60 കിലോമീറ്റർ നീളത്തിൽ കനാൽ നിർമിക്കുന്നതിന് ചെലവ് 280 കോടി 

റിയാദ് - സൽവയിൽനിന്ന് ഖോർ അൽഉദൈദിലേക്ക് 60 കിലോമീറ്റർ നീളത്തിൽ പുതിയ സമുദ്ര കനാൽ നിർമിക്കുന്നതിനുള്ള പദ്ധതിക്ക് 280 കോടി റിയാൽ ചെലവു വരും. സൽവ കനാലിന് 200 മീറ്റർ വീതിയും പതിനഞ്ചു മുതൽ ഇരുപതു മീറ്റർ വരെ ആഴവുമുണ്ടാകും. സൽവ അതിർത്തി പോസ്റ്റിൽനിന്ന് ദോഹയിലേക്ക് തൊണ്ണൂറും റിയാദിലേക്ക് 460 ഉം കിലോമീറ്ററാണ് ദൂരം. ഖത്തറിനെ പുറംലോകവുമായി കരമാർഗം ബന്ധിപ്പിക്കുന്ന ഏക അതിർത്തി പോസ്റ്റ് ആയ സൽവ പോസ്റ്റ് ജൂണിൽ അടക്കുന്നതിനു മുമ്പ് ഖത്തറിന് ആവശ്യമായ നിർമാണ വസ്തുക്കളുടെ 60 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ 40 ശതമാനവും ഇതിലൂടെയാണ് കടന്നുപോയിരുന്നത്. 
ഉന്നതാധികൃതരുടെ അന്തിമാനുമതി ലഭിച്ച് ഒരു വർഷത്തിനകം കനാൽ നിർമാണം പൂർത്തിയാക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനാൽ നിർമാണത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ഭൂമിശാസ്ത്രപരമായ തടസ്സങ്ങളൊന്നുമില്ലാത്തതിനാൽ കനാൽ നിർമാണത്തിന് ഭീമമായ തുക വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നത്. രണ്ടാം സൂയസ് കനാലിന്റെ നീളം 72 കിലോമീറ്ററാണ്. ഇതിന്റെ നിർമാണം 12 മാസത്തിനകമാണ് പൂർത്തിയാക്കിയത്.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സൽവയിൽ നിർമിക്കുന്ന സമുദ്ര കനാൽ സൗദിയിലെയും യു.എ.ഇയിലെയും സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെയാണ് നടപ്പാക്കുക. കനാലിന്റെ പൂർണ നിയന്ത്രണവും പരമാധികാരവും സൗദി അറേബ്യക്കാകും. കനാൽ നിർമാണ ചുമതല ഈ രംഗത്ത് ഏറെ പരിചയ സമ്പത്തുള്ള ഈജിപ്തിലെ മുൻനിര കമ്പനികൾ വഹിക്കും. 

Latest News