Sorry, you need to enable JavaScript to visit this website.

പ്രലോഭിപ്പിക്കുന്ന മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ കൂട്ടുകെട്ടിൽ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മാറ്റമുണ്ടാവാൻ സാധ്യതയേറെയാണ്. എ.ബി. വാജ്‌പേയി മന്ത്രിസഭയിലും  ഒന്നാം മോഡി സർക്കാരിലും ശിവസേന കക്ഷിയായിരുന്നു. എൻ.സി.പിക്കും ഇതേ കക്ഷികളുമായി ചേർന്ന ചരിത്രമുണ്ട്. മഹാരാഷ്ട്രയിൽ നഗരസഭ തെരഞ്ഞെടുപ്പിന് അധികം താമസമില്ല. അതു കഴിഞ്ഞാൽ 2024 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങും. ശിവസേനയെ സംസ്ഥാന ഭരണത്തിൽ നിന്നും മുംബൈ മെട്രോപോളിറ്റൻ കൗൺസിൽ അധികാരത്തിൽ നിന്നും അകറ്റി നിർത്താനുള്ള തന്ത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. 

സിക്കിമിലെയോ മേഘാലയയിലോ എം.എൽ.എമാരെ വിലയ്ക്ക് വാങ്ങി ഭരണം പിടിക്കുന്നത് പോലെയല്ലെ ഇന്ത്യയുടെ സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ അധികാരം കൈയാളാൻ അവസരം ലഭിക്കുകയെന്നത്. അതിന് വേണ്ടി പണം വാരി വലിച്ചെറിഞ്ഞാലും മോശമാകില്ല.   ബാൽ താക്കറെയുടെ ശിവസേന ഇത്രക്ക് സാധുക്കളായി പോയല്ലോ എന്നതാണ് മനസ്സിലാകാത്തത്. അടുത്തിടെ കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിൽ തന്നെ ചില സൂചനകളുണ്ടായിരുന്നു. നിയമസഭ കക്ഷി നേതാവ് തന്നെ എം.എൽ.എമാരുമായി പറന്നകലുമെന്ന് മുൻകൂട്ടി കാണാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് സാധിച്ചില്ല. കനൽക്കട്ടയിൽ ഉറുമ്പരിച്ചത് പോലെയായി കാര്യങ്ങൾ. കോൺഗ്രസ്, എൻ.സി.പി എന്നീ  പാർട്ടികളിൽ നിന്ന് എം.എൽ.എമാരെ അടർത്തി കൊണ്ടുപോകുന്നത് വലിയ കാര്യമൊന്നുമല്ല. ഏകനാഥ്് ഷിൻഡേയുടെ ദൗത്യമെങ്ങാനും വിജയിക്കുകയാണെങ്കിൽ അപ്പോൾ കാണാം തിരിച്ചിങ്ങോട്ടുള്ള ഒഴുക്ക്. മഹാരാഷ്ട്ര ഭരണമുന്നണിയിൽ ഉദ്ദവ് താക്കറേയുമായി ഏറ്റവും അടുത്തു നിൽക്കുന്നത് എൻ.സി.പിയാണ്. കോൺഗ്രസാകട്ടെ പിണക്കമൊക്കെ ഉള്ളിലൊതുക്കി ജൂനിയർ പാർട്ണറായി തുടരുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറും ഉദ്ദവും തമ്മിൽ വളരെ നല്ല ബന്ധമാണ്. പ്രത്യേകിച്ച് അജിത് പവാർ മുഖ്യമന്ത്രിയാവാനുള്ള ശ്രമം തടഞ്ഞത് മുതൽ സൗഹൃദം കൂടുതൽ സുദൃഢമാണ്. 
ബി.ജെ.പി ദേശീയ നേതൃത്വത്തിന് ആലോചിക്കാവുന്നതിലുമപ്പുറമായിരുന്നു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ തിരിച്ചടി. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്ന് പ്രധാന മന്ത്രി മോഡി ആദ്യമേ ഉറപ്പിച്ചതായിരുന്നു. അതുകൊണ്ടു തന്നെ ഉദ്ദവ് സർക്കാരിനെ മറിച്ചിടാൻ പലവുരു ശ്രമങ്ങളുണ്ടായി. ഇപ്പോഴുമത് തുടരുന്നു. വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രിസഭയുടെ കഥ കഴിയും. അതായത് ഉദ്ദവ് സർക്കാരിന്റെ പതനം ആസന്നമാണ്. 
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമാണ് മുംബൈ മഹാനഗരം. അംബാനിയുടെയും അദാനിയുടെയും പണം ക്രയവിക്രയം ചെയ്യേണ്ട പ്രധാന സംസ്ഥാനം. പല പാർട്ടികൾക്കും കോടികളുടെ ഗുണ്ട പണം നൽകുന്ന ബോളിവുഡ് സുൽത്താന്മാരുടെ ആസ്ഥാനം. മഹാരാഷ്ട്രയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാധാന്യമേറെയാണ്. രാജ്യത്തിന് കോടികൾ വാരിത്തരുന്ന പല വ്യവസായങ്ങളും ഈ സംസ്ഥാനത്താണ്. ഇന്ത്യയുടെ ഓഹരി വിപണിയും ബോളിവുഡും പ്രധാന സംരംഭങ്ങളുമെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിൽ. ഇന്ത്യയുടെ ഭരണം ലഭിച്ചില്ലെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർക്ക് പിടിച്ചു നിൽക്കാൻ മഹാരാഷ്ട്രയിലെ അധികാരം പ്രധാനമാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യമായിരുന്നു മുന്നിൽ. ശിവസേനയുടെ ആവശ്യങ്ങൾ ബി.ജെ.പി അംഗീകരിക്കുന്നില്ലെന്ന് വന്നപ്പോഴാണ് അവർ പിണങ്ങിയത്. അങ്ങനെയാണ് ശിവസേനയെ മുന്നിൽ നിർത്തി എൻ.സി.പി -കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ആലോചന ഉയർന്നത്. മഹാ വികാസ് അഘാഡിയെന്നത് എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ മനസ്സിലുദിച്ച ആശയമായിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വം ഇതിനെ അംഗീകരിക്കുകയും ചെയ്തു. 
ശിവസേനയെന്നത് പ്രാദേശിക വാദത്തിന്റെ പാർട്ടി മാത്രമല്ല. ടെക്‌സ്റ്റൈൽ വ്യവസായ കേന്ദ്രമായ ബോംബെയിലെ ട്രേഡ് യൂനിയൻ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കാൻ മുതലാളിമാർ കാശ് കൊടുത്തു പോറ്റിയ സംഘം. അക്രമവും കൊള്ളയും നടത്തിയിരുന്ന അസഹിഷ്ണുക്കളുടെ കൂട്ടമായിരുന്നു ശിവസേന. അവർ ഒരു രാഷ്ട്രീയ കക്ഷി പോലെയായത്  ബി.ജെ.പിയുമായി കൂട്ടുകൂടിയതിനു ശേഷമാണ്. ശിവസേനയെ ദേശീയ രാഷ്ട്രീയ ഭരണ ചിത്രത്തിൽ നിർത്തിയതു ബി.ജെ.പിയാണ്. സേന തലവൻ ബാൽ താക്കറെയും ബി.ജെ.പി നേതാവ് പ്രമോദ് മഹാജനും തമ്മിലുണ്ടായിരുന്ന അഗാധമായ വ്യക്തിബന്ധമാണ് ഈ രണ്ടു പാർട്ടികളെയും ഒന്നിപ്പിച്ചു നിർത്തിയ പ്രധാന ഘടകം. 1992 ൽ ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ബി.ജെ.പി നേതാക്കൾ അറച്ചു നിന്നപ്പോൾ ഞങ്ങളുടെ കുട്ടികളാണ് അത് ചെയ്തതെന്ന് പറഞ്ഞത് ബാൽ താക്കറെയായിരുന്നു.  മലയാളിയായ പത്ര മാനേജറോടുള്ള കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്ന താക്കറെയുടെ ശത്രുതയാണ്  ശിവസേന എന്ന ലോക്കൽ കക്ഷിയുണ്ടാക്കാൻ പ്രേരിപ്പിച്ചത്.  ബി.ജെ.പിയുടെ സഖ്യകക്ഷിയായതിനു ശേഷമാണ് ശിവസേന ഹിന്ദുത്വാശയങ്ങൾ സ്വീകരിച്ചതെന്നും വ്യക്തം. 
തെക്കേ ഇന്ത്യക്കാരോടുള്ള വിദ്വേഷവും കമ്യൂണിസ്റ്റ് വിദ്വേഷവും മാത്രമായിരുന്നു തുടക്കത്തിൽ ശിവസേനയുടെ നയങ്ങൾ. അക്കാലത്ത് മഹാരാഷ്ട്രയിൽ ട്രേഡ് യൂനിയൻ രംഗത്തു ശക്തി പ്രാപിച്ചിരുന്ന ഇടതു സംഘടനകളെ ദുർബലമാക്കാനും ആ രംഗങ്ങളിൽ ശക്തമാകാനും ശിവസേനക്കു കഴിഞ്ഞു. പിന്നീടു ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയപ്പോൾ ശിവസേനയുടെ പ്രാദേശിക വാദത്തിൽ കുറെയൊക്കെ അയവ് വന്നെങ്കിലും ഇടക്കാലത്ത് ഉത്തർപ്രദേശുകാരെ ബോംബെയിൽനിന്നു പുറത്താക്കണം എന്നൊരു ആവശ്യമുയർന്നപ്പോൾ വിശ്വഹിന്ദു പരിഷത്ത് നേതാവ് വിനയ് കത്യാർ തിരിച്ചു ശിവസേനയെ നിരോധിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. എന്നാലിപ്പോൾ ശിവസേന ഒരു പുരോഗമന കക്ഷിയായി മാറിയപ്പോൾ രാജ് താക്കറെയുടെ എം.എൻ.എസ് കൂടുതൽ അപകടകാരിയാവുകയാണ് ചെയ്തത്. 
 എം.എൻ.എസുണ്ടാക്കിയ ശേഷം രാജ് താക്കറെ മുന്നോട്ടു വെച്ച ആശയങ്ങളെല്ലാം സ്വീകാര്യത ലഭിക്കാതെ വിസ്മൃതിയിലാവുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾക്കെതിരെ ബഹുജനവികാരം സൃഷ്ടിക്കാൻ ശ്രമിച്ചതും ചീറ്റിപ്പോവുകയായിരുന്നു. 
രാജ് താക്കറെയല്ല യഥാർഥ വില്ലൻ. കുട്ടിക്കുരങ്ങനെക്കൊണ്ട് ചിലർ ചുടുചോറ് മാന്തി രസിക്കുന്നുവെന്നേയുള്ളൂ. 
 ഇന്ത്യയിൽ മികച്ച മതേതര പ്രതിഛായയുള്ള മുഖ്യമന്ത്രിമാർ പശ്ചിമ ബംഗാളിലെ മമത ബാനർജിയും തമിഴ്്‌നാട്ടിലെ എം.കെ. സ്റ്റാലിനുമാണ്. എന്നാൽ നാട് കുട്ടിച്ചോറാകാതിരിക്കാൻ ജാഗ്രത പുലർത്തുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ കരുതലിനെ കാണാതിരിക്കുന്നതെങ്ങനെ? ഉത്തരേന്ത്യൻ നഗരങ്ങളിൽ അടുത്തിടെയുണ്ടായ  കലാപ വേളയിൽ കാഴ്ചക്കാരായി നോക്കി നിന്ന പോലീസുകാരെ പോലെയല്ല മുംബൈയിലെയും മറ്റും ഇപ്പോഴത്തെ പോലീസ്. എന്തിന്, ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗങ്ങൾ പോലും ആകെ മാറി. സമൂഹത്തിലെ വൈവിധ്യം നിലനിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പാർട്ടിയായി പഴയ കാലത്തെ തീവ്ര വലതുപക്ഷ പാർട്ടി മാറിയത് വരികൾക്കിടയിൽ വായിച്ചെടുക്കാം. 
സാംനയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ  ലേഖനത്തിൽ വിമത എം.എൽ.എമാരെ 'നാച്‌നിയ'  (നർത്തകി) എന്നാണ് വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ കേന്ദ്രവും കളിച്ചതായി ശിവസേന ആരോപിക്കുന്നു.  സംസ്ഥാനത്തെ 'നാച്‌നിയ' എം.എൽ.എമാർ ബി.ജെ.പിയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു. 
ഗുവാഹതിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുന്ന ഈ എം.എൽ.എമാർ  രാജ്യത്തും ലോകമെമ്പാടും സംസ്ഥാന സർക്കാരിന് അപകീർത്തി വരുത്തുന്നു. കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പിയാണ് ഈ വിമതർക്ക് പ്രേരണ.  ബി.ജെ.പിയാണ് രാഷ്ട്രീയ നാടകത്തിന്റെ  തിരക്കഥ രചിച്ചിരിക്കുന്നത്. വിമതരെ രാജ്യദ്രോഹികളെന്നാണ് ലേഖനത്തിൽ  വിശേഷിപ്പിച്ചിരിക്കുന്നത്.  വിമത  എം.എൽ.എമാരെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയതെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്. 
എം.എൽ.എമാരെ അയോഗ്യരാക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയ ആശ്വാസത്തിലാണ് വിമത എം.എൽ.എമാർ. 
ഏറ്റവും നിർണായക ദിനങ്ങളിലൊന്നായ ചൊവ്വാഴ്ച ശിവസേന ചാണക്യൻ സഞ്ജയ് റാവത്തിനോട് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിൽ ഹാജാരാകാൻ ആവശ്യപ്പെട്ടതിലൊക്കെ  ദുരൂഹതയുണ്ട്.  എന്തായാലും മഹാരാഷ്ട്രയിലെ കൂട്ടുകെട്ടിൽ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മാറ്റമുണ്ടാവാൻ സാധ്യതയേറെയാണ്. എ.ബി. വാജ്‌പേയി മന്ത്രിസഭയിലും  ഒന്നാം മോഡി സർക്കാരിലും ശിവസേന കക്ഷിയായിരുന്നു. എൻ.സി.പിക്കും ഇതേ കക്ഷികളുമായി ചേർന്ന ചരിത്രമുണ്ട്. 
മഹാരാഷ്ട്രയിൽ നഗരസഭ തെരഞ്ഞെടുപ്പിന് അധികം താമസമില്ല. അതു കഴിഞ്ഞാൽ 2024 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങും. ശിവസേനയെ സംസ്ഥാന ഭരണത്തിൽ നിന്നും മുംബൈ മെട്രോപോളിറ്റൻ കൗൺസിൽ അധികാരത്തിൽ നിന്നും അകറ്റി നിർത്താനുള്ള തന്ത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. അതിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് കഠിനാധ്വാനം ചെയ്തു വരികയാണ്.

Latest News