Sorry, you need to enable JavaScript to visit this website.

പിണറായി വിജയനെ അമ്പെയത് വീഴ്ത്താൻ ശ്രമം-കെ.ടി ജലീൽ

തിരുവനന്തപുരം- പിണറായി വിജയനെ അമ്പെയ്ത് വീഴ്ത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തപ്പോൾ അത് സ്വർണ്ണക്കടത്താണെന്ന് ആദ്യം ബി.ജെ.പിയും പിന്നീട് കോൺഗ്രസും ആരോപണം ഉന്നയിച്ചു. എം.പിയും യു.ഡി.എഫ് കൺവീനറുമായ ബെന്നി ബെഹന്നാൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈത്തപ്പഴത്തിന്റെ മറവിൽ സ്വർണം കടത്തി എന്നായി പിന്നീട് ആരോപണം. ഈത്തപ്പഴക്കുരു സ്വർണമാക്കി കടത്തി എന്ന ആരോപണവും ആവിയായി. ഖുർആന്റെ മറവിൽ സ്വർണം കടത്തി എന്ന ആരോപണവും എന്തായി. ഖുർആൻ വിദേശത്ത്‌നിന്ന് കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് ശരിയല്ല എന്ന് ചിലർ പറഞ്ഞില്ലേ. ഖുർആന്റെയും പാക്കറ്റുകളുടെയും തൂക്കം പറഞ്ഞ് നടത്തിയ ചർച്ച എവിടെ എത്തി. ഖുർആൻ കയറ്റിപ്പോയ വാഹനത്തിന്റെ ജി.പി.എസ് കേടുവന്നു എന്ന ആരോപണമായി പിന്നീട്. ആ ജി.പി.എസിനെ പറ്റി പിന്നീട് യു.ഡി.എഫും മാധ്യമങ്ങളും എന്തെങ്കിലും പറഞ്ഞോ. എത്രയോ മാധ്യമ ചർച്ചകൾ നടന്നു. ആ സമരങ്ങളുടെ ഗതി എന്തായി എന്ന് മാധ്യമങ്ങളും യു.ഡി.എഫും ആലോചിക്കണം. ചില പത്രങ്ങളും ചാനലുകളും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കള്ളക്കഥകളും പച്ച നുണകളും ഈ നാട്ടിൽ പ്രചരിപ്പിച്ചു. ഈ കേസിൽ അമിത താൽപര്യം കാണിച്ചവരൊക്കെ പിന്നീട് നിയമസഭ കണ്ടില്ല. കെ.എം ഷാജി, വി.ടി ബൽറാം എന്നിവർ ഇപ്പോൾ എവിടെയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ കഴുകൻമാരെ പോലെയല്ലേ ഇവിടെ പാറിനടന്നത്. കുന്തത്തിൽ വരെ തിരഞ്ഞു. എന്നിട്ട് എന്തെങ്കിലും ചുക്കോ ചുണ്ണാമ്പോ കിട്ടിയോ. ആരുടെയെങ്കിലും ഒരു രോമത്തിൽ തൊടാൻ ഈ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞോ. ഖുർആനിൽ സ്വർണം കടത്തിയെന്ന കേസ് കസ്റ്റംസ് അവസാനിപ്പിക്കാൻ പോകുകയാണ്. ഞങ്ങൾക്ക് ആർക്കും ഞങ്ങളുടെ വീട് ഇ.ഡിക്ക് കൊടുക്കേണ്ടി വന്നിട്ടില്ല. ചക്ക ചൂഴ്ന്നു നോക്കുന്ന പോലെയാണ് ഇടതുപക്ഷത്തിന്റെ സ്വതന്ത്ര അംഗമായ എന്നെ ചൂഴ്ന്നുനോക്കിയത്. എന്നെ ചോദ്യം ചെയ്ത അതേ ഇ.ഡിയാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെയും ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട് ഇ.ഡി കണ്ടുകെട്ടി. എനിക്കും വീടുണ്ടല്ലോ. കണ്ടുകെട്ടിയോ. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്നാണ് പ്രതിപക്ഷ നേതാവ് വിളിച്ചത്. പ്രതിപക്ഷ നേതാവിനെ ചാണമണ്ഡൂപം എന്ന് വിളിക്കാം. എന്നാൽ ഞങ്ങളങ്ങിനെ വിളിക്കില്ലെന്നും ജലീൽ പറഞ്ഞു.
 

Latest News