നഷ്ടമായത് രാഷ്ട്രീയ ഗുരുവിനെ, ടി. ശിവദാസ മേനോനെ പി ശ്രീരാമകൃഷ്ണൻ ഓര്‍ത്തെടുക്കുന്നു 

ടി.ശിവദാസമേനോൻറെ വിയോഗത്തിലൂടെ തനിക്കു നഷ്ടമായത് രാഷ്രീയ ഗുരുവിനെയാണ്.  1980-കളില്‍ ഒററപ്പാലം എന്‍.എസ്.എസ്. സ്കൂളില്‍ പഠിക്കാനെത്തുമ്പോള്‍ ആരംഭിച്ച ആഴത്തിലുള്ള  വ്യക്തിബന്ധവും മൂന്നര പതിററാണ്ടുകാലത്തെ ഊഷ്മളമായ സൗഹൃദവും ലോഭമില്ലാത്ത വാല്‍സല്യവും നല്‍കിയ അനുഭവങ്ങളെ സന്തോഷത്തോടെ മാത്രമേ ഓര്‍മ്മിക്കാന്‍ കഴിയൂ. ധിഷണാശാലിയായ അദ്ധ്യാപകന്‍, പ്രഭാഷണകലയുടെ ഉജ്വലമാതൃകയായ പ്രഭാഷകന്‍, സംഘടനയില്‍ മികച്ച തീരുമാനങ്ങളെടുക്കുന്ന അതുല്ല്യ സംഘാടകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹം പുതിയ കേഡര്‍മാരെ കണ്ടെത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും അനിതര സാധാരണമായ കഴിവും താല്‍പര്യവുമാണ് പ്രകടിപ്പിച്ചത്.
    ഗഹനമായ മാര്‍ക്സിസ്ററ് സിദ്ധാന്തങ്ങള്‍ അദ്ദേഹം പഠിപ്പിക്കുമ്പോള്‍ അയ്തനലളിതമായി മാറുന്ന അത്ഭുതകാഴ്ച പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേററ് അംഗമായും കേരളത്തിന്‍റെ മികച്ച വൈദ്യുതി വകുപ്പുമന്ത്രിയായും ധനകാര്യ വകുപ്പുമന്ത്രിയായും കഴിവുതെളിയിച്ച അദ്ദേഹം അവസാന നിമിഷം വരെ വാത്സല്യം ചൊരിഞ്ഞ് അദ്ധ്യാപകനെപോലെ  നിയമസഭാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് അഭിപ്രായങ്ങള്‍ പറയുമായിരുന്നു. വിദ്യാര്‍ത്ഥികാലം തൊട്ട് രാഷ്ട്രീയ ജിവിതത്തിന് തണലും വഴികാട്ടിയുമായ ഗുരുനാഥന്‍റെ സ്മരണയ്ക്ക് മുന്‍പില്‍ ശിരസ്സ് കുനിക്കുന്നു.

പി. ശ്രീരാമകൃഷ്ണൻ

(നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന്‍)

Latest News