Sorry, you need to enable JavaScript to visit this website.

ബൽറാം എ.കെ.ജിയെ വിമർശിച്ചതും നൂപുർ ശർമ പ്രവാചകനെ അപമാനിച്ചതും എന്ത് വ്യത്യാസം-ജലീൽ

തിരുവനന്തപുരം-എ.കെ.ജിയെ ബൽറാം അപമാനിച്ചതും നൂപുർ ശർമ പ്രവാചകനെ അപമാനിച്ചതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ഇടതുസഹയാത്രികനും എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ. അതേസമയം, ജലീലിന്റെ ഉപമയെ പരിഹസിച്ച് വി.ടി ബൽറാമും രംഗത്തെത്തി. 

രാജ്യം മുഴുവൻ ആദരിച്ച മഹാനായ എ.കെ.ജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകൾ ഉപയോഗിച്ച് താറടിച്ചപമാനിച്ച തൃത്താലയിലെ തോറ്റ എം.എൽ.എക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും, ഒരു പാവം കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിക്ക്, ദൈവം കൊടുത്ത ശിക്ഷയെ കുറിച്ച്, ജോമോൻ പുത്തൻപുരയ്ക്കൽ വെളിപ്പെടുത്തിയത് ഓർമ്മപ്പെടുത്തിയപ്പോൾ ഉണ്ടായത് എങ്ങിനെയാണെന്ന് ചോദിച്ചായിരുന്നു ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തുടക്കം. 
ബി.ജെ.പി. വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിക്കെതിരെ പറഞ്ഞതും ബൽറാം എ.കെ.ജിക്കെതിരെ പറഞ്ഞതും തമ്മിൽ എന്തു വ്യത്യാസമെന്നും ജലീൽ ചോദിച്ചു. 
പട്ടിണിപ്പാവങ്ങളുടെ കണ്ണിലുണ്ണിയായ സഖാവ് എ.കെ ഗോപാലൻ മരണ ശയ്യയിൽ കിടന്ന സമയം. കണ്ണീർ നനഞ്ഞ ഹൃദയങ്ങളുമായി ലക്ഷോപലക്ഷം മനുഷ്യർ തങ്ങളുടെ വിമോചകന്റെ ആയുസ്സിനായി അവർക്കറിയാവുന്ന ഈശ്വരൻമാരെ നെഞ്ച് പൊട്ടി വിളിച്ച് പ്രാർത്ഥിച്ച നാളുകളിൽ ലവലേശം മനസ്സാക്ഷിക്കുത്തില്ലാതെ കേരളക്കരയിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമുണ്ട്: ''കാലൻ വന്ന് വിളിച്ചിട്ടും പോകാത്തതെന്തേ കോവാലാ'.
ലോകായുക്ത സിറിയക് ജോസഫിന്റെ ഉറ്റ ബന്ധുവായ അഭയാ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്, ആരാലും സ്വാധീനിക്കപ്പെടാത്ത ദൈവം നൽകിയ രോഗം, ഒരു കുറ്റവും ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കിൽ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ എം.എൽ.എയും കൂട്ടരും. കിളിയല്ല കിക്കിളി തന്നെ പോയവരുടെ  ചാരിത്ര്യ പ്രസംഗം കേൾക്കാൻ നല്ല രസമുണ്ടെന്നും ജലീൽ പറഞ്ഞു.
അതേസമയം, പ്രമുഖ അവയവ പരിശോധകനായ 'ഡോക്ടർ' ജലീൽ ഇതിപ്പോ ബൽറാമിനെ വിമർശിച്ചതാണോ അതോ നൂപുർ ശർമ്മയെ ന്യായീകരിച്ചതാണോ? എന്ന് ബൽറാം ചോദിച്ചു. 
ഏതായാലും ഉപമകൾക്ക് മൂപ്പരെ കഴിഞ്ഞേ ആളുള്ളൂ. നേരത്തെ നവോത്ഥാന മതിൽ നായകൻ സി.പി.സുഗതനെ ഖലീഫ ഉമറുമായാണ് താരതമ്യം ചെയ്തിരുന്നത്. ഇപ്പോ ദാ ഇങ്ങനെയുമെന്ന് ബൽറാം പറഞ്ഞു. 

Latest News