ജോര്‍ദാന്‍ വിഷവാതക ദുരന്തം: അനുശോചനം അറിയിച്ച് സൗദി അറേബ്യ

റിയാദ് - ജോര്‍ദാനിലെ അഖബ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ അനുശോചനം പ്രകടിപ്പിച്ച് സൗദി വിദേശ മന്ത്രാലയം. തിങ്കളാഴ്ചയുണ്ടായ ദുരന്തത്തില്‍ വിവിധ രാജ്യക്കാരായ 12 പേര്‍ മരണപ്പെടുകയും 251 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തില്‍ ദുഃഖവും വേദനയും പങ്കുവെക്കുന്നതായും ജോര്‍ദാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ജോര്‍ദാനൊപ്പം നിലയുറപ്പിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ദുരന്തത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫും അനുശോചനം പ്രകടിപ്പിച്ചു. ജോര്‍ദാന്‍ ഗവണ്‍മെന്റിനും ജനതക്കുമൊപ്പം ജി.സി.സി നിലയുറപ്പിക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. വിഷവാതക ദുരന്തത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം ത്വാഹയും അനുശോചനം അറിയിച്ചു.
ദുരന്ത വിവരം പുറത്തുവന്നയുടന്‍ എമര്‍ജന്‍സി കേസുകള്‍ സ്വീകരിക്കാന്‍ ഉത്തര സൗദിയിലെ ഹഖ്‌ലിലും അല്‍ദുറ അതിര്‍ത്തി പോസ്റ്റിലും സുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ദുരന്തമുണ്ടായ ജോര്‍ദാനിലെ അഖബക്കു സമീപമുള്ള സൗദിയിലെ ഹഖ്‌ലില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest News