പത്തനംതിട്ട- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മുകളിലേക്ക് നോക്കാതെ താഴെനോക്കി നടക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നേതാക്കള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരായി മാറണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സി.പി.ഐ അടൂര്‍ മണ്ഡലം സമ്മേളനം അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തെ കേസെടുത്ത് പതിനൊന്നുമാസം ജയിലിലടച്ചശേഷം നിരുപാധികം വിട്ടയച്ചു. രാഹുല്‍ഗാന്ധിയെ അന്‍മ്പത്തിയെട്ട് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തു. സോണിയ ഗാന്ധിയെ ചോദ്യംചെയ്യാന്‍ പോകുന്നു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കൃത്രിമമായ കേസുകളുണ്ടാക്കി മോഡി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
മതനിരപേക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയണം. പ്രതിപക്ഷ കക്ഷികളിലെ അനൈക്യം മുതലെടുത്താണ് മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന ഇന്ത്യയായി നമ്മുടെ രാജ്യത്തെ മോഡിയും ബി.ജെ.പിയും മാറ്റിയിരിക്കുന്നുവെന്നും കാനം പറഞ്ഞു.