ന്യൂദൽഹി- ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റെന്നും എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കി. ഓൺലൈൻ, ഓഫ്ലൈൻ ഉള്ളടക്കം സംരക്ഷിച്ചുകൊണ്ട് പ്രതിരോധശേഷിയുള്ള ജനാധിപത്യം ഉറപ്പാക്കാൻ ജർമ്മനിയിൽ നടന്ന ജി 7 മീറ്റിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. പൊതു സംവാദം, സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമങ്ങൾ, ഓൺലൈനിലും ഓഫ്ലൈനിലും സ്വതന്ത്രമായ വിവരങ്ങളുടെ ഒഴുക്ക്, പൗരന്മാർക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും ഒരുപോലെ നിയമസാധുത, സുതാര്യത, ഉത്തരവാദിത്തം, എന്നിവ വളർത്തിയെടുക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെ പുറത്തിറക്കിയ ജി-7 സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കി.
കള്ള വാർത്തകൾ തുറന്നുകാണിക്കുന്നതിന് സ്ഥാപിച്ച ആൾട്ട് ന്യൂസ് വെബ്‌സൈറ്റിന്റെ സഹസ്ഥാപകനും പത്രപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ഇന്നലെയാണ് ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും ലോക രാഷ്ട്രങ്ങൾക്കിടയിൽ പേരുദോഷം വരുത്തിയ നുപൂർ ശർമ്മയുടെ പ്രവാചക വിരുദ്ധ പരാമർശം ആദ്യമായി ട്വീറ്റ് ചെയ്തത് മുഹമ്മദ് സുബൈറായിരുന്നു. കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും നിരവധി വ്യാജ വാർത്തകൾ കണ്ടെത്തി ശരിയായി അവതരിപ്പിക്കുന്നതിൽ മുൻനിരയിലായിരുന്നു ആൾട്ട് ന്യൂസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, 295 എ (ഏതെങ്കിലും വർഗത്തിന്റെ മതവികാരം വ്രണപ്പെടുത്തൽ) എന്നിവ പ്രകാരം സുബൈറിനെതിരെ കേസെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ആൾട്ട് ന്യൂസിന്റെ മറ്റൊരു സ്ഥാപകൻ പ്രതിക് സിൻഹയാണ് സുബൈറിനെ അറസ്റ്റ് ചെയ്ത കാര്യം പുറത്തുവിട്ടത്. 2020-ലെ ഒരു കേസുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് വിളിപ്പിക്കുകയായിരുന്നു. എന്നാൽ, ഈ കേസിൽ നേരത്തെ ഹൈക്കോടതി സുബൈറിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
ഒരു പ്രത്യേക മതത്തിലെ ദൈവത്തെ ബോധപൂർവം അപമാനിക്കുന്നതിനായി ഒരു ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ബാലാജികിജെയിൻ എന്ന ട്വിറ്റർ ഹാൻഡിൽ ഈ മാസം സുബൈറിനെതിരെ പരാതി നൽകിയിരുന്നു. 2018-ലെ ട്വീറ്റിനെതിരെ ആയിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങൾക്ക് എഫ്.ഐ.ആറിന്റെ പകർപ്പ് നൽകിയില്ലെന്ന് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ പ്രതിക് സിൻഹ പറഞ്ഞു. മെഡിക്കൽ പരിശോധനക്ക് ശേഷം സുബൈറിനെ അജഞാതമായ ഒരിടത്തേക്ക് കൊണ്ടുപോയെന്നും പ്രതിക് സിൻഹ വ്യക്തമാക്കി.
സുബൈറിനെ ആദ്യം ചോദ്യം ചെയ്തത് പഴയ കേസിലാണെന്നും എന്നാൽ മതിയായ തെളിവുകൾ രേഖപ്പെടുത്തിയതിന് ശേഷമാണ് പുതിയ കേസിൽ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. സുബൈറിനെ ഒരുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി നിരവധി ദേശീയ നേതാക്കൾ രംഗത്തെത്തി. സത്യത്തിന്റെ ഒരു ശബ്ദത്തെ അടിച്ചമർത്തിയാൽ ആയിരം ശബ്ദങ്ങൾ ഉയർന്നുവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സുബൈറിന്റെ അറസ്റ്റ് സത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. സുബൈറിനെ ഉടൻ മോചിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾ തുറന്നുകാട്ടിയ ആൾട്ട് ന്യൂസിനോട് ദൽഹി പോലീസ് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്ന് മറ്റൊരു കോൺഗ്രസ് എം.പി ജയറാം രമേശ് ആരോപിച്ചു. വ്യാജ വാർത്തകൾ തുറന്നുകാണിക്കുന്ന എന്തിനോടും പ്രതികാര ബുദ്ധിയോടെയാണ് മോഡി സർക്കാർ പെരുമാറുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തി. 2017-ൽ സ്ഥാപിതമായ ആൾട്ട് ന്യൂസ് ലോകത്തിലെ ഏറ്റവും പ്രമുഖമായ വസ്തുതാ പരിശോധന വെബ്‌സൈറ്റുകളിൽ ഒന്നാണ്. നിരവധി പോലീസ് കേസുകളാണ് ആൾട്ട് ന്യൂസിന് എതിരെയുള്ളത്.






