ജിദ്ദ - ജിദ്ദ ഇസ്ലാമിക് പോര്ട്ടില് വന് മയക്കുമരുന്ന് വേട്ട. കല്ലുകളും പാര്ക്കുകള് സജ്ജീകരിക്കാന് ആവശ്യമായ വസ്തുക്കളും വഹിച്ച ലോഡില് ഒളിപ്പിച്ച് കടത്തിയ 35.1 ലക്ഷം ലഹരി ഗുളികകള് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തി ജനറല് ഡയറക്ടറേറ്റ് ഓഫ് നാര്കോട്ടിക്സ് കണ്ട്രോള് പിടികൂടി. മയക്കുമരുന്ന് കടത്തിന് പിന്നില് പ്രവര്ത്തിച്ച, നിയമാനുസൃത ഇഖാമകളില് രാജ്യത്ത് കഴിയുന്ന മൂന്നു തുര്ക്കി സ്വദേശികളും ഒരു സിറിയക്കാരനും വിസിറ്റ് വിസയില് എത്തിയ സിറിയക്കാരനും ഉംറ വിസയില് രാജ്യത്ത് പ്രവേശിച്ച സിറിയക്കാരനും നാലു സൗദി പൗരന്മാരും അറസ്റ്റിലായി. നിയമാനുസൃത നടപടികള് പൂര്ത്തിയാക്കി പ്രതികള്ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല് ഡയറക്ടറേറ്റ് ഓഫ് നാര്കോട്ടിക്സ് കണ്ട്രോള് വക്താവ് മേജര് മുഹമ്മദ് അല്നജീദി അറിയിച്ചു.
ജിസാന് പ്രവിശ്യയില് കരാതിര്ത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ഏതാനും ശ്രമങ്ങള് സൈന്യം പരാജയപ്പെടുത്തിയതായി അതിര്ത്തി സുരക്ഷാ സേനാ വക്താവ് കേണല് മിസ്ഫര് അല്ഖരൈനിയും അറിയിച്ചു. 17.8 ടണ് ഖാത്തും 295 കിലോ ഹഷീഷും കടത്താനുള്ള ശ്രമങ്ങളാണ് സൈന്യം വിഫലമാക്കിയത്. മയക്കുമരുന്ന് കടത്താന് ശ്രമിച്ച 19 പേരെ സൈന്യം അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില് പത്തു പേര് നുഴഞ്ഞുകയറ്റക്കാരായ യെമനികളും ഒമ്പതു പേര് സൗദി പൗരന്മാരുമാണ്. ഇവര്ക്കെതിരെ നിയമാനുസൃത നടപടികള് പൂര്ത്തിയാക്കി. മയക്കുമരുന്ന് ശേഖരങ്ങള് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും കേണല് മിസ്ഫര് അല്ഖരൈനി അറിയിച്ചു.






