വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവന്ന കുതിര പ്രസവിച്ചത് കൗതുകമായി

ചേര്‍ത്തല- വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവന്ന കുതിര പ്രസവിച്ചത് കൗതുകമായി.  ചേന്നവേലിയില്‍ ആറാട്ടുകുളം വീട്ടില്‍ അനീഷ് ആറാട്ടുകുളത്തിന്റെ അമ്മ എന്ന കുതിരയാണ് പ്രസവിച്ചത്. കുഞ്ഞ് ആണ്‍കുതിരയാണ്. കര്‍ണാടകയില്‍നിന്ന് കുതിരയെ വാങ്ങി വില്‍ക്കുന്ന സുഹൃത്തില്‍ നിന്ന്  അഞ്ചുമാസം മുന്‍പാണ് ഗര്‍ഭിണിയായ കുതിരയെ വാങ്ങിയതെന്ന് അനീഷ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ പ്രസവ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. അനീഷിന്റെ ബന്ധുവായ വെറ്ററിനറി ഡോക്ടര്‍ സിമി മാര്‍ട്ടിന്റെ നിര്‍ദേശാനുസരണം ശുശ്രൂഷ നല്‍കിയതോടെ പത്തുമണിയോടെ പ്രസവം നടന്നു. കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രിയില്‍നിന്നു വെറ്ററിനറി സര്‍ജന്‍ ജോര്‍ജ് വര്‍ഗീസ് എത്തി കൂടുതല്‍ നിര്‍ദേശങ്ങളും പരിചരണങ്ങളും നല്‍കി. ഇത് കൂടാതെ ഇംഗ്ലീഷ് ബ്രീഡ് കുതിരയെയും അനീഷ് വളര്‍ത്തുന്നുണ്ട്.
കുതിര പ്രസവിച്ചതറിഞ്ഞ് ധാരാളം ആളുകള്‍ ഇവരുടെ  വീട്ടിലേക്ക് എത്തുന്നുണ്ട്.  മൊബൈല്‍  ഫോണില്‍ അമ്മയേയും കുഞ്ഞിനെയും പകര്‍ത്തി സെല്‍ഫിയും എടുത്താണ് മടങ്ങുന്നത്. അനീഷിന്റെ ഭാര്യ ഡാനിയ മക്കള്‍ സിയന്ന, ലിയ ക്രിസ്റ്റി എന്നിവരാണ് കുതിരകളെ പരിചരിക്കുന്നത്.

 

Latest News