Sorry, you need to enable JavaScript to visit this website.

സാങ്കേതിക വൈവിധ്യങ്ങളുമായി ഹെൽത്ത്‌ടെക് ഉച്ചകോടി

ദന്തഡോക്ടറുടെ അടുത്തു പോകുമ്പോൾ പല്ല് തുളയ്ക്കുന്ന യന്ത്രത്തിന്റെ ശബ്ദം കേട്ട് പേടിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ഇതിനെ മറികടക്കാനുള്ള ഉൽപന്ന മാതൃക നിർമിച്ചിരിക്കുകയാണ് തൃശൂരിലെ സഹൃദയ എൻജിനീയറിംഗ് കോളേജിലെ മെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾ. ആരോഗ്യ സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകളും നൂതനാശയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റാർട്ടപ് മിഷൻ, സംസ്ഥാന ആരോഗ്യ വകുപ്പ്, കാരിത്താസ് ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹെൽത്ത്‌ടെക് ഉച്ചകോടിയിൽ നൂതനമായ നിരവധി ഹെൽത്ത്‌ടെക് ഉൽപന്നങ്ങളാണ് പ്രദർശിപ്പിച്ചത്.
ആരോഗ്യ പരിപാലന രംഗത്തെ സമസ്ത മേഖലകളിലുമുള്ള നൂതന ത്വങ്ങൾ ഹെൽത്ത്‌ടെക് ഉച്ചകോടിയിൽ കാണാം. പല്ല് തുളയ്ക്കുന്ന യന്ത്രത്തിന്റെ ശബ്ദത്തേക്കാൾ ഫ്രീക്വൻസി കുറഞ്ഞ ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയാണ് ഇതിലുപയോഗിച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥികളായ മിൻഷയും ആൽഫിനും പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികളെ വ്യായാമം ചെയ്യിക്കാനും അവരുടെ കൂടെ കളിക്കാനും ഉതകുന്ന റോബോട്ടും കുട്ടികൾ നിർമിച്ചിട്ടുണ്ട്. കുട്ടികളോട് പ്രോത്സാഹന വാക്കുകൾ പറയാനും സമ്മാനങ്ങൾ നൽകാനും റോബോട്ടിന് കഴിയുമെന്ന് വിദ്യാർത്ഥികളായ ആൽബിനും അമിതും പറഞ്ഞു.
കോളേജുമായി സഹകരിക്കുന്ന ചില ആശുപത്രികളിൽ നിന്നാണ് ഈ നൂതനാശയങ്ങൾ രൂപപ്പെട്ടു വന്നതെന്ന് സഹൃദയയിലെ അധ്യാപകരായ ഡോ. രമ്യ ജോർജും ജിബിൻ ജോസും പറഞ്ഞു. കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്കും ഏകാന്തത അനുഭവിക്കുന്നവർക്കും ഈ റോബോട്ട് ഗുണം ചെയ്യും.
സിഡാക് വികസിപ്പിച്ചെടുത്ത സെർവിസ്‌കാൻ, മാക്‌സോഫേഷ്യൽ ശസ്ത്രക്രിയ ചെയ്യാനുള്ള സിമുലേറ്റർ, മാഗ്‌നറ്റിക് റെസൊണൻസ് സോഫ്റ്റ്‌വെയർ, രക്തധമനികൾ തൊലിപ്പുറത്ത് തന്നെ തിരിച്ചറിയാനുള്ള ഇൻഫ്രാറെഡ് സ്‌കാനർ, ശയ്യാവലംബിയായ രോഗിയെ നടത്താനുള്ള ജി ഗെയിറ്റർ, ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്രിമ അവയവങ്ങൾ, സുഖപ്രസവത്തിനുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന ആപ്, ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ഡോക്ടർക്കോ ആശുപത്രിക്കോ അലാറം നൽകാനുള്ള ഉപകരണം തുടങ്ങി 30 ഓളം കമ്പനികളാണ് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചത്. ആരോഗ്യ മേഖലയിലെ 35 ഓളം വിദഗ്ധരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കേരള ഐ.ടി, ഇ-ഹെൽത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

Latest News