Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാസലഹരിയുടെ മുഖ്യസൂത്രധാരന്‍ തലശ്ശേരി സ്വദേശി വ്യാസ് ഭായ് പിടിയില്‍

കൊച്ചി- പോളണ്ടില്‍ നിന്ന് അന്താരാഷ്ട്ര കൊറിയര്‍ സംവിധാനം ഉപയോഗിച്ച് അതിമാരക രാസലഹരി എല്‍.എസ്.ഡി സ്റ്റാമ്പ് കടത്തിയയാള്‍ എക്‌സൈസിന്റെ പിടിയില്‍. തലശ്ശേരി മണ്ണയാട് സ്വദേശി കാവ്യാസ് വീട്ടില്‍ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. 

ഉപഭോക്താക്കള്‍ക്കിടയില്‍ 'വ്യാസ് ഭായ്' എന്നറിയപ്പെടുന്ന ഇയാള്‍ വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പന നടത്തിവരുകയായിരുന്നു. ഗോവ, ബംഗളൂരു എന്നി സ്ഥലങ്ങളിലെ ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഐ.ടി വിദഗ്ധര്‍ക്കാണ് ഇയാള്‍ പ്രധാനമായും രാസലഹരി എത്തിച്ചിരുന്നത്. വിപണിയില്‍ പത്ത് ലക്ഷത്തോളം മൂല്യമുള്ള മയക്ക് മരുന്നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

എറണാകുളം കസ്റ്റംസ് പോസ്റ്റല്‍ അപ്രയ്‌സിംഗ് ഓഫീസില്‍ വന്ന പാഴ്‌സല്‍ സംശയാസ്പദമായ സാഹചാര്യത്തില്‍ തടഞ്ഞ് വയ്ക്കുകയും തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് കസ്റ്റംസ് ടീം സിറ്റി എക്‌സൈസ് റേഞ്ചിനെ വിവരം അറിയിക്കുകയായിരുന്നു. ഇത് പരിശോധന നടത്തിയതില്‍ ഗോള്‍ഡന്‍ ഡ്രാഗണ്‍  വിഭാഗത്തില്‍പ്പെടുന്ന അതിമാരകമായ 200 എണ്ണം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സിറ്റി റേഞ്ച് എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.വി ഏലിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിയതില്‍ എകസൈസിന്റെ ചരിത്രത്തിലെ തന്നെ റെക്കോഡ് വേഗത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. 

നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി എറണാകുളത്ത് നിന്ന് പ്രതിയെ കണ്ണൂരില്‍ ലൊക്കേറ്റ് ചെയ്യുകയും വളരെ പെട്ടെന്ന് എക്‌സൈസ് ടീം കണ്ണൂര്‍ എത്തി പ്രതിയെ ഇയാളുടെ താമസ സ്ഥലത്തു നിന്ന്  തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ താമസസ്ഥലത്ത് മയക്ക് മരുന്നിന്റെ വന്‍ ശേഖരമുണ്ടായിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നിന്നും 6 ഗ്രാം എം.ഡി.എം.എ, 260 മില്ലി ഹെറോയിന്‍, 20 ഗ്രാം ഹാഷിഷ്, 36 മില്ലിഗ്രാം എല്‍.എസ്.ഡി, 105 ഗ്രാം കഞ്ചാവ് എന്നിവയും എക്‌സൈസ് സംഘം കണ്ടെടുത്തു. 

ഡാര്‍ക്ക് വെബ് വഴി ഇത്തരത്തില്‍ നടത്തുന്ന ലക്ഷങ്ങളുടെ ഇടപാടുകള്‍ കണ്ടെത്തുക വളരെ ദുഷ്‌കരമാണ്. ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് വിദേശത്ത് നിന്നും ഇതു പോലുള്ള മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തുന്നത്.  അതിവിദഗ്ധമായി ഇത്തരത്തില്‍ നടത്തുന്ന ഇടപാടുകളില്‍ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ഗോള്‍ഡന്‍ ഡ്രാഗണ്‍ പോലുള്ള എല്‍.എസ്.ഡി സ്റ്റാമ്പിന് ഒരെണ്ണത്തിന് 3000 മുതല്‍ 5000 വരെയാണ് ഇടാക്കി വരുന്നത്. പോളണ്ട്, നെതര്‍ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര കൊറിയര്‍ വഴി നേരിട്ട് എത്തിക്കുന്ന ഇത്തരം സ്റ്റാമ്പുകള്‍ക്ക് ഡി.ജെ പാര്‍ട്ടികള്‍ക്കിടയില്‍ വന്‍ ഡിമാന്റായതിനാല്‍ വന്‍ വിലയും ഇതിന് ഈടാക്കി വരുന്നു. 17 മുതല്‍ 24 മണിക്കൂര്‍ വരെ നേരത്തെക്ക് ഇതിന്റെ വീര്യം നിലനില്‍ക്കും. ഇത് നിരന്തരമായി ഉപയോഗിച്ചു വരുന്നവര്‍ വിഷാദരോഗം ബാധിച്ച് ഒടുവില്‍ ആത്മഹത്യയിലേക്ക് പോകുന്ന രീതിയാണ് പൊതുവെ കാണുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു. ഈ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം ഊര്‍ജിതമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിലെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം അംഗങ്ങളായ ഇന്‍സ്‌പെക്ടര്‍ ഹനീഫ എം.എസ്, അസിസ്റ്റന്റ് ഇന്‍പെക്ടര്‍ കെ.വി ബേബി, പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍ എന്‍.ജി, സിവില്‍ ഓഫീസര്‍മാരായ എന്‍.ഡി ടോമി, വിമല്‍ രാജ്.ആര്‍, പ്രവീണ്‍.എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

Latest News