Sorry, you need to enable JavaScript to visit this website.

വൈവിധ്യമാർന്ന പരിപാടികളോടെ മലബാർ അടുക്കള എട്ടാം വാർഷികം

ജിദ്ദ- മലബാർ അടുക്കള എട്ടാം വാർഷികം 'അരങ്ങും അടുക്കളയും 2022' എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്നു. 
ആഘോഷ ഭാഗമായി വിവിധയിനം മത്സരങ്ങളോടൊപ്പം കലാ പരിപാടിയും അരങ്ങേറി. ആഘോഷം കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഭാര്യ ഡോ. ഷക്കീല ഖാതൂനും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കേരളീയ വേഷമായ മുണ്ടും ഷർട്ടും ധരിച്ചാണ് കോൺസൽ ജനറൽ പരിപാടിയിൽ പങ്കെടുത്തത്. മലയാളി സമൂഹത്തിന്റെ ഒത്തൊരുമയെയും അവർ നടത്തിവരുന്ന സേവനങ്ങളെയും കോൺസൽ ജനറൽ പ്രകീർത്തിച്ചു. 
മുൻകൂട്ടി അറിയിച്ച് അനുമതി തേടിയാൽ കോൺസുലേറ്റ് അങ്കണം ഇത്തരം കലാ, സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് ആർക്കും ലഭ്യമാണെന്നും ഇതു നിങ്ങളുടെ രണ്ടാം വീടാണെന്നും കോൺസൽ ജനറൽ പറഞ്ഞു. 
കോർഡിനേറ്റർ കുബ്ര ലത്തീഫ് മലബാർ അടുക്കളയെ കുറിച്ച് വിശദീകരിച്ചു. കമ്മിറ്റി അംഗം ഇൻഷിറ ആശംസ നേർന്നു. 
ഡോ. ഇസ്മയിൽ മരിതേരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. കോൺസൽ ജനറൽ ഇസ്മയിൽ മരിതേരിക്ക് മെമന്റോ നൽകി. മലബാർ അടുക്കള കോർഡിനേറ്റർമാരും ലത്തീഫ് മൊഗ്രാൽ, സിറാജ് എടക്കര എന്നിവരും കോൺസൽ ജനറലിനെയും പത്‌നിയെയും മെമന്റോ നൽകി ആദരിച്ചു.   കോർഡിനേറ്റർ ഫസ്‌ന സിറാജ് സ്വാഗതം പറഞ്ഞു. 
ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ പാചക മത്സരത്തിൽ ഷക്കീല മൻസൂർ ഒന്നാം സ്ഥാനം നേടി. രസ്ബാന സാജിദിന് രണ്ടും സൽവ രസിഫ് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ഹെന്ന മത്സരത്തിൽ സെയിൻ ഒന്നാം സ്ഥാനം നേടി. രണ്ടാം സമ്മാനം മുബഷിറയും മൂന്നാം സമ്മാനം ഫാത്തിമ നസ്‌നീമും കരസ്ഥമാക്കി. സബ്ജൂനിയർ മത്സരത്തിൽ രോഷൻ രാജേഷിനും ഒന്നും ഇസ്സ ഫാത്തിമക്ക് രണ്ടും വൈഗ കിഷോറിന് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ ഫൈസാനാണ് ഒന്നാം സ്ഥാനം. അഹാന വിരേശിന്് രണ്ടും നൈമ മഹറിന് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. 
സീനീയർ വിഭാഗത്തിൽ ഫാത്തിമ റഷ ഒന്നും കിഷോർ കുമാർ രണ്ടും സ്ഥാനങ്ങൾ നേടി. മറ്റു മത്സരാർഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.   ജെ.എൻ.എച്ച് ചെയർമാൻ വി.പി. മുഹമ്മദലി, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 
ജിദ്ദയിലെ പ്രമുഖ ഗായിക ഗായകന്മാരുടെ ഗാനങ്ങളോടൊപ്പം നൃത്ത നൃത്യങ്ങളും ഒപ്പനയും അരങ്ങേറി. വിവിധയിനം ഭക്ഷണ, കരകൗശല, വസ്ത്ര സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. ഉണ്ണി തെക്കേടത്ത്, ഹാദി സിറാജ്, ആയിഷ ശാമിസ്, സോഫിയ എന്നിവർ അവതാരകരായിരുന്നു. 
 

Tags

Latest News