തൊഴിലാളികളെ കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 17 മരണം

ഖണ്ഡല- നിര്‍മ്മാണ തൊഴിലാളികളെ കയറ്റി കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നും പുനെയിലേക്ക് വരികയായിരുന്ന ട്രക്ക് പടിഞ്ഞാറന്‍ മഹാരാഷട്രയിലെ സതാര ജില്ലയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 17 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.  ട്രക്കില്‍ നിറയെ തൊഴിലാളികളും അവരുടെ കുടുംബവുമായിരുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. പൂനെക്കടുത്ത ശിര്‍വാളില്‍ ഒരു നിര്‍മ്മാണ പദ്ധതിക്കായി കൊണ്ടുവന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 17 പേരും അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന നിര്‍മ്മാണായുധങ്ങളാണ് അപകടത്തിന്റെ വ്യാപ്തികൂട്ടിയതെന്ന് കരുതപ്പെടുന്നു. ട്രക്ക് മറിഞ്ഞപ്പോള്‍ ആയുധങ്ങളും മറ്റു തൊഴിലാളികളുടെ മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. മരിച്ചവര്‍ക്കെല്ലാം തലയില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

മുംബൈ-ബംഗളൂരു ഹൈവേയിലേക്ക് തിരിയുന്നതിനിടെ റോഡിലെ ബാരിക്കേഡിലിടിച്ചാണ് ട്രക്ക് റോഡില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് സതാര ജില്ലാ പോലീസ് മേധാവി സന്ദീപ് പാട്ടില്‍ പറഞ്ഞു. അമിത വേഗത അപകടത്തിനു കാരണമായെന്നാണ് പ്രാഥമിക നിഗമനം. എസ് ആകൃതിയിലുള്ള ഈ റോഡില്‍ അപകടങ്ങള്‍ പതിവാണെന്നും പോലീസ് പറഞ്ഞു. അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് റോഡു നിര്‍മ്മാണതതിലെ അപാകതയ്ക്ക് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ സതാര പോലീസ് കേസെടുത്തിരുന്നു. 

Latest News