Sorry, you need to enable JavaScript to visit this website.

അസഹിഷ്ണുതയുടെ രാഷ്ട്രീയം

രാഹുൽ ഗാന്ധിയും അഡ്വ. കെ.എൻ.എ. ഖാദറും തമ്മിൽ എന്താണ് ബന്ധം? ഇരുവരും പൊതുപ്രവർത്തകരാണെന്ന് ഒറ്റവാക്കിൽ പറയാം. കഴിഞ്ഞ നാളുകളിലെ മലബാർ രാഷ്ട്രീയം ഇവരെ രണ്ടു പേരെയും ഒരുപോലെ ഇരകളാക്കി മാറ്റിയെന്നും പറയേണ്ടി വരും. രാഹുലും ഖാദറും രാഷ്ട്രീയ അസഹിഷ്ണുതയുടെ ഇരകളായി മാറിയ നാളുകളാണ് കടന്നു പോയത്. രാഹുലിനെതിരെ തിരിഞ്ഞത് എതിർപാർട്ടിക്കാരാണെങ്കിൽ ഖാദറിനെതിരെ ഉയർന്നത് സ്വന്തം പാർട്ടിക്കാരുടെ ശബ്ദങ്ങളാണ്.
ബഫർ സോൺ പ്രശ്്‌നം കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്ന വിഷയമാണെന്നതിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്കും തർക്കമില്ല. ഇതു സംബന്ധിച്ച് മലയോര ജില്ലകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രാദേശികമായി പ്രതിഷേധ പരിപാടികൾ നടന്നു വരുന്നുമുണ്ട്. ഇതിനിടെയാണ് രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെ അപ്രതീക്ഷിതമായി എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ബഫർസോൺ വിഷയത്തിൽ കൽപറ്റയിൽ മാർച്ച് നടത്തിയ എസ്.എഫ്.ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്്‌നത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു അക്രമം.ഏതാനും പോലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരെയൊന്നും ഗൗനിക്കാതെ പ്രവർത്തകർ എം.പിയുടെ ഓഫീസിനകത്ത് കയറി നാശനഷ്ടങ്ങൾ വരുത്തുകയും ഓഫീസിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു.ഈ പ്രശ്്‌നം പിന്നീട് കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള കടുത്ത വാഗ്വാദങ്ങൾക്കും ഇടയാക്കി.
എസ്.എഫ്.ഐയുടെ അക്രമത്തെ ന്യായീകരിക്കാൻ ഒരു ജനാധിപത്യ സമൂഹത്തിനും കഴിയില്ല.വിവിധ വിഷയങ്ങളിൽ ജനപ്രതിനിധികൾ ഇടപെടുന്നത് വിവിധ രീതിയിലാണ്.രാഹുൽ ഗാന്ധി ദേശീയ നേതാവെന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളിൽ എപ്പോഴും ഇടപെടാനാവില്ലെന്നത് സാമാന്യമായി ചിന്തിക്കുന്നവർക്കറിയാം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മൽസരിച്ചതും വിജയിച്ചതും.അദ്ദേഹത്തിന്റെ വിജയത്തിന് സി.പി.എമ്മിന്റെ പോലും പിന്തുണയുണ്ടായിരുന്നുവെന്നത് രാഷ്ട്രീയ പിന്നാമ്പുറങ്ങളിലെ സംസാരവുമാണ്.വയനാട് മണ്ഡലത്തിലെ പ്രശ്്‌നങ്ങളിൽ ഇടപെടുന്നതിന് രാഹുൽ ഗാന്ധി സുസജ്ജമായി ഒരു ഓഫീസാണ് കൽപറ്റയിൽ പ്രവർത്തിപ്പിക്കുന്നത്.ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം.പി എന്ന നിലയിൽ കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ജനപ്രതിനിധികൾ അവരുടെ രാഷ്ട്രീയ, ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് മണ്ഡലത്തിൽ ഇടപെടുന്നതിന് ഏറ്റക്കുറച്ചിലുകളുണ്ടാകാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആഫ്രിക്കയിലേക്ക് പോയ നിലമ്പൂരിലെ ഇടതുപക്ഷ എം.എൽ.എ ആയ പി.വി.അൻവറും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കുന്നത് സുസജ്ജമായ ഓഫീസിലൂടെയും അതിലെ ജീവനക്കാരിലൂടെയുമാണ്.അൻവർ മണ്ഡലത്തിൽ വരുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടിക്കാർ അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകർത്തിട്ടില്ല.അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസുകാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെന്നതാണ് യു.ഡി.എഫ് നടത്തിയ ഏക പ്രതിഷേധം.ആ പ്രതിഷേധ രീതിയും സമൂഹത്തിൽ ചർച്ചയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതൃത്വം മനസ്സിലാക്കണം.അക്രമത്തിന്റെ പാതയിലേക്ക് പ്രതിഷേധങ്ങളെ വളർത്തുന്നത് സംഘടനക്കുള്ളിൽ അസഹിഷ്ണുത വർധിക്കുന്നുവെന്നതിന് തെളിവാണ്.
എസ്.എഫ്.ഐ നടത്തിയ ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും എടുത്ത നിലപാട് പ്രശംസനീയവും ജനാധിപത്യ മര്യാദ നിറഞ്ഞതുമാണ്. അക്രമത്തെ അന്നു തന്നെ അപലപിച്ച മുഖ്യമന്ത്രി, പോലീസിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പോലീസിനെതിരെ നടപടിക്കും ഉത്തരവിട്ടു.കൽപറ്റ ഡിവൈ.എസ്.പിയെ അന്നു തന്നെ സസ്‌പെന്റ് ചെയ്ത് ഉത്തരവിട്ട മുഖ്യമന്ത്രി, ഈ സർക്കാർ അക്രമത്തിനൊപ്പമല്ലെന്ന സന്ദേശം നൽകിക്കഴിഞ്ഞു.ആ ജനാധിപത്യ മര്യാദയെ പ്രതിപക്ഷം മാനിക്കേണ്ടതുണ്ട്.വയനാട് അക്രമം എസ്.എഫ്.ഐ എന്ന സംഘടനയുടെ ചരിത്രത്തിൽ കറുത്ത പാടായി എല്ലാ കാലവും നിലനിൽക്കുമെന്നത് സമൂഹത്തിൽ അവർക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യവുമാണ്.
വയനാട്ടിൽ രാഹുലാണ് ഇരയെങ്കിലും മലപ്പുറത്ത് കെ.എൻ.എ. ഖാദറാണ്. അതും സ്വന്തം പാർട്ടിക്കാരിൽ നിന്നാണ് വിമർശനം.കോഴിക്കോട്ട് നടന്ന കേസരി സ്മാകര ട്രസ്റ്റിന്റെ ചടങ്ങിൽ അതിഥിയായെത്തി പ്രസംഗിച്ച മുസ്്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ. ഖാദറിനെ മുസ്‌ലിം ലീഗിന്റേതടക്കമുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിശിതമായി വിമർശിച്ചു കൊണ്ടാണ് പാർട്ടി പ്രവർത്തകർ പോസ്റ്റുകളിട്ടത്.ആർ.എസ്.എസിന്റെ സാംസ്‌കാരിക ഘടകങ്ങളിലൊന്നായ കേസരി ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുത്ത ഖാദർ സംഘ്പരിവാറിന് കുഴലൂതുന്നുവെന്നതാണ് പ്രധാന വിമർശനം. ലീഗിനെതിരെ എതിരാളികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന 'നാരങ്ങാവെള്ളം' ആരോപണം ഉയർത്തിക്കാട്ടി ഖാദറിനെ പ്രതികൂട്ടിലാക്കാൻ ഏതാനും നാളുകൾ സി.പി.എം പ്രവർത്തകർക്കൊപ്പം മുസ്‌ലിം ലീഗ് പ്രവർത്തകർക്കും കഴിഞ്ഞു.തന്റെ നിലപാട് ശരിയായിരുന്നെന്ന് സ്ഥാപിക്കാൻ ഖാദർ ശ്രമിച്ചെങ്കിലും പാർട്ടിക്ക്് അദ്ദേഹത്തെ താക്കീത് ചെയ്യേണ്ടി വന്നു.മുമ്പ് സി.പി.ഐയിലായിരുന്നു കെ.എൻ.എ. ഖാദർ ഇപ്പോൾ ബി.ജെ.പിയിലേക്ക് അടുക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നതോടെ പാർട്ടി നേതൃത്വത്തിന് കാത്തിരിക്കാൻ കഴിഞ്ഞില്ല.ഖാദറിൽ നിന്ന് വിശദീകരണം തേടിയ ശേഷം ഇലക്കും മുള്ളിനും കേടില്ലാതെ ലീഗ് ഈ പ്രശ്്‌നം അവസാനിപ്പിച്ചു. അവസരം മുതലെടുത്ത് ഖാദറിന് പിന്തുണയുമായി എത്തിയ ബി.ജെ.പി നേതാക്കളും പിൻവലിഞ്ഞു.
ഇതര പാർട്ടികൾക്കും പൊതുസംഘടനകൾക്കും സമ്മതനായ മുസ്‌ലിം ലീഗിലെ അപൂർവം നേതാക്കളിലൊരാളാണ് കെ.എൻ.എ. ഖാദർ.പഴയ കമ്യൂണിസ്റ്റ് പാഠങ്ങൾ മനസ്സിലുള്ളതുകൊണ്ട് ജനാധിപത്യം, മതേതരത്വം എന്നിവയെ കുറിച്ച് മനുഷ്യ പക്ഷത്തു നിന്ന് കൃത്യതയോടെ പ്രസംഗിക്കാൻ കഴിയുന്ന വാഗ്മിയാണ് അദ്ദേഹം.ഇടതു സംഘടനകളടക്കമുള്ളവർ അവരുടെ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന നേതാവുമാണ് അദ്ദേഹം. സംഘപരിവാറും അങ്ങനെ ആഗ്രഹിച്ചെങ്കിൽ അവരെ കുറ്റം പറയാനാകില്ല.എന്നാൽ ക്ഷണിക്കപ്പെടുന്നത് അപകടം പിടിച്ച വേദിയിലേക്കാണെന്ന് തിരിച്ചറിയാൻ കെ.എൻ.എ ഖാദർ ശ്രമിച്ചില്ലെന്നതാണ് പ്രശ്്‌നം.അതു തന്നെയാണ് ലീഗ് നേതൃത്വവും ചൂട്ടിക്കാട്ടുന്നത്.അതേസമയം, മുസ്‌ലിം ലീഗ് അത്തരത്തിലുള്ള പെരുമാറ്റച്ചട്ടമൊന്നും കർശനമായി നടപ്പാക്കുന്ന പാർട്ടിയല്ല. ഖാദർ അധ്യായം ഇനി ആ വഴിക്ക് ചിന്തിക്കാൻ ലീഗിനെ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.  

Latest News