Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

മതേതരത്വം ശക്തിപ്പെടുത്തലാണ് സംഘപരിവാറിനുള്ള മറുപടി

മതേതരത്വത്തിന്റെ ഐക്യപ്പെടലിന് മാത്രമേ സംഘപരിവാറിന്റെ മത തീവ്രവാദത്തെ ചെറുക്കാനാകൂ. രാജ്യം അത് പല അവസരങ്ങളിലായി തെളിയിച്ചതാണ്. മതരാഷ്ട്രമെന്ന അജണ്ടയുമായി മുന്നോട്ട് പോകുന്ന സംഘപരിവാർ ഭരണകൂടവും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമെല്ലാം എങ്ങനെയാണ് പൊരുത്തപ്പെട്ടു പോകുന്നതെന്ന് ഏറ്റവുമൊടുവിൽ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിശുദ്ധനാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലൂടെ നമ്മൾ കണ്ടതാണ്. ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ നിയമ സംവിധാനങ്ങൾ അതിന് ഏത് തരത്തിലുള്ള പരിഹാരമാണ് ഉണ്ടാക്കിയതെന്നും നാം കണ്ടതാണ്. നീതിന്യായ സംവിധാനങ്ങളെപ്പോലും വരുതിയിൽ നിർത്താനുള്ള ശേഷി മോഡി ഭരണകൂടം ആർജിച്ചു കഴിഞ്ഞിട്ടുണ്ട്. 

മതത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ എത്രത്തോളം ഭീകരമാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കനയ്യലാൽ പോസ്റ്റിട്ടതിന്റെ പേരിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഇരു മതങ്ങൾ തമ്മിൽ പ്രാദേശികമായി നിലനിൽക്കുന്ന സംഘർഷത്തിന്റെ ഇരയാണ് കനയ്യലാലെന്ന പ്രചാരണവും നടക്കുന്നുണ്ട്. തലയറുത്തു കൊലപ്പെടുത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കേസിലെ പ്രതികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. 
മതത്തിന്റെ പേരിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്ക് ഇത് എണ്ണ  പകരുന്ന സ്ഥിതിയുണ്ടാകാം. പ്രതികൾ ലക്ഷ്യമിട്ടതും അത് തന്നെയായിരിക്കാം. കനയ്യലാലിന്റെ കൊലപാതകത്തെത്തുടർന്ന് രാജസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ അരങ്ങേറുകയാണ്.
സംഘപരിവാറിന്റെ മതഭ്രാന്തിനും അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  മുസ്‌ലിം വിദ്വേഷത്തിന്റെ പേരിൽ നടത്തുന്ന അക്രമങ്ങൾക്കുമെതിരെയുള്ള തിരിച്ചടിയെന്ന നിലയിലായിരിക്കും ഈ സംഭവത്തെ പൊതു സമൂഹം വിലയിരുത്താൻ പോകുന്നത്. അത് ഒട്ടും ആശ്വാസ്യമായ സംഗതിയല്ല. 
കണ്ണിന് പകരം കണ്ണ് എന്ന ചിന്താഗതിയിലേക്ക് മതഭ്രാന്തിനെ മുന്നോട്ട് കൊണ്ടുപോകുന്നത് വളരെയധികം ആപത്കരമാണ്. ഏത് മതത്തിന്റെ പേരിലായാലും രാജ്യത്ത് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നത് ഒരു കാരണവശാലും മതേതര ഇന്ത്യയിൽ അംഗീകരിക്കപ്പെടാൻ പാടുള്ളതല്ല. 
ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരെ ജനാധിപത്യ രീതിയിൽ തന്നെയുള്ള ചെറുത്തു നിൽപുകൾ രാജ്യത്തെമ്പാടും നടക്കുന്നുണ്ട്. കനയ്യലാലിന്റെ കൊലപാതകം പോലുള്ള സംഭവങ്ങൾ ഇത്തരം ചെറുത്തുനിൽപുകളെ ദുർബലമാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. എന്നാൽ അത് മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുക്കിക്കൊണ്ടാകരുത്. ഇത്തരം പ്രവൃത്തികളെ മതതീവ്രവാദത്തിന്റെ ഗണത്തിൽ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. 
ബി.ജെ.പി നേതാക്കൾ കഴിഞ്ഞ ദിവസം നടത്തിയ പ്രവാചക നിന്ദ ലോകവ്യാപകമായി തന്നെ പ്രതിഷേധത്തിന് ഇടയാക്കിയതാണ്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയായി അത് മാറി. ലോക നേതാക്കളിൽ പലരും ഇതിനെതിരെ പരസ്യമായി രംഗത്തു വന്നു. 
അതിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ചവരെ ഭീകരമായ രീതിയിൽ മർദനത്തിനിരയാക്കിയും അവരുടെ  വീടുകൾ തകർത്തുകൊണ്ടും  സംഘപരിവാർ ഭരണകൂടങ്ങൾ നടത്തിയ നരനായാട്ട് ഉത്തർപ്രദേശിലും മറ്റും കഴിഞ്ഞ ദിവസങ്ങളിലായി നമ്മൾ കണ്ടതാണ്. മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റങ്ങളാണ് അവിടെ നടന്നത്. 
പ്രവാചക നിന്ദയും അതിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ നടന്ന സംഘപരിവാർ ഭരണകൂടത്തിന്റെ മൃഗീയ അക്രമങ്ങളും രാജ്യത്ത് മതപരമായ ഒരു കാലാപം പൊട്ടിപ്പുറപ്പെടാൻ തക്ക ശേഷിയുള്ളതായിരുന്നു. 
എന്നാൽ രാജ്യത്തെ മുസ്‌ലിം സമുദായവും അതിന്റെ നേതൃത്വവും കാണിച്ച പക്വതയാണ് അത്തരം ഒരു സംഭവത്തിലേക്ക് രാജ്യത്തെ നയിക്കാതിരുന്നത്.  വിവിധ മതങ്ങളിൽ പെട്ട കോടിക്കണക്കിന് മതേതരവാദികളുടെ പിന്തുണയും മനസ്സും അവർക്കൊപ്പമുണ്ടായിരുന്നു.
മതത്തിന്റെ പേരിൽ അടിക്ക് തിരിച്ചടി നൽകാനിറങ്ങുന്നവർ ഏത് മതത്തിൽ പെട്ടവരായിരുന്നാലും അവർ യഥാർത്ഥ മതവിശ്വാസികളല്ല. മതത്തിന്റെ പേരിൽ രാജ്യത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. മതേതരത്വത്തെ തകർക്കാൻ സംഘപരിവാർ കാലങ്ങളായി ആസൂത്രിത നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പല രീതിയിലുള്ള ശ്രമങ്ങൾ നടത്തിയിട്ടും മതത്തിന്റെ പേരിൽ ഒരു പരിധിക്കപ്പുറം രാജ്യത്തെ വെട്ടിക്കീറാൻ അവർക്ക് സാധിച്ചിട്ടില്ല. 
മതേതരത്വത്തിന്റെ ചെറുത്തുനിൽപ് അവസാനിച്ചിട്ടില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും പേരിൽ പോലും രാജ്യത്ത് കലാപം അഴിച്ചുവിടാൻ സംഘപരിവാർ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ട്. 
അവരുടെ വലയിൽ വീണുപോകുന്നവരാണ് പകരത്തിന് പകരം ചോദിക്കാൻ തെരുവിലേക്കിറങ്ങുന്നത്. അത് തന്നെയാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും. അവരുടെ ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ എത്താനുള്ള  മാർഗമായി അതിനെ മാറ്റിയെടുക്കാനുള്ള സംഘടന സംവിധാനം സംഘപരിവാർ ശക്തികൾക്കുണ്ട്.
മതേതരത്വത്തിന്റെ ഐക്യപ്പെടലിന് മാത്രമേ സംഘപരിവാറിന്റെ മതതീവ്രവാദത്തെ ചെറുക്കാനാകൂ. രാജ്യം അത് പല അവസരങ്ങളിലായി തെളിയിച്ചതാണ്. മതരാഷ്ട്രമെന്ന അജണ്ടയുമായി മുന്നോട്ട് പോകുന്ന സംഘപരിവാർ ഭരണകൂടവും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമെല്ലാം എങ്ങനെയാണ് പൊരുത്തപ്പെട്ടുപോകുന്നതെന്ന് ഏറ്റവുമൊടുവിൽ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിശുദ്ധനാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലൂടെ നമ്മൾ കണ്ടതാണ്. 
ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ നിയമ സംവിധാനങ്ങൾ അതിന് ഏത് തരത്തിലുള്ള പരിഹാരമാണ് ഉണ്ടാക്കിയതെന്നും നാം കണ്ടതാണ്. നീതിന്യായ സംവിധാനങ്ങളെപ്പോലും വരുതിയിൽ നിർത്താനുള്ള ശേഷി മോഡി ഭരണകൂടം ആർജിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് അവർക്ക് ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല.
 

Latest News