Sorry, you need to enable JavaScript to visit this website.

ടീസ്റ്റയും ശ്രീകുമാറും പിന്നെ മോഡിയുടെ പരിശുദ്ധിയും

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അധ്യായമാണ് ജനാധിപത്യത്തെ തടങ്കലിലാക്കിക്കൊണ്ട് നടപ്പാക്കിയ അടിയന്തരാവസ്ഥ. ഒരു ജനതയുടെ അവകാശങ്ങളെ ഒന്നാകെ നിശ്ചലമാക്കിയ അടിയന്തരാവസ്ഥയുടെ ഇക്കഴിഞ്ഞ ഓർമ ദിനത്തിലാണ് ഗുജറാത്ത് കലാപത്തിൽ നീതിക്കു വേണ്ടി നിലകൊണ്ട ടീസ്റ്റ സെത്തിൽവാദിനെയും മുൻ ഗുജറാത്ത് ഡി.ജി.പി മലയാളി കൂടിയായ ആർ.ബി. ശ്രീകുമാറിനെയും മോഡദി ഭരണകൂടം തടവിലാക്കിയത്. കുറ്റം ഒന്നു മാത്രം, ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്ക് വേണ്ടി അവസാനം വരെ പോരാടി. 
രാജ്യത്ത് ഇപ്പോൾ അടിയന്തരാവസ്ഥ നിലവിലില്ല. എന്നാൽ അടിയന്താരാവസ്ഥക്കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള വേട്ടകളാണ് രാജ്യത്ത് മോഡി ഭരണകൂടത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ടീസ്റ്റ യും ശ്രീകുമാറും. ഭരണകൂടം ആസൂത്രണം ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ സംസാരിക്കാൻ പോലും ആരും തയാറാകരുതെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാർ ഇരുവരുടെയും അറസ്റ്റിലൂടെ ഈ രാജ്യത്തെ ജനങ്ങളോട് വിളിച്ചു പറയുന്നത്. അടിയന്തരാവസ്ഥയിലെ ക്രൂരതയുടെ ഓർമ ദിനമായ ജൂൺ 25 ന് തന്നെ ടീസ്റ്റയെയും ശ്രീകുമാറിനെയും അഴികൾക്കുള്ളിലേക്ക് പറഞ്ഞയച്ചതിന് പിന്നിൽ എന്ത് ലക്ഷ്യമാണുള്ളത് എന്നതിനെക്കുറിച്ച് മറുപടി പറയേണ്ടത് മോഡിയും അമിത് ഷായുമാണ്. തടവുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. 
എന്താണ് ടീസ്റ്റയും ശ്രീകുമാറും ചെയ്ത തെറ്റ്. 2002 ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ വളരെ ആസൂത്രിതമായി നടപ്പാക്കിയതാണെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഗുജറാത്ത് സർക്കാരിന് ഇതിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഒപ്പം വംശഹത്യയിലെ ഇരകൾക്ക് വേണ്ടി അവസാനം വരെ പോരാടുകയും ചെയ്തു. ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറച്ച് വിശ്വസിക്കുകയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയുമാണ് ഇവർ ചെയ്തത്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളിൽ നിന്ന് നിരവധി പീഡനങ്ങൾ കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി ഇവർക്ക് എൽക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഒരു ഭാഗം തന്നെയാണ് ഇപ്പോൾ നേരിടേണ്ടി വന്ന ജയിൽവാസവും.
രാജ്യത്തെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിൽ ആപൽക്കരമായ വിധത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതിന്റെ പച്ചയായ ഒരു ഉദാഹരണം കൂടിയാണ് ടീസ്റ്റക്കും ശ്രീകുമാറിനുമെതിരെയുള്ള ഇപ്പോഴത്തെ നടപടികൾ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അമിത് ഷായുടെ പോലീസുകാർ ഇരുവരെയും ജയിലിലടച്ചത്. വംശഹത്യക്കെതിരെ നിൽക്കുകയും അതിന് ഇരയായവർക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത ടീസ്റ്റയെയും ശ്രീകുമാറിനെയും പൂട്ടുന്നതിനുള്ള മാർഗങ്ങൾ വിധിന്യായത്തിലൂടെ സുപ്രീം കോടതി തന്നെ തുറന്നിട്ടിരുന്നു. ഇവിടെയാണ് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിൽ ഏത് വിധത്തിൽ പൊരുത്തപ്പെടുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വരുന്നത്. 
അസംതൃപ്തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഗൂഢലക്ഷ്യത്തോടെ നിയമപ്രക്രിയയെ ദുരുപയോഗപ്പെടുത്തിയെന്നും അവരെ വിചാരണ ചെയ്യുകയും നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി വിധിയിലുണ്ട്. അതായത് വംശഹത്യയുടെ ഇരകൾക്കെതിരെ ഭരണകൂടം നീതിയുടെ വാതിലുകൾ കൊട്ടിയടക്കാൻ നിരന്തര ശ്രമങ്ങൾ നടത്തിയപ്പോൾ അതിനെ ചെറുത്തുകൊണ്ട് നീതി തേടി മുന്നോട്ട് പോകാൻ അവർക്ക് ധൈര്യം പകർന്നവരെ വേട്ടയാടാനുള്ള സൗകര്യം ഭരണകൂടത്തിന് ഒരുക്കിക്കൊടുക്കുകയാണ് ഈ വിധിയിലൂടെ ചെയ്തിട്ടുള്ളത്. 
ഗുജറാത്ത് കലാപത്തിന്റെ ഭാഗമായുള്ള വംശഹത്യയെപ്പറ്റി നടന്ന നിഷ്പക്ഷമായ അന്വേഷണങ്ങൾ പലതും അന്നത്തെ ഗുജറാത്ത് സർക്കാരിനെയും ഭരണത്തിന് നേതൃത്വം നൽകിയ നരേന്ദ്ര മോഡിയെയും  പ്രതിക്കൂട്ടിലാക്കുന്നതാണ്. കലാപത്തിന് വേണ്ടിയുള്ള ആസൂത്രണങ്ങളിൽ ഭരണകൂടത്തിനുള്ള പങ്ക് പല രീതികളിൽ പുറത്ത് വന്നിട്ടും അതിനെതിരെ നിയമ –പോരാട്ടങ്ങൾ നടത്തുന്നവരെ കുറ്റപ്പെടുത്തുകയാണ് സുപ്രീം കോടതി ചെയ്തത്. വിധിയിൽ കോടതി പറഞ്ഞ പല കാര്യങ്ങളും ഇത്തരം കലാപങ്ങളിൽ ഇരകൾക്ക് വേണ്ടി വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതോ അല്ലെങ്കിൽ അവരെ നിശ്ശബ്ദരാക്കുന്നതോ ആണ്.
നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ പറഞ്ഞ വാചകങ്ങളെ പ്രതികാരത്തിനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്. കോടതി വിധിയെപ്പറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മാധ്യമത്തിന്  അഭിമുഖം നൽകിയ ഉടൻ തന്നെ ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ് നടന്നുവെന്നത് എത്രത്തോളം ആസൂത്രണം ഈ അറസ്റ്റിന് പിന്നിൽ പോലും നടന്നുവെന്നത് വ്യക്തമാക്കുന്നു.
ഗുജറാത്ത് വംശഹത്യയിൽ അക്രമികൾ ചുട്ടുകൊന്ന പാർലമെന്റ് അംഗമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയാണ് നീതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതി നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ് നൽകിയത്. സാകിയയുടെ പോരാട്ടങ്ങൾക്ക് എക്കാലവും കൂടെ നിന്നതും കേസിനു വേണ്ടിയുള്ള തെളിവുകൾ ശേഖരിച്ചതും ടീസ്റ്റയും അവർ സ്ഥാപിച്ച സിറ്റിസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയുമാണ്. ഗുജറാത്ത് വംശഹത്യയിൽ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് ഉപയോഗിക്കപ്പെട്ടതെന്ന് പുറത്ത് കൊണ്ടുവന്നത് ആർ.ബി. ശ്രീകുമാറാണ്. കലാപത്തിന് ശേഷം എല്ലാം ശാന്തമായെന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയപ്പോൾ അങ്ങനെയല്ല കാര്യങ്ങളെന്നും ഗുജറാത്തിലെ 154 ജില്ലകളെ കലാപം ബാധിച്ചെന്നും അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ ശ്രീകുമാർ അന്ന് മുതൽ മോഡിയുടെ കണ്ണിലെ കരടായിരുന്നു. 
സ്വതന്ത്രമായ തെളിവുകൾ ഏറെയുണ്ടായിട്ടും നരേന്ദ്ര മോഡി കുറ്റവിമുക്തനാക്കപ്പെടുകയും അദ്ദേഹത്തിനെതിരെ കോടതിയിൽ പോരാടിയവർ കുറ്റക്കാരായി മാറുകയും ചെയ്യുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് പരമോന്നത കോടതിയുടെ വിശ്വാസ്യതയാണ്. മാത്രമല്ല, മനുഷ്യാവകാശ ലംഘനത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന നിരവധി പോരാട്ടങ്ങളെ നിർവീര്യമാക്കുന്ന നടപടി കൂടിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. വംശഹത്യക്കെതിരെ നിയമ പോരാട്ടത്തിനിറങ്ങിയവർ നിയമ നടപടി നേരിടണമെന്ന് സുപ്രീം കോടതി അതിന്റെ വിധിയിൽ തന്നെ വ്യക്തമാക്കുമ്പോൾ നിശ്ശബ്ദമായിപ്പോകുന്നത് ഇരകൾക്ക് വേണ്ടി കാലങ്ങളായി മുഴങ്ങിക്കൊണ്ടിരുന്ന ശബ്ദങ്ങളാണ്. 
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ മാത്രമല്ല, മനുഷ്യാവകാശ ലംഘനങ്ങൾക്കും ഭരണകൂട ഭീകരതക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ പോലും ഈ വിധി പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇരകൾക്ക് വേണ്ടി സംസാരിക്കാൻ ആരും മുന്നോട്ട് വരാത്ത സ്ഥിതിയുണ്ടാകും. ടീസ്റ്റയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.എൻ മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയ വസ്തുതകൾ ഇവിടെ ഏറെ പ്രസക്തമാണ്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നാണ് യു.എൻ മനുഷ്യാവകാശ കമ്മീഷൻ അവരുടെ പ്രതികരണത്തിൽ പറഞ്ഞിട്ടുള്ളത്. 
ഗുജറാത്ത് വംശഹത്യയിലെ സുപ്രീം കോടതി വിധിയോടെ വേട്ടക്കാർ പൂർണമായും സുരക്ഷിതരായിക്കഴിഞ്ഞു. ഇനിയുള്ളത് ഇരകൾക്കെതിരെയുള്ള അവരുടെ പ്രതികാര നടപടികളാണ്. അതിനുള്ള അവസരങ്ങൾ കോടതി വിധിയിൽ തന്നെ ഉള്ളപ്പോൾ ഭരണകൂടം ഇരകൾക്കെതിരെ ഏതറ്റം വരെയും മുന്നോട്ട് പോകും. രാജ്യത്തെ വർത്തമാന രാഷ്ട്രീയ കാലാവസ്ഥയിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് പരമോന്നത നീതിപീഠം പരിശുദ്ധനായി പ്രഖ്യാപിച്ചിരിക്കുന്നത്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അവരുടെ അജണ്ട നടപ്പാക്കാൻ കിട്ടിയ ഒരു ഓപൺ ലൈസൻസാണിതെന്ന കാര്യം മറന്നുകൂടാ. ഇതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം അനുഭവിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്

Latest News