Sorry, you need to enable JavaScript to visit this website.

എഴുത്തിന്റേയും ട്വീറ്റിന്റേയും പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടക്കരുതെന്ന് യു.എന്‍

ന്യൂയോര്‍ക്ക്- എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടന. അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറികിന്റെ പ്രതികരണം വന്നത്. യാതൊരു ഉപദ്രവ ഭീഷണിയുമില്ലാതെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ലോകമെമ്പാടും ഏത് സ്ഥലത്തും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ ആളുകളെ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്. മാധ്യമ പ്രവര്‍ത്തകരെ സ്വതന്ത്രമായും ആരുടെയും ഭീഷണിയില്ലാതെയും അഭിപ്രായപ്രകടനത്തിന് അനുവദിക്കണമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു. സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.എസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുജാറികിന്റെ പ്രതികരണം. 

മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കപ്പെടരുത്. അത് ഈ മുറിയിലുള്‍പ്പെടെ ലോകത്തെവിടെയും ബാധകമാണ് എന്നു ദുജാറിക് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റിലും തടങ്കലിലും യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവരെ ഉടന്‍ മോചിപ്പിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. 

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2018ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൊന്നിനെ ബന്ധിപ്പിച്ചാണ് ഫാക്ട് ചെക്ക് വെബ്സൈറ്റ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ദല്‍ഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

Latest News