നൊബേല്‍ ജേത്രി മരിയ റെസ്സയുടെ റാപ്ലര്‍ അടച്ചുപൂട്ടാന്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഉത്തരവ്

മനില- വാര്‍ത്താ വെബ്സൈറ്റായ റാപ്ലര്‍ അടച്ചുപൂട്ടാന്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഉത്തരവിട്ടതായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേത്രിയും മാധ്യമ പ്രവര്‍ത്തകയുമായ മരിയ റെസ്സ വെളിപ്പെടുത്തി. റാപ്ലറിന്റെ സി.ഇ.ഒയും സഹസ്ഥാപകയുമാണ് മരിയ റെസ്സ. റാപ്ലറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫിലിപ്പൈന്‍സിലെ റോഡ്രിഗോ ഡ്യുടെര്‍ടെ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഭരണരീതിയുടെ തുടര്‍ച്ചയായാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള നീക്കം  വിലയിരുത്തപ്പെടുന്നത്. റാപ്ലര്‍ വെബ്സൈറ്റിന്റെ ഓപ്പറേറ്റിങ് ലൈസന്‍സ് എടുത്തുകളയാന്‍ ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ തീരുമാനിച്ചതായി ഹവായ്യിലെ ഹൊനലുലു നഗരത്തില്‍ നടന്ന ഈസ്റ്റ്- വെസ്റ്റ് സെന്റര്‍ ഇന്റനാഷണല്‍ മീഡിയ കോണ്‍ഫറന്‍സില്‍ മരിയ റെസ്സ വെളിപ്പെടുത്തി.

നേരത്തെ തന്നെ റാപ്ലറിന്റെ ലൈസന്‍സ് എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ശരിവെച്ചത്. 2018 ജനുവരിയിലായിരുന്നു ഫോറിന്‍ ഓണര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് റാപ്ലറിന്റെ ലൈസന്‍സ് എടുത്തുകളയാന്‍ ആദ്യമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടികള്‍ കൃത്യതയുള്ളതല്ലെന്നും തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്നും മരിയ റെസ്സ വ്യക്തമാക്കി.
 
റോഡ്രിഗോ ഡ്യുടെര്‍ടെ സര്‍ക്കാരിന്റെ അഴിമതി ഭരണത്തെക്കുറിച്ചും മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും നിരന്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന മാധ്യമമാണ് മരിയ റെസ്സയുടെ റാപ്ലര്‍. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി പ്രതികാര നടപടികളും ഇവര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. നൊബേല്‍ പുരസ്‌കാര നേട്ടത്തോടെ മരിയയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടുകയായിരുന്നു.

2021ലാണ് മരിയയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറടോവിനൊപ്പമായിരുന്നു മരിയ പുരസ്‌കാരം പങ്കുവെച്ചത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ വീടുവിട്ടു പോകേണ്ടി വരുന്ന യുക്രെയ്‌നിലെ കുട്ടികളുടെ പുനരധിവാസത്തിന് യൂണിസെഫ് പദ്ധതിക്കാണ് ദിമിത്രി മുറടോവ് ഈയ്യിടെ തന്റെ നൊബേല്‍ മെഡല്‍ ലേലം ചെയ്ത് 103.5 മില്യന്‍ ഡോളര്‍ നേടിയത്. സ്വതന്ത്ര റഷ്യന്‍ പത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപകനാണ് മുറടോവ്. പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുറടോവായിരുന്നു. എന്നാല്‍ റഷ്യ യുക്രെയ്‌നില്‍ ആക്രമണമാരംഭിച്ചതിന് പിന്നാലെ മാര്‍ച്ചില്‍ പത്രം അടച്ചുപൂട്ടുകയായിരുന്നു.
 

Latest News