വീട്ടില്‍ പതിയിരുന്ന് ആക്രമണം: വൃദ്ധക്ക് ഗുരുതര പരിക്ക്

ഇടുക്കി-തനിച്ചു  താമസിക്കുന്ന വയോധികയെ രാത്രിയില്‍  വീട്ടില്‍ക്കയറി ആക്രമിച്ച യുവാവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരക്കല്‍  പരേതനായ കുഞ്ഞേപ്പിന്റെ  ഭാര്യ ത്രേസ്യാമ്മ (69) ക്കാണ്  പരിക്കേറ്റത്. മണിയാറന്‍കുടി  ലക്ഷം കവല വട്ടമലക്കുന്നേല്‍ ജോബിന്‍  (21)ആണ് പോലീസ് പിടിയിലായത്.
ചായക്കട നടത്തുന്ന ത്രേസ്യാമ്മ രാത്രി ഏഴിന് കട അടച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ കതകു തുറന്നു കിടക്കുന്നതായി  കണ്ടു. അകത്തുകയറി നോക്കിയപ്പോള്‍ ഒരാള്‍ മകന്റെ കട്ടിലില്‍  കിടക്കുന്നതായാണ്  കണ്ടത്. ഉടന്‍  മുരിക്കാശേരിയിലുള്ള മകനെ ഫോണില്‍ അറിയിച്ചു. മകന്‍ അറിയിച്ചതനുസരിച്ച് ഇടുക്കി എസ്ഐ കെ അജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തുമ്പോള്‍ ഇയാള്‍ വീട്ടമ്മയെ  ആക്രമിക്കുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ യുവാവിനെ കസ്റ്റഡിയിലെടുത്തു. തലക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ ഇവരെ  ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍   പ്രാഥമിക ചികിത്സ നല്‍കിയശേഷം  വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിക്കെതിരെ 354, 452 വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 


   

 

Latest News