Sorry, you need to enable JavaScript to visit this website.

എതിർശബ്ദങ്ങളെ ഇല്ലാതാക്കുമ്പോൾ

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ എന്നും നിലകൊള്ളുന്ന, ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാലു കൊല്ലം മുമ്പത്തെ ഒരു ട്വീറ്റിന്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോഴിതാ മലയാളി യുവ ചലച്ചിത്ര സംവിധായകൻ സന്ദീപ് രവീന്ദ്രനാഥിന്റെ ശ്രദ്ധേയമായ ഹ്രസ്വ ചിത്രം കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യു ട്യൂബിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.  2022 മെയ് 12 ന് പ്രശസ്ത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധനും പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയും ചേർന്നാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്. ഇത്തരം വിലക്കുകളും അറസ്റ്റുകളും അനുദിനം ആവർത്തിക്കുകയാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുക തന്നെയാണ് ലക്ഷ്യമെന്നതിൽ സംശയമില്ല. 

ഉറക്കെ പറയാം, മനുഷ്യാവകാശ പ്രവർത്തനം കുറ്റകൃത്യമല്ല - കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പ്രതിനിധി മേരി ലാലറാണ് ഈ വാചകം ലോകത്തോട് വിളിച്ചു പറഞ്ഞത്. മനുഷ്യാവകാശ പ്രവർത്തനം കുറ്റകൃത്യമല്ല എന്നു തന്നെ. വെറുപ്പിനും വിവേചനത്തിനും വംശഹത്യക്കും എതിരെ പ്രവർത്തിക്കുന്നത് മനുഷ്യാവകാശം ഉയർത്തിപ്പിടിക്കലാണെന്നും അവർ ഓർമിപ്പിച്ചു. ലോകം ശ്രദ്ധിച്ച മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തിൽവാദിനെയും ഗുജറാത്തിലെ മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും പ്രതി ചേർത്ത്  രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ചാണ് യു.എന്നിന്റെ ഈ പ്രതികരണം. എന്നാലതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ കേന്ദ്രസർക്കാരോ ഗുജറാത്ത് സർക്കാരോ തയാറായിട്ടില്ല. ഈ അറസ്റ്റുകൾ ഭരണഘടനയും നിയമ വ്യവസ്ഥയും ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്നത് പകൽ പോലെ വ്യക്തമാണ്.
ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ശനിയാഴ്ച ടീസ്റ്റ സെത്തൽവാദിനെ മുംബൈയിൽ അറസ്റ്റ് ചെയ്തത്. അവരെ ബലം പ്രയോഗിച്ച് വലിച്ചിഴക്കുകയായിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തരാക്കിയതിനെതിരേയുള്ള ഹരജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ഇത്. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി. ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയാണ് ഹരജി സമർപ്പിച്ചിരുന്നത്. നരേന്ദ്ര മോഡിക്കും ഗുജറാത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ സാകിയ ജാഫ്രി ഉന്നയിച്ച ആരോപണങ്ങൾ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. 
കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ ഒഴിവാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ചോദ്യം ചെയ്ത് സാകിയ ജാഫ്രി നൽകിയ ഹരജിയും കോടതി തള്ളിയിരുന്നു. സാകിയയുടെ വികാരങ്ങളെ സഹപരാതിക്കാരിയായ ടീസ്റ്റ സെത്തിൽവാദ് ചൂഷണം ചെയ്യുകയാണെന്നായിരുന്നു സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.  
ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്ക് വേണ്ടി വാദിക്കാൻ രൂപീകരിച്ച സംഘടനയായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.ജെ.പി) യുടെ സെക്രട്ടറിയാണ് ടീസ്റ്റ. ഇരകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമെന്ന പേരിൽ ടീസ്റ്റയും ഭർത്താവും സന്നദ്ധ സംഘടനകൾ മുഖേന വിദേശത്തുനിന്നടക്കം സമാഹരിച്ച വൻതുക വ്യക്തിപരമായ ആർഭാടത്തിനും സുഖസൗകര്യങ്ങൾക്കുമായി ചെലവിട്ടെന്നാരോപിച്ച് നേരത്തേയും ഇവരെ വേട്ടയാടിയിരുന്നു. ടീസ്റ്റ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടന കലാപം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിനു നൽകിയെന്നായിരുന്നു പ്രതിഭാഗത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയെ പോലുള്ളവരുടെയും നിലപാട്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ടീസ്റ്റ അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകിയെന്ന് അമിത് ഷാ ആരോപിച്ചിരുന്നു.
സുപ്രീം കോടതിയുടെ ഈ വിധി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നതിൽ സംശയമില്ല. വിധിക്കു പിന്നാലെയാണ് നീതിക്കൊപ്പം നിന്ന ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തത്. സഞ്ജയ് ഭട്ട് നേരത്തേ തന്നെ ഭരണകൂട പ്രതികാരത്തിന്റെ ഇരയായി ജയിലിലായിരുന്നു. 2002 ൽ ഗുജറാത്തിൽ നടന്നത് വംശഹത്യയാണെന്ന കാര്യത്തിൽ സത്യത്തിനൊപ്പം നിൽക്കുന്ന ആർക്കും സംശയം ഉണ്ടാകാനിടയില്ല. വിവിധ  അന്വേഷണ സമിതികളും വാർത്ത ഏജൻസികളും അതിന്റെ വിശദ ചിത്രം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. രണ്ടായിരത്തിലേറെ പേരാണ് അന്ന് കൊല ചെയ്യപ്പെട്ടത്. 
കൂടാതെ എത്രയോ സ്ത്രീകൾ  കൂട്ടബലാത്സംഗങ്ങൾക്ക് ഇരയായി. തെരുവുകളിൽ ബജ്രംഗ്ദളും സംഘപരിവാരങ്ങളും സർക്കാരിന്റെ പിന്തുണയോടെ അഴിഞ്ഞാടുകയായിരുന്നു. അവർക്കൊപ്പം നിന്ന് കൂട്ടക്കൊലകൾ നടത്തിയ പലരും പിന്നീട് തെറ്റ് ബോധ്യപ്പെട്ട് സത്യം വിളിച്ചു പറയുകയും ചെയ്തിട്ടുണ്ടല്ലോ. 
വംശഹത്യ കാലത്തെ ഭരണകൂട ഭീകരതയുടെ രഹസ്യങ്ങൾ  ശ്രീകുമാർ രചിച്ച  'ഗുജറാത്ത് ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം' എന്ന കൃതിയിൽ വിശദമാക്കുന്നുണ്ട്.  
വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദിന്റെ മറവിൽ അയ്യായിരത്തോളം പേരടങ്ങുന്ന അക്രമിസംഘം ആയുധങ്ങളും കൊലവിളികളുമായി തെരുവിലിറങ്ങിയ നരോദ്പാട്യയിൽ മാത്രം തൊണ്ണൂറ്റിയേഴു മുസ്‌ലിംകൾ കൊല ചെയ്യപ്പെട്ടു. 2002 ഫെബ്രുവരി 28 നായിരുന്നു സംഭവം നടന്നത്. 
ഗുജറാത്ത് കലാപത്തെക്കുറിച്ചു പഠിച്ച അന്താരാഷ്ട്ര പ്രതിനിധികളടങ്ങുന്ന ഫാക്റ്റ് ഫൈന്റിംഗ് ടീം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾ ലൈംഗികാതിക്രമ ഭീകരതക്ക് എങ്ങനെ ഇരയായെന്ന് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പച്ച ജീവൻ പിച്ചിച്ചീന്തുകയായിരുന്നു എന്നും  പിന്നീട് പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു എന്നും ഗർഭിണികളെ വയറു കീറി ചുട്ടു കൊന്നെന്നുമെല്ലാം അവരുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. എല്ലാവർക്കുമറിയാവുന്ന പോലെ ഗുജറാത്തിൽ അന്ന് നരേന്ദ്ര മോഡിയായിരുന്നു മുഖ്യമന്ത്രി. വംശഹത്യയുടെ തീയാളുമ്പോൾ പൊലീസ് സേന നിർവീര്യമായി മാറിനിന്നതിനു ഉത്തരവാദി മറ്റാരാണ്? 
രാജ്യം ഞെട്ടിത്തരിച്ചു നിന്ന അക്കാലത്ത് ഇരകൾക്കു വേണ്ടി സംസാരിക്കാനും പോരാടാനും വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പോലുമില്ലായിരുന്നെങ്കിൽ ഈ വംശഹത്യയുടെ പേരിൽ ആരും കോടതി പോലും കയറുമായിരുന്നില്ല. സ്വന്തം ജീവൻ തന്നെ പണയം വെച്ച് ഇരകൾക്കൊപ്പം നിന്നവരിൽ ഒന്നാം സ്ഥാനത്തായിരുന്നു ടീസ്റ്റ. ആർ.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. 
വളരെ നിർണായകമായ ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവവുമല്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ എന്നും നിലകൊള്ളുന്ന, ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാലു കൊല്ലം മുമ്പത്തെ ഒരു ട്വീറ്റിന്റെ പേരിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോഴിതാ, മലയാളി യുവ ചലച്ചിത്ര സംവിധായകൻ സന്ദീപ് രവീന്ദ്രനാഥിന്റെ ശ്രദ്ധേയമായ ഹ്രസ്വചിത്രം കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യു ട്യൂബിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.  2022 മെയ് 12 ന് പ്രശസ്ത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധനും പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയും ചേർന്നാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്. ഇത്തരം വിലക്കുകളും അറസ്റ്റുകളും അനുദിനം ആവർത്തിക്കുകയാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുക തന്നെയാണ് ലക്ഷ്യമെന്നതിൽ സംശയമില്ല. 

Latest News