വിമത ശിവസേന എം.എല്‍.എമാര്‍ ഗോവയിലെത്തി

പനാജി- ശിവസേന നേതൃത്വത്തെ വെല്ലുവിളിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വിമത എം.എല്‍.എമാര്‍ ഗോവയിലെത്തി. രാത്രി പത്തരയോടെയാണ് ഗുവാഹതിയില്‍നിന്നുള്ള വിമാനത്തില്‍ ഇവര്‍ പനാജിയില്‍ ലാന്‍ഡ് ചെയ്തത്. രണ്ടു ബസുകളിലായി ഇവര്‍ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് നീങ്ങി.
മാധ്യമ പ്രവര്‍ത്തകര്‍ ഗോവ വിമാനത്താവളത്തിന് മുമ്പില്‍ തമ്പടിച്ചെങ്കിലും ഒരു കിലോമീറ്റര്‍ മാറിയുള്ള കാര്‍ഗോ കോംപ്ലക്‌സിന്റെ ഗേറ്റ് വഴിയാണ് എം.എല്‍.എമാര്‍ പുറത്തെത്തിയത്. ബസ് നീങ്ങുമ്പോള്‍ പല എം.എല്‍.എമാരും കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുകയും സന്തോഷപ്രകടനം നടത്തുകയും ചെയ്തു.
ഗോവ പോലീസിന്റെ അകമ്പടിയോടെയാണ് എം.എല്‍.എമാര്‍ ഹോട്ടലിലേക്ക് പോയത്. അസമിലും ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ലഭിച്ചിരുന്നു.
നാളെ വിശ്വാസവോട്ട് നേടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതോടെയാണ് ഇവര്‍ ഗുവാഹത്തിയില്‍നിന്ന് ഗോവയിലെത്തിയത്. എന്നാല്‍ ഉദ്ധവ് സര്‍ക്കാര്‍ രാജിവെച്ചൊഴിഞ്ഞതോടെ വിശ്വാസവോട്ട് ഒഴിവായി. ഇനിയ പുതിയ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തിലാവും വിമതരുടെ ശ്രദ്ധ.

 

Latest News