയതോടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ വൻ കാലതാമസം. 
പലരും മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ച ശേഷം ആധാർ കാർഡ് തിരികെ വീട്ടിൽ പോയി എടുത്തുകൊണ്ടുവരേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. അപകടത്തിൽ പെട്ട് മരണമടയുന്നവരുടെ ബന്ധുക്കൾാണ് ആധാർ നിർബന്ധമാക്കിയത് വലിയ ദുരിതമായി മാറിയിരിക്കുന്നത്.
മരിച്ചയാളുടെ ആധാർ നമ്പർ നൽകാതെ മൃതദേഹം വിട്ടുനൽകില്ലെന്ന കർശന നിലപാടാണ് അധികൃതർ ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് ഇത്തരം സന്ദർഭങ്ങളിൽ ബന്ധുക്കളുടെ മൊബൈൽ നമ്പർ വാങ്ങി മൃതദേഹം വിട്ടു നൽകാറുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത് പൂർണമായും നിർത്തി. 
ഇതു കാരണം മെഡിക്കൽ കോളേജിൽ ദിനേന വിവിധ പ്രശ്‌നങ്ങളാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ദിവസങ്ങൾക്ക് മുൻപ് പുഴയിൽ മുങ്ങി മരിച്ചയാളുടെ മൃതദേഹം വിട്ടുകിട്ടാൻ ഇതുകാരണം ബന്ധുക്കൾ ഏറെ കഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ആധാർ കാർഡ് എവിടെയാണെന്ന് ബന്ധുക്കൾക്ക് അറിയില്ലായിരുന്നു. നാല് മണിക്കൂറോളം വൈകിയാണ് മൃതദേഹം വിട്ടുകിട്ടിയത്. എപ്പോഴും ആധാർ കീശയിലിട്ട് പുറത്തിറങ്ങാനാകുമോ എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. 
ഉറ്റ ബന്ധുക്കളുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നിൽക്കുമ്പോൾ ആധാറിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. ഇത് മറ്റ് മരണാന്തര ചടങ്ങുകളെയും ബാധിക്കുന്നതായി മരിച്ചവരുടെ കൂടെ എത്തുന്നവർ പറയുന്നു. അപകടത്തിൽ പെട്ട് മരിക്കുന്നവരുടെ കാര്യത്തിൽ ആധാർ നിർബന്ധം ഒഴിവാക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്.
മരിച്ച ആൾക്ക് പുറമേ മരണ സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കുന്ന ആളിന്റെയും ആധാർ നിർബന്ധമാണ്. മരിച്ചവർക്കും മരണ സർട്ടിഫിക്കറ്റ് വാങ്ങുന്ന അപേക്ഷകനും ആധാർ നമ്പർ വേണമെന്ന വിവരം പലർക്കും അറിയാത്തതും പ്രശ്‌നംരൂക്ഷമാക്കുകയാണ്. കോഴിക്കോട്ടടല്ലാതെ മറ്റു ജില്ലകളിൽ  നിന്നുള്ള പലരോടും താൽക്കാലിക പരിഹാരം എന്നുള്ള നിലക്ക് സത്യപ്രസ്താവനയും മൊബൈൽ ഫോൺ നമ്പറും വാങ്ങി തുടക്കത്തിൽ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് പൂർണമായും നിർത്തിയിരിക്കുകയാണ്.
  മരണ സർട്ടിഫിക്കറ്റിന് വരുമ്പോൾ മരിച്ച ആളുടെയും അപേക്ഷകന്റെയും ആധാർ നമ്പർ നിർബന്ധമായും കൊണ്ടുവരണമെന്ന നിർദേശമാണ് അധികൃതർ പറയുന്നത്. എന്നാൽ അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുവരുമ്പോൾ രോഗിയുടെയും ബന്ധുവിന്റെയും ആധാർ നമ്പർ തെരഞ്ഞു നടക്കുവാൻ സാധിക്കുമോയെന്നാണ് മെഡിക്കൽ കോളേജിലെത്തുന്നവർ ചോദിക്കുന്നത്.

 

Latest News