സ്വര്‍ണ കടത്ത് കേസ് : കേന്ദ്ര ഏജന്‍സികളെ  ഞങ്ങള്‍ക്ക് വിശ്വാസമില്ല,  അവര്‍ സെറ്റില്‍ ചെയ്യും, സുപ്രീം കോടതി അന്വേഷിക്കട്ടെ-വി.ഡി.എസ് 

തിരുവനന്തപുരം- സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൊന്നും തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് കേസ് സെറ്റില്‍ ചെയ്യുമോയെന്ന് സംശയമുണ്ടെന്നും, ഇപ്പോള്‍ തന്നെ സെറ്റില്‍ ചെയ്തിട്ടുണ്ടാകാമെന്നും സതീശന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുനന സമയത്ത് ഉയര്‍ന്ന ഒരു ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യമറ പരിധിക്കണമെന്ന് പറഞ്ഞയാളാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. ഇന്നത് അദ്ദേഹത്തിന് നേര്‍ക്കുതന്നെ വന്നിരിക്കുയാണ്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ സഭയില്‍ പറഞ്ഞത്, ബാഗേജ് വിമാനത്താവളത്തിലൂടെ കൊണ്ടുപോയത് വ്യക്തിയാണെന്നാണ്. അത് തെറ്റാണ്. മെമൊന്റോ ആയ ആറന്മുളക്കണ്ണാടിയാണ് ബാഗേജിലെങ്കില്‍ അത് ഡിപ്‌ളോമാറ്റിക് ബാഗേജ് ആകുന്നതെങ്ങനെ? ആറന്മുള കണ്ണാടിക്ക് അത്ര ഗമയുണ്ടോ? ദുബായിലെത്തുമ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ബാഗേജ് ആണെന്ന് പറഞ്ഞാല്‍ കാര്യമില്ല, ഏതു മുഖ്യമന്ത്രിയെന്ന് അവര്‍ ചോദിക്കും. പക്ഷേ, ദുബായ് കോണ്‍സുലേറ്റിന്റെ അനുമതിയോടെ ഡിപ്‌ളോമാറ്റിക് ചാനലില്‍ പോയാല്‍ അവിടുത്തെ എയര്‍പോര്‍ട്ടില്‍ ക്‌ളിയര്‍ ചെയ്ത് എടുക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.സ്വര്‍ണക്കടത്ത് കേസ് ഇ ഡി മാത്രം അന്വേഷിക്കേണ്ടതില്ലെന്നും, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അന്വേഷിക്കേണ്ടത് സിബിഐയാണ്. സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നതും സിബിഐ അന്വേഷണമാണ്. സോളാര്‍ കേസ് പ്രതി ആവശ്യപ്പെട്ടപ്പോള്‍ സിബിഐ അന്വേഷണം സമ്മതിച്ച സര്‍ക്കാര്‍ ഇതില്‍ എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ആരെയും വിശ്വാസമില്ലെന്നും, സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

Latest News