Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കേരളത്തിന്റെ ഗേറ്റ് വേ കണ്ണൂർ എയർപോർട്ട്

കോഴിക്കോട്ടുനിന്ന്് നൂറ് കിലോ മീറ്ററിൽ താഴെ ദൂരത്തിൽ കണ്ണൂരിൽ ഒരു വിമാനത്താവളമെന്ന് കേട്ടപ്പോൾ നെറ്റി ചുളിച്ചവരുണ്ടായിരുന്നു. കണ്ണൂർ വിമാനത്താവളം മറ്റു വിമാനത്താവളങ്ങളെ പോലെയല്ല. അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. ഈ എയർപോർട്ടിന് മികച്ച സാധ്യതകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ നിന്ന് സമീപ നഗരങ്ങളായ തലശ്ശേരിയിലും കണ്ണൂരിലും അര മണിക്കൂർ കൊണ്ട് എത്താവുന്ന വിധമാണ് പശ്ചാത്തല വികസനം നടക്കുന്നത്.  കോവിഡ് കാലത്താണ് തലശ്ശേരി-കുടക് റോഡിലെ എരഞ്ഞോളി പാലം നവീകരണം പൂർത്തിയാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. തലശ്ശേരിക്കും കൂത്തുപറമ്പിനുമിടയിലെ കുപ്പിക്കഴുത്ത് പോലുള്ള ഭാഗമായിരുന്നു പഴയ എരഞ്ഞോളി പാലം. ഇപ്പോഴത് സുദീർഘമായ മേൽപാലമാണ്. നാല് ദശകങ്ങളിലേറെയായി ചത്തുകിടന്ന മുഴപ്പിലങ്ങാട്-അഴിയൂർ ബൈപാസിന്റെ നിർമാണം ദ്രുതഗതിയിലാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് വർഷമായി മുമ്പൊരിക്കലുമില്ലാത്ത വേഗം കൈവരിച്ചു.  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കേരളത്തിലെ ഇടതു സർക്കാരിനോട് പ്രത്യേക താൽപര്യമാണ്. അതുകൊണ്ടാണല്ലോ ഇതിന്റെ നിർമാണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം തന്നെ തലശ്ശേരിയിലെ പാർട്ടി ഗ്രാമത്തിലെത്തിയത്. 90 ശതമാനം ജോലിയും പൂർത്തിയായി. ഈ പാത അടുത്തു തന്നെ കമ്മീഷൻ ചെയ്യും.  അതോടെ കോഴിക്കോട് ജില്ലയിലെ പയ്യോളി മുതൽ കണ്ണൂർ വരെ ദൂരം മുക്കാൽ മണിക്കൂറിൽ യാത്ര ചെയ്യാനാവും. ഇപ്പോഴിത് മൂന്നു മണിക്കൂർ വരെയാണ്. പയ്യോളി മുതൽ യാത്രക്കാർ പുതിയ വിമാനത്താവളത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ഫീസിബിലിറ്റി സ്റ്റഡിയിൽ കണ്ടെത്തിയത്. ഇതിനും പുറമേയാണ് കോഴിക്കോട് ജില്ലയിലെ കുറ്റിയാടി മുതൽ പ്രധാന പട്ടണങ്ങളെ ഒഴിവാക്കിയുള്ള പുതിയ എയർപോർട്ട് റോഡിന്റെ നിർമാണം. വടകര, മാഹി, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ പട്ടണങ്ങൾ സ്പർശിക്കാതെ വിമാനത്താവള യാത്രക്കാർക്ക് കുതിച്ചെത്താം. കൊടുവള്ളി വഴിയും അഞ്ചരക്കണ്ടി വഴിയും എയർപോർട്ടിലേക്ക് സൗകര്യപ്രദമായ റോഡുകൾ നിർമിച്ചു വരുന്നു. പാനൂരിലും പെരിങ്ങത്തൂരിലുമൊക്കെ നിർമാണ ജോലി പുരോഗമിച്ചു വരികയാണ്. കോർപറേഷനായി മാറിയതോടെ മുഖഛായ മാറിയ കണ്ണൂർ നഗരത്തിന്റെ അഭിമാന സ്തംഭമായി  പുതിയ എയർപോർട്ട് മാറിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളം വരുന്നതിനു മുമ്പുള്ള നഗരവും പിന്നീടുണ്ടായ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞതാണല്ലോ. ഇതേ മാറ്റത്തിനാണ് കണ്ണൂരും തലശ്ശേരിയും സമീപ പട്ടണങ്ങളും കാത്തിരിക്കുന്നത്. 
ഇക്കഴിഞ്ഞ മാർച്ചിൽ 31,688 പേരായിരുന്നു ആഭ്യന്തര യാത്രക്കാർ. ഏപ്രിലിലിത് 34,924 ആയി ഉയർന്നു. മെയ് മാസത്തിൽ നാൽപതിനായിരത്തിനു മുകളിലായി. ഏപ്രിലിൽ 52,409 വിദേശ യാത്രക്കാരാണ് കണ്ണൂരിൽ നിന്ന്് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറന്നത്. 
കോഴിക്കോടിന് പുറമെ കണ്ണൂരിലും വിമാനത്താവളം വന്നത് മലബാറിന്റെ വികസനത്തിന് സഹായകമാവുകയാണ് ചെയ്തത്. 
 നൂറ് കിലോ മീറ്ററിൽ താഴെ ദൂരത്താണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. ഇങ്ങനെ ഇന്ത്യയിൽ തന്നെ വേറെ കാണില്ല.  കേരളത്തിന് ലഭിച്ച വിശിഷ്ട സമ്മാനമാണ് കണ്ണൂർ മട്ടന്നൂരിലെ വിമാനത്താവളം.  തലശ്ശേരി, കണ്ണൂർ നഗരങ്ങളിൽനിന്ന് ഏതാണ്ട് തുല്യദൂരത്തിലാണ് മട്ടന്നൂരിനടുത്ത മൂർഖൻ പറമ്പിലെ എയർപോർട്ട്.
കണ്ണൂരിനോളം വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു പട്ടണം കേരളത്തിലില്ല. നീണ്ടു പരന്നു കിടക്കുകയാണല്ലോ മൈതാനങ്ങളുടെ നാടായ കണ്ണൂർ. ഹൈദരാബാദ്-സെക്കന്തരാബാദ് മാതൃകയിൽ ഇരട്ട നഗരങ്ങളാക്കാനും അനുയോജ്യമാണ് കേരളത്തിലെ ഏറ്റവും പഴയ നഗരസഭകളായ തലശ്ശേരിയും കണ്ണൂരും. 
ആഭ്യന്തര വിമാന യാത്രികരേക്കാൾ കൂടുതലായി വിദേശ യാത്രക്കാരെ പ്രതീക്ഷിക്കുന്നതാണ്  കണ്ണൂരിലെ പുതിയ വിമാനത്താവളം. നാട്ടിലെ തൊഴിൽ സാധ്യതകൾ കുറയുമ്പോൾ വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് പ്രതീക്ഷ വിദേശങ്ങളിലെ സാധ്യതകളാണ്. 
തൊഴിൽ അന്വേഷിച്ച് ലോകത്തിന്റെ  നാനാഭാഗത്തേക്കും മലയാളികൾ കുടിയേറ്റം തുടങ്ങിയിട്ട് കാലമേറെയായി.  നാല്  ദശകങ്ങൾക്ക്  മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തിയ  കേരളീയരുടെ പിന്മുറക്കാർ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ബ്രിട്ടൻ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും  ഇപ്പോൾ തൊഴിലന്വേഷകരായി പോകുന്നു.  
വിദേശനാണ്യം നേടിതരുന്ന മറ്റൊരു മേഖലയായി വിനോദ സഞ്ചാര രംഗം മാറിയിരിക്കുന്നു. അര നൂറ്റാണ്ടിനിടയിൽ ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന  അഭിമാനകരമാണ്. 
കേരളത്തിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം (തിരുവനന്തപുരം) മാത്രമുണ്ടായിരുന്നപ്പോൾ കോഴിക്കോട്ട് അന്താരാഷ്ട്ര താവളം വേണമെന്ന  ആവശ്യമുയർന്നു. അന്ന് കേന്ദ്ര വ്യോമ ഗതാഗത മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് അഞ്ഞൂറ് കിലോ മീറ്റർ ദൂരത്തിനിടക്ക് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം പറ്റില്ലെന്നായിരുന്നു. ഇപ്പറഞ്ഞതിൽ കാര്യമില്ലെന്ന് പിൽക്കാലത്ത് നെടുമ്പാശ്ശേരിയും കരിപ്പൂരും രാജ്യാന്തര പദവിയിലേക്ക് ഉയർന്നപ്പോൾ വ്യക്തമാവുകയും ചെയ്തു. ലോകം വിരൽ തുമ്പിലൊതുങ്ങിയ ഇക്കാലത്ത് കടലുകൾ താണ്ടി ജീവിത മാർഗം തേടുന്ന യുവാക്കൾക്ക് കൂടുതൽ കവാടങ്ങൾ തുറക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. 
കുടകിലെ നാണ്യവിളകൾ മുതൽ തുണിത്തരങ്ങൾ വരെ കയറ്റുമതി ചെയ്ത് കോടികളുടെ വിദേശ നാണയ ശേഖരം നേടാനുള്ളതാണ് കണ്ണൂർ എയർപോർട്ട്. കൈത്തറിയുടെ സ്വന്തം നാട്ടിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക്  വിദേശ വിപണി കണ്ടെത്താം. 
റൺവേയുടെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ  നാലാമത്തെ വിമാനത്താവളമാണ്   കണ്ണൂർ വിമാനത്താവളം. പാസഞ്ചർ ടെർമിനലിന്റെ വലിപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂരിന്. 95,000 ചതുരക്ര മീറ്റർ ആണ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ വിസ്തൃതി.  1996 ജനുവരി 19 ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളം പ്രഖ്യാപിച്ചത്. പുതിയാപ്ലയുടെ എയർപോർട്ടെന്നാണ് സരസനായ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ വിശേഷിപ്പിക്കാറുള്ളത്. കർണാടകയിൽ സ്ഥിരതാമസമാക്കിയ ഇബ്രാഹിമിന്റെ ബന്ധുക്കൾ മട്ടന്നൂർ പ്രദേശത്ത് ധാരാളമായുണ്ട്.  2013 ജൂലൈയിലാണ് വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി  ലഭിച്ചത്. നിർമാണ ഉദ്ഘാടനം 2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിർവഹിച്ചു. 
കോഴിക്കോട് ജില്ലയിലെ പയ്യോളി മുതലുള്ള പ്രദേശങ്ങൾ, വടക്കേ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ, കർണാടകയിലെ കുടക്, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിൽ  നിന്നെല്ലാം വിമാനത്താവളം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. 
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നിത്യേന പതിനൊന്ന് ആഭ്യന്തര സർവീസുകൾ ഓപറേറ്റ് ചെയ്യുന്നു. ഗൾഫ് നഗരങ്ങളിലേക്കുള്ള സർവീസുകൾ വേറെയും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ദൽഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കെല്ലാം സർവീസുണ്ട്. അമേരിക്കയിലെ ന്യൂയോർക്കിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന കോഴിക്കോട്, തിക്കോടി ഭാഗത്ത് ദമ്പതികൾ കഴിഞ്ഞ ദിവസം ചെറിയ വെക്കേഷൻ കഴിഞ്ഞ് തിരിച്ചു പോയത് കണ്ണൂർ വഴി. അന്വേഷിച്ചപ്പോൾ അവർക്ക് ദുബായിൽ ഏറ്റവും കുറഞ്ഞ വെയിറ്റിംഗുള്ള കണക്ഷൻ കണ്ണൂരിൽ നിന്നാണ്. രണ്ടു മാസം മുമ്പ് തലശ്ശേരി ടെമ്പിൾ ഗേറ്റിലെ കേന്ദ്ര സർക്കാർ സർവീസിലുള്ള യുവാവ് അടിയന്തരാവശ്യത്തിന് നാട്ടിലെത്തിയത് കണ്ണൂർ എയർപോർട്ട്് വഴിയാണ്. ശ്രീനഗറിൽ നിന്ന് അതിരാവിലെ ഹൈദരാബാദ്, അതിന്റെ കണ്ണൂർ കണക്ഷൻ എത്തിച്ചേർന്നത് പ്രഭാതത്തിലും. അര മണിക്കൂർ കാറിൽ യാത്ര ചെയ്ത് വീട്ടിലെത്തിയത് ആശ്വാസമായെന്ന് ദൽഹിയിൽ ഏറെക്കാലം ജോലി ചെയ്ത യുവാവ് പറഞ്ഞു. കേരളത്തിലെ മറ്റു എയർപോർട്ടുകളിലേക്ക് മുംബൈ വഴി വരാൻ പരമാവധി ശ്രമിച്ചിട്ടാണ് ഹൈദരാബാദ്-ബംഗളൂരു-കണ്ണൂർ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരിയിൽ നിന്ന് തലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത് രാവിലെയുള്ള വിമാനത്തിലാണ്. അടുത്തിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ദിവസം വിമാനത്തിൽ അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര ചെയ്തത് ഈവനിംഗ് ഫ്‌ളൈറ്റിലാണ്. അതായത് രാവിലെയും വൈകുന്നേരവും തലസ്ഥാനത്തേക്ക് ഫ്‌ളൈറ്റ്. നല്ല ആസൂത്രണത്തോടെയാണ് കണ്ണൂരിന്റെ മുന്നേറ്റം. ബംഗളൂരു-ഹൈദരാബാദ്-ചെന്നൈ കണ്ക്റ്റിവിറ്റി മാത്രം മതി, വടക്കൻ കേരളത്തിലെ ഐ.ടി രംഗം പുഷ്ടിപ്പെടാൻ. കണ്ണൂർ ആരും വിചാരിച്ചിരിക്കാതെ കേരളത്തിന്റെ ഗേറ്റ് വേ ആയി മാറുകയാണ്.

Latest News