Sorry, you need to enable JavaScript to visit this website.

താമരക്കുമ്പിളല്ലോ.....

ഒരു പാർട്ടിയിൽനിന്ന് തെരഞ്ഞെടുപ്പ് വിജയിക്കുകയും പിന്നീട് എതിർപാർട്ടിക്കാരോടൊപ്പം ചേർന്ന് സ്വന്തം പാർട്ടിയെ അട്ടിമറിക്കുകയും ചെയ്യുന്ന പ്രവണത കോടതികൾക്ക് പോലും തടയാനാവാത്ത തരത്തിലുള്ള രാഷ്ട്രീയ അഭ്യാസമായി പരിണമിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന പാർട്ടിയായ ബി.ജെ.പിക്ക് എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒരു പരിപാടിയായി ഇത് മാറിയിട്ടുണ്ട്. കോടികളുടെ ഇടപാട് നടക്കുന്ന ഇത്തരം രാഷ്ട്രീയ കൂറുമാറ്റങ്ങളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും നമ്മുടെ നിയമ വ്യവസ്ഥക്കും കഴിയുന്നില്ല.

2008 ൽ കർണാടകയിൽ ബി.ജെ.പി നേതാവും ഖനി ഭീമനുമായ ജി. ജനാർദനറെഡ്ഡി കൂറുമാറ്റ നിരോധ നിയമം മറികടന്ന് എം.എൽ.എമാരെ വിലയ്‌ക്കെടുത്ത് ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടാക്കാൻ നടത്തിയ ശ്രമത്തോടെയാണ് ഓപറേഷൻ താമര എന്ന പ്രയോഗം ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനം പിടിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി സർക്കാർ കർണാടകയിൽ അധികാരത്തിൽ വരുന്നത് അങ്ങനെയാണ്. ഖനി വ്യവസായത്തോടൊപ്പം രാഷ്ട്രീയവും കൊണ്ടുനടന്ന ജനാർദന റെഡ്ഡിയും യെദ്യൂരപ്പയും കൈകോർത്തുപിടിച്ചാണ് ആ നേട്ടം ബി.ജെ.പിക്ക് സാധ്യമാക്കിക്കൊടുത്തത്. 
2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടിയ ബി.ജെ.പി ആറ് സ്വതന്ത്രരുടെ പിന്തുണയോടെയാണ് സർക്കാരുണ്ടാക്കിയത്. നേരിയ ഭൂരിപക്ഷത്തോടെ നിലവിൽ വന്ന ഈ സർക്കാരിന്റെ സ്ഥിരത ഉറപ്പു വരുത്താനായിരുന്നു ഓപറേഷൻ താമര എന്ന് വിളിക്കപ്പെട്ട കുപ്രസിദ്ധമായ കൂറുമാറ്റ എപിസോഡുകളുടെ തുടക്കം. കോൺഗ്രസിൽനിന്ന് മൂന്നും ജനതാദൾ എസിൽനിന്ന് നാലുമടക്കം ഏഴ് എം.എൽ.എമാരെ പണവും അധികാരവുമുപയോഗിച്ച് കൈവശപ്പെടുത്തിയാണ് യെദ്യൂരപ്പ സർക്കാരിനു ഭീഷണി ഇല്ലാതാക്കിയത്. ബെല്ലാരിയിലെ ഖനി ഭീമനും യെദ്യൂരപ്പ സർക്കാരിലെ മന്ത്രിയുമായിരുന്ന ജി. ജനാർദ്ദന റെഡ്ഡിയാണ് ഇതിനായുള്ള പണമിറക്കിയത്. കൂറുമാറിയ എം.എൽ.എമാർ രാജിവെക്കുകയും വീണ്ടും മത്സരിക്കുകയും ചെയ്തു. അഞ്ചുപേർ വിജയിച്ചുവന്നു. ഇതോടെ 224 അംഗ സഭയിൽ യെദ്യൂരപ്പക്ക് 115 അംഗങ്ങളായി. യെദ്യൂരപ്പയും ജനാർദനറെഡ്ഡിയും ഇന്ന് ബി.ജെ.പിയിൽ ഒതുക്കപ്പെട്ടിരിക്കുന്നു എന്നത് മറ്റൊരു കാര്യം.
ചെറുതും വലുതുമായ തലങ്ങളിൽ ഓപറേഷൻ താമര രാജ്യത്തെമ്പാടും ആവർത്തിക്കപ്പെട്ടു. 2019 ജൂലൈയിൽ കർണാടകയിൽ തന്നെ താമരവിപ്ലവം വീണ്ടും വലിയ തോതിൽ അരങ്ങേറി. കോൺഗ്രസ് എം.എൽ.എ രമേശ് ജാർകിഹോളി മുൻകൈയെടുത്ത് 14 എം.എൽ.എമാരെ കോൺഗ്രസിൽനിന്ന് രാജിവെപ്പിച്ചു. രണ്ട് ജനതാദൾ-എസ് എം.എൽ.എമാരും ഇവർക്കൊപ്പം കൂടി. അത്യന്തം നാടകീയമായ സംഭവ വികാസങ്ങൾക്കൊടുവിൽ എച്ച്.ഡി. കുമാരസാമിയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ നിലംപറ്റുകയും ബി.എസ്. യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ച് വിജയിച്ച രമേശും സംഘവും യെദ്യൂരപ്പ സർക്കാരിലെ പ്രധാന സ്ഥാനങ്ങളിലെത്തുകയും ചെയ്തു.
2020 ൽ മധ്യപ്രദേശിൽ മാധവറാവു സിന്ധ്യയുടെ പുത്രൻ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ നടപ്പായ താമരവിപ്ലവവും അവിടത്തെ കോൺഗ്രസ് സർക്കാരിനെ താഴെ വീഴ്ത്തി. പാർട്ടിയിൽ നേരിടുന്ന അവഗണനയിൽ പരിതപിച്ച് ഹർദീപ് സിംഗ് ഡാംഗ് എന്ന എം.എൽ.എയും സിന്ധ്യയെ അനുകൂലിക്കുന്ന മറ്റു 17 എം.എൽ.എമാരും സർക്കാരിന് പിന്തുണ പിൻവലിച്ച് ബി.ജെ.പി സർക്കാരിന് അധികാരത്തിലേക്കുള്ള വഴിയൊരുക്കി. ഓപറേഷൻ കമല എന്ന് ബി.ജെ.പി നേതൃത്വം തന്നെ അരുമയോടെ വിശേഷിപ്പിക്കുന്ന ഈ ജനാധിപത്യ വിരുദ്ധ അഭ്യാസത്തിന്റെ ഏറ്റവും പുതിയ എപിസോഡിന്റെ ഇരയാണ് മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ.
ഒരു പാർട്ടിയിൽനിന്ന് തെരഞ്ഞെടുപ്പ് വിജയിക്കുകയും പിന്നീട് എതിർപാർട്ടിക്കാരോടൊപ്പം ചേർന്ന് സ്വന്തം പാർട്ടിയെ അട്ടിമറിക്കുകയും ചെയ്യുന്ന പ്രവണത കോടതികൾക്ക് പോലും തടയാനാവാത്ത തരത്തിലുള്ള രാഷ്ട്രീയ അഭ്യാസമായി പരിണമിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന പാർട്ടിയായ ബി.ജെ.പിക്ക് എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒരു പരിപാടിയായി ഇത് മാറിയിട്ടുണ്ട്. കോടികളുടെ ഇടപാട് നടക്കുന്ന ഇത്തരം രാഷ്ട്രീയ കൂറുമാറ്റങ്ങളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും നമ്മുടെ നിയമ വ്യവസ്ഥക്കും കഴിയുന്നില്ല.
ആയാറാം ഗയാറാം രാഷ്ട്രീയത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ നിലവിൽവന്ന കൂറുമാറ്റ നിരോധ നിയമത്തിന്റെ പരിധിയിൽ പെടാതിരിക്കാൻ എല്ലാ പഴുതുകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരം ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. ഓപറേഷൻ താമരയിലൂടെ അധികാരത്തിലെത്തിയ ബി.എസ്. യെദ്യൂരപ്പ ഇതിനെ വിശേഷിപ്പിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നാണ്. ഇത്തരം കൂറുമാറ്റങ്ങളിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ലെന്നും സ്വാഭാവിക പ്രക്രിയയാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കൂറുമാറ്റ നിരോധ നിയമം അനുസരിച്ച് ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ കൂറുമാറിയാൽ അവരെ അയോഗ്യരാക്കാനാവില്ല. അതിൽ കുറവാണെങ്കിൽ അയോഗ്യരാക്കാം. അതിനാൽ എം.എൽ.എമാരെ വശത്താക്കിയ ശേഷം അവരെ രാജിവെപ്പിച്ച് വീണ്ടും മത്സരിപ്പിച്ച് വിജയിപ്പിക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. മഹാരാഷ്ട്രയിലാകട്ടെ മൂന്നിൽ രണ്ട് എം.എൽ.എമാരും ഉദ്ധവിനെ വിട്ടുപോയതുകൊണ്ട് രാജിവെക്കാതെ തന്നെ മന്ത്രിസഭയെ താഴെയിറക്കാൻ അവർക്ക് കഴിഞ്ഞു. 
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഇതര പാർട്ടികളെ, വിശിഷ്യ, കോൺഗ്രസിനെ വേട്ടയാടിയ ഭയം ഓപറേഷൻ താമര തന്നെയായിരുന്നു. ആർക്ക് സീറ്റ് കൊടുത്ത് വിജയിപ്പിച്ചാലും അവർ കൂറുമാറുമോ എന്ന ഭയം. ഗോവയിൽ സ്ഥാനാർഥികളെക്കൊണ്ട് കൂറുമാറില്ല എന്ന് സത്യപ്രതിജ്ഞ ചെയ്യിക്കുന്നതു വരെയെത്തി ഈ ഭയം. മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരമാക്കാൻ ഉദ്ധവ് താക്കറെ അധികാരമേറിയതു മുതൽ ബി.ജെ.പി ശ്രമിക്കുകയാണ്. ശിവസേനയെ തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയായി പരിഗണിക്കുന്ന ബി.ജെ.പി, കോൺഗ്രസ്-എൻ.സി.പി പിന്തുണയോടെ ശിവസേന അധികാരത്തിൽ വന്നത് ഞെട്ടലോടെയാണ് വീക്ഷിച്ചത്. ശിവസേനയുമായുള്ള ഭിന്നതകൾ എന്തു തന്നെയായാലും ഒടുവിൽ അവർക്ക് ബി.ജെ.പി പാളയത്തിൽ തന്നെ എത്തേണ്ടിവരുമെന്നും കോൺഗ്രസും എൻ.സി.പിയും മതേതര പാർട്ടികളെന്ന നിലക്ക് ശിവസേനയെന്ന ഹിന്ദു പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നുമുള്ള കടുത്ത ആത്മവിശ്വാസത്തിനാണ് ശരത് പവാറിന്റെ രാഷ്ട്രീയ ബുദ്ധികൂർമതയിൽ നിലവിൽ വന്ന ഉദ്ധവ് സർക്കാർ പ്രഹരമേൽപിച്ചത്. അന്നു മുതൽ ശിവസേനയും ബി.ജെ.പിയുമായുള്ള വൈരം കൂടിവരികയും ചെയ്തു. ഉദ്ധവിന്റെ മന്ത്രിമാരായ നവാബ് മാലിക്കിനെയും അനിൽ ദേശ്മുഖിനെയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കുടുക്കി എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നതു വരെയെത്തി സംഭവ വികാസങ്ങൾ. ശിവസേനയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിൽ പ്രധാനിയായ സഞ്ജയ് റാവത്തും ഇ.ഡി അന്വേഷണം നേരിടുകയാണ്. ഒടുവിൽ ഉദ്ധവിന്റെ വലംകൈയായിരുന്ന, നിയമസഭാ കക്ഷി നേതാവ് തന്നെയായ ഏക്‌നാഥ് ഷിൻഡെയുടെ സഹായത്തോടെയാണ് താമരവിപ്ലവത്തിന് മഹാരാഷ്ട്രയിൽ വിജയകരമായ പര്യവസാനമുണ്ടായത്.
തങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഒരു സംസ്ഥാനത്തും മറ്റു പാർട്ടികളെ സർക്കാരുണ്ടാക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ബി.ജെ.പി. ഇതിനായി പണവും അധികാരവും നിർലോപം അവർ ഉപയോഗിക്കുന്നു. രാഹുൽ ബ്രിഗേഡിലെ പ്രമുഖ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെത്തന്നെ തട്ടിയെടുത്താണ് മധ്യപ്രദേശിൽ അവർ അധികാരം തിരിച്ചുപിടിച്ചത്. രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ വേലിപ്പുറത്താണ്. അവിടെ ഉടക്കിനിൽക്കുന്ന സച്ചിൻപൈലറ്റ് എപ്പോഴാണ് താമരയുടെ ഭാഗമാകുക എന്ന് ഉറപ്പില്ല. പഞ്ചാബിലെ കോൺഗ്രസിന്റെ കരുത്തായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ബി.ജെ.പി തട്ടിയെടുത്തത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പകരം ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതോടെ ഒരു സംസ്ഥാനത്തെ കൂടി കോൺഗ്രസ് മുക്തമാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരമാവധി അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയെന്നതാണ് ഓപറേഷൻ താമരയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള സർക്കാരുകളെ ശ്വാസം മുട്ടിക്കുകയും ഭരണകക്ഷി അംഗങ്ങളെ പ്രലോഭനങ്ങളുമായി സമീപിക്കുകയുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രശാലയിലെ സ്ഥിരം കാര്യപരിപാടി. ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ തന്ത്രം വിജയിക്കുന്നുമുണ്ട്. തങ്ങൾക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ സൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാനും അവർക്ക് മടിയില്ല. മഹാരാഷ്ട്രയിൽ തന്നെ കൂറുമാറിയ ശിവസേന എം.എൽ.എമാരെ ഗുജറാത്തിലേക്കും അസമിലേക്കുമാണ് കൊണ്ടുപോയി സുരക്ഷിതമായി പാർപ്പിച്ചത്. ഇവിടെ പൂർണമായ പോലീസ് സുരക്ഷയിലായിരുന്നു അവർ. ഗുവാഹതിയിൽ എം.എൽ.എമാരെ കാണാനെത്തിയ ഉദ്ധവിന്റെ പ്രതിനിധിയെ അസം പോലീസ് കസ്റ്റഡിയിലെടുക്കുക പോലും ചെയ്തു.
സുപ്രീം കോടതിയെ ഉൾപ്പെടെ നോക്കുകുത്തിയാക്കിയാണ് ഇത്തരം ജനാധിപത്യ വിരുദ്ധത അരങ്ങേറുന്നത് എന്നതാണ് ദയനീയം. സുപ്രീം കോടതി ഏതാണ്ടെല്ലാ വിഷയങ്ങളിലും നോക്കുകുത്തിയായിക്കഴിഞ്ഞു എന്ന് സാകിയ ജഫ്രി കേസോടെ പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്. ഭരണഘടനയോടും മതേതരത്വത്തോടും കൂറുപുലർത്തുന്ന ഏതാനും ജഡ്ജിമാർ കൂടി വിരമിക്കുന്നതോടെ സാധാരണക്കാർക്ക് നീതി തേടി സമീപിക്കാൻ കഴിയുന്ന ആശ്വാസ കേന്ദ്രമായി സുപ്രീം കോടതി തുടരുമോ എന്ന സംശയം പോലും നിയമ രംഗത്തുള്ളവർ പങ്കുവെക്കുന്നുണ്ട്. അധികാരമെല്ലാം ഒരിടത്തു കേന്ദ്രീകരിക്കുന്ന ബനാന റിപ്പബ്ലിക്കിലേക്ക് ഇനിയധികം ദൂരമില്ലെന്നർഥം.


 

Latest News