കണ്ണൂര്‍- പ്രവാസിയുടെ വീട്ടില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച. കണ്ണൂര്‍ ചാല മനയത്തുമൂലയിലെ ജലാലുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ജലാലുദീന്റെ ഭാര്യ സൗദത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 1,80,000 രൂപയും ഒരു പവന്റെ സ്വര്‍ണ്ണവും കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം.
വീടിന്റെ മുകളിലത്തെ നിലയിലെ ഡോര്‍ തുറന്നാണ് പ്രതികള്‍ അകത്തു കയറിയതെന്നാണ് വിവരം. താഴത്തെ നിലയിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന സൗദത്തിനെ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും സ്വര്‍ണ വളയും മോഷണം പോയതായാണ് പരാതി. മുകളിലത്തെ മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷണം പോയി. മോഷണം നടക്കുമ്പോള്‍ സൗദത്തും രണ്ടു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
എടയ്ക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സമീപത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സൗദത്ത് പോലീസിന് മൊഴി നല്‍കിയത്. സൗദത്തിന്റെ ഭര്‍ത്താവ് ജലാലുദീന്‍ വിദേശത്താണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.