Sorry, you need to enable JavaScript to visit this website.
Thursday , August   11, 2022
Thursday , August   11, 2022

മകൾക്കെതിരെ കുഴൽ നാടൻ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമ സഭയിലെ അടിയന്തര പ്രമേയ ചർച്ച പഴയ കാര്യങ്ങളും പുതിയതുമെല്ലാം ചേർന്ന് കുഴഞ്ഞു മറിയുകയായിരുന്നു.  അടിയന്തര പ്രമേയ നോട്ടീസിൽ സംസാരം തുടങ്ങിയ ഷാഫി പറമ്പിൽ മുതൽ  പ്രതിപക്ഷ നിരയിലെ ആരും മോശമായിരുന്നില്ല. കണ്ണിൽ പൊന്നീച്ച പാറുന്ന ചോദ്യങ്ങൾ കൊണ്ട് ഷാഫി  പറമ്പിലും ലീഗിലെ എൻ.ഷംസുദ്ദീനുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കീറിമുറിക്കുമ്പോൾ ഭരണപക്ഷം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ വാക് ശരങ്ങൾക്ക്  ശമനമുണ്ടായില്ല. സത്യം കേൾക്കുമ്പോൾ നിങ്ങൾക്കെന്തിനാണ് നിയമ വിരുദ്ധമായ വെപ്രാളം എന്ന് ഷാഫിയുടെ ചോദ്യം. ഷാഫിയെ പ്രതിരോധിക്കാൻ , മന്ത്രി പി. രാജീവിന് പിന്നാലെ , സി.പി.ഐ മന്ത്രി കെ.രാജനും  ആവേശപൂർവം  ഉപക്ഷേപവുമായി രംഗത്തെത്തിയത് ശ്രദ്ധിക്കപ്പെട്ടു. ചർച്ചയിലുടനീളം സി.പി.ഐ അംഗങ്ങളും  മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കട്ടക്ക് നിന്നു. അടിയന്തരാവസ്ഥ കാലത്ത് പിണറായി വിജയൻ അനുഭവിച്ച ജയിൽ പീഡനം സി.പി.ഐയിലെ പി.എസ് സുപാൽ വിവരിച്ചപ്പോൾ അന്ന് ഇത് പറയുന്നയാളുടെ പാർട്ടി എവിടെയായിരുന്നു എന്നാരും ചോദിച്ചില്ല. അല്ലെങ്കിലും പൂർവികരായ പാർട്ടിക്കാർ ചെയ്ത തെറ്റും, ശരിയും  ഓർത്തിരുന്നാൽ ഇക്കാലത്ത് നിയമ സഭയിലെത്താനാവുമോ ? ധനാഭ്യർഥന ചർച്ചയിലായിരുന്നു സുപാലിന്റെ , സ്വാഭാവികമായ സി.പി.ഐ-സി.പി.എം വകഭേദം മറന്നുള്ള ഇടതുപക്ഷം ഹൃദയപക്ഷം ചേരൽ. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിച്ച മറ്റൊരു സി.പി.ഐ അംഗം പി.ബാലചന്ദ്രനും പിണറായിക്കുവേണ്ടി വാക്കുകൾ കൊണ്ട് കോട്ട കെട്ടി. പഴ മുറം കൊണ്ട് സൂര്യനെ മറക്കുന്ന വിഡ്ഢികളായാണ് മുഖ്യമന്ത്രിക്കെതിരെ  നീങ്ങുന്നവരെ ബാല ചന്ദ്രൻ കാണുന്നത്.  കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിയിൽ പ്രതിഭാധനനായ വികസന നായകനെകണ്ടു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വെച്ചാണ് ഭരണ കക്ഷിയെ നേരിട്ടത്. അവിടെ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് എല്ലാ മന്ത്രിമാരും ചേർന്ന് സമർപ്പിച്ചിരുന്നു. ജനം അത് തള്ളിക്കളഞ്ഞു. ഏതായാലും പാർലമെന്റിൽ കിട്ടിയ ഭൂരിപക്ഷം കിട്ടിയില്ലല്ലോ എന്ന് പി.ടി.എ റഹീമിന്റെ ആശ്വാസം.  കെ.കെ. ശൈലജ പറയുന്നത് അവിടെ മുസ്‌ലിം മത മൗലികവാദികളും ചേർന്നാണ് യു.ഡി.എഫിനെ ജയിപ്പിച്ചതെന്നാണ്. 
സ്വർണക്കടത്ത് അന്വേഷണം സി.ബി.ഐക്ക് വിടാൻ ധൈര്യമുണ്ടോയെന്ന വി.ഡി സതീശന്റെ ചോദ്യമാണ് അടിയന്തര പ്രമേയ ചർച്ചയുടെ അവസാനം ഉറക്കെ മുഴങ്ങി കേട്ടത്. 
ഒരു മണിക്കൂറോളം മുഖ്യ മന്ത്രി സംസാരിച്ചിട്ടും  ആരോപണങ്ങൾക്ക് മറുപടി പറഞ്ഞതായി പ്രതിപക്ഷ നേതാവിന് തോന്നിയില്ല. അതു കൊണ്ടാണ് ചോദിക്കുന്നത്  ആരോപണങ്ങൾ സി.ബി.ഐക്ക് വിടാൻ ഒരുക്കമാണോ ? എന്ന് സി.പി.എമ്മും ബി.ജെപിയും ചെല്ലും ചെലവും കൊടുത്തു വളർത്തിയവർ പറയുന്ന വാക്കുകൾക്ക് കോൺഗ്രസിനെതിരേ തിരിയുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.  യു.ഡി.എഫ് ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. 
സ്വർണക്കടത്തുകേസിൽ പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. സംഘപരിവാർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നവരുടെ വാക്കുകൾക്ക് സഭാതലത്തിൽ മുഴക്കം നൽകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
പത്താമത്തെ അവതാരമായി പരിചയപ്പെടുത്തിയ ഷാജ് കിരൺ ഏത് പാർട്ടിക്കാരനാണെന്ന കാര്യവും ചർച്ചയായി. കോൺഗ്രസാണെന്ന് മുഖ്യമന്ത്രിയും , വി.ജോയ് അടക്കമുള്ളവരും. അതല്ല കറകളഞ്ഞ സി.പി.എമ്മെന്ന് എൻ.ഷംസുദ്ദീന്റെ സാക്ഷ്യം. തെളിവ് പിണറായി വിജയനെ ക്യാപ്ടനായി അംഗീകരിച്ചുള്ള ഈ ആളുടെ  ഫെയ്‌സ് ബുക്ക് പോസ്റ്റ്. 
സി.പി.എമ്മിലെ എ.എൻ ഷംസീർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ ഇസ്‌ലാമോ ഫോബിയയാണ് കണ്ടത്.  ഈത്തപ്പഴം, ബിരിയാണി ചെമ്പ് ഇതൊക്കെ ആ വകുപ്പിലാണ്.  ഇത് ആസൂത്രിതമാണെന്ന് ഷംസീറിന് ഉറപ്പ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രചാരകന്മാരായി യു.ഡി.എഫ് മാറുകയാണ്. മത ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക നേതാവ് പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണെന്ന പി.ടി കുഞ്ഞുമുഹമ്മദിന്റെ തിയറിയാണ് ഷംസീറിനും.  രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കെട്ടി പൊക്കിയ കളളക്കഥയാണിതെന്ന കാര്യവും ഷംസീറിന് ഉറുപ്പ്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാൻ പാടുണ്ടോ? സഹിഷ്ണുത എന്താണെന്ന് സതീശൻ ഉമ്മൻചാണ്ടിയെ കണ്ട് പഠിക്കണം എന്നാണ് ഷംസീറിന്റെ ഉപദേശം.  പ്രതിപക്ഷത്തെ രക്ഷിക്കാൻ വന്ന വി.ഡി സതീശൻ പവനായിയെപ്പോലെ ശവമായിയെന്നും ഷംസീറിന് ഉറപ്പ്. സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളെല്ലാം  ആവിയായി പോയെന്നാണ്  കെ .ടി ജലീൽ ഉറച്ചു വിശ്വസിക്കുന്നത്.   ആരുടെയെങ്കിലും രോമത്തിൽ തൊടാൻ ഇഡിക്ക് കഴിഞ്ഞോയെന്ന് കെ.ടി ജലീൽ ധൈര്യം പറഞ്ഞു. 

“തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ചിലർ ശ്രമിച്ചിട്ടുണ്ട്.  മാത്യു കുഴൽനാടന്റെ വിചാരം എങ്ങനേയും തട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. 
മകളെ പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങി പോകുമെന്നാണോ നിങ്ങൾ വിചാരിച്ചത്. പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകൾ ഒരിക്കലും കാണില്ല...”

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ പേര് സഭയിലുയർത്തിയത് മാത്യു കുഴൽനാടനായിരുന്നു. വീണാ വിജയന്റെ മെന്ററാണ് സ്വപ്നയ്ക്ക് ജോലി നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലഗോപാൽ എന്നു വീണ  പറഞ്ഞ കാര്യം പിന്നീട് അവരുടെ കമ്പനി വെബ്സൈറ്റിൽനിന്ന് ഇല്ലാതായെന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.    മകളെ കുറിച്ചുള്ള ഈ ആരോപണത്തിനാണ് ക്ഷുഭിതനായി മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയത്? പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയാണ് അവർക്ക് ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ സെക്രട്ടറിയേറ്റിൽ ജോലി നൽകിയത്. ഇനി മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറയാം. അവരെ കുറിച്ചെനിക്ക് ബഹുമാനമാണ്. അവരൊരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ്. ആ കമ്പനിയുടെ പേരാണ് എക്സാ ലോജിക്. ആ കമ്പനിയുടെ വെബ്സൈറ്റിൽ ചില കാര്യങ്ങൾ അവർ പറഞ്ഞിരുന്നു.

എന്റെ മെന്ററെ പോലെ ഞാൻ കാണുന്നയാളാണ് ജെയ്ക് ബാലഗോപാൽ എന്നാണ് വീണ അന്ന് പറഞ്ഞത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്നു ജെയ്ക്. ഇതിന് തൊട്ടുപിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. പിന്നീട് വെബ്സൈറ്റ് അപ് ആയപ്പോൾ ജെയ്കിനെ കുറിച്ച് പറഞ്ഞ കാര്യം അതിലില്ലായിരുന്നു. എന്താണ് അവിടെ മറച്ചത്.  സുപ്രീം കോടതി അഭിഭാഷകന്റെ ഭാഷയിൽ കോൺഗ്രസ് അംഗത്തിന്റെ ചോദ്യം.
 സഭയിലെ നടപടികളുടെ ദൃശ്യങ്ങൾ പ്രതിപക്ഷ അംഗങ്ങളിൽ ചിലർ മൊബൈൽ ഫോണിലൂടെ പകർത്തിയത് അതീവ ഗൗരവമുള്ള നടപടിയാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. സഭയിലെ ദൃശ്യങ്ങൾ സാമാജികർ പകർത്തി നൽകുന്നത് സഭയോടുള്ള അവഹേളനമാണ്. മീഡിയ ഗ്യാലറിയിലിരുന്നു മാധ്യമപ്രവർത്തകരും വിഡീയോ ചിത്രീകരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടത് അപലപനീയമാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനം ഉണ്ടായാൽ അവകാശലംഘനത്തിനു നടപടിയെടുക്കുമെന്ന് സ്പീക്കർ എം.ബി രാജേഷിന്റെ മുന്നറിയിപ്പ് . 
 സമീപകാലത്ത് നിയമസഭാ പരിസരത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ( അനിത പുല്ലയിലിന്റെ പ്രവേശം) സഭാ മന്ദിരത്തിൽ പ്രവേശിക്കുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവരുടേയും പാസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന കർശന നിലപാട് സ്വീകരിച്ചത്. 

Latest News