സോണിയയുടെ പേഴ്‌സനല്‍ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡന കേസ്

ന്യൂദല്‍ഹി - കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പി.പി മാധവനെതിരെ ലൈംഗിക പീഡന കേസ്. 26കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് ദല്‍ഹി പോലീസ് കേസെടുത്തത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്. ഉത്തംനഗര്‍ പോലീസാണ് പി.പി മാധവനെതിരെ കേസെടുത്തത്.

'ജൂണ്‍ 25 ന് ഉത്തം നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ് - ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാഷ്ട്രീയ നേതാവിന്റെ പേര് ഡി.സി.പി വെളിപ്പെടുത്തിയില്ലെങ്കിലും മാധവനെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവാഹം കഴിക്കാമെന്നും ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പി.പി മാധവന്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് 2020 ല്‍ മരിച്ചു. ഇയാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി ഹോര്‍ഡിംഗുകള്‍ പതിപ്പിച്ച ജോലി ചെയ്യാറുണ്ടായിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇരയായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News