ചാരായ നിരോധം ഏർപ്പെടുത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ വെല്ലുവിളി നിറഞ്ഞ വാചകമുണ്ട്- ഈ നടപടി പിൻവലിക്കാൻ ഇനി വരുന്ന ഒരു ഭരണാധികാരിക്കും സാധിക്കില്ല എന്നതായിരുന്നു ആ വെല്ലുവിളി. ആ വെല്ലുവിളി ഇപ്പോഴും ആർക്കും അതിജീവിക്കാനാവാതെ നിൽക്കുന്നു. അത്തരമൊരു സംഗതി തന്നെയാണ് മന്ത്രി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞതെന്ന് കരുതാം. ഗുണഫലത്തിനായി കാത്തിരിക്കാം.
മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് സി.പി.എമ്മിലൊരു പ്രത്യേക സ്ഥാനമുണ്ട്- പാർട്ടി അണികൾക്ക് നിരന്തരം ക്ലാസെടുക്കുന്നയാൾ എന്നതാണത്. ക്ലാസെടുക്കുന്നവർ മറ്റു പലരും ഉണ്ടെങ്കിലും മാസ്റ്റർക്ക് ഇക്കാര്യത്തിൽ സവിശേഷതകളേറെയാണ്. കമ്യൂണിസം ഇതാ ഇങ്ങെത്തിപ്പോയി എന്ന് ഇന്നും വിശ്വസിക്കുന്ന യുവാക്കളെയും മുതിർന്നവരെയും അദ്ദേഹം നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കും. ഒരു നാൾ കമ്യൂണിസം വരും, വരാതിരിക്കില്ല എന്നദ്ദേഹം നിരന്തരം പറയും.
ശരീര ഭാഷയിലെ സാത്വികത കണ്ടും വാക്കുകളുടെ ദൃഢത കേട്ടും കേൾക്കാനിരിക്കുന്നവരും ഉറപ്പായും ഉറപ്പായും എന്ന് തല കുലുക്കിപ്പോകും. അകത്ത് കത്തിയും പുറത്ത് പത്തിയും രീതിക്കാരനല്ലാത്തതിനാൽ ഇക്കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞ കാര്യം കേട്ട് തീർച്ചയായും പാർട്ടിക്കാർ ഞെട്ടിക്കാണും.
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് പറഞ്ഞ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വിദ്യാർഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവൽക്കരിക്കാൻ സാധിക്കണമെന്നുമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് മാനവ രാശിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 1987 ജൂൺ 26 മുതലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. കേരളവും എത്രയോ കാലമായി ഈ ദിനം ഒരു ചടങ്ങു പോലെ ആചരിക്കുന്നു. ദിനാചരണം മുറപോലെ നടക്കുമ്പോഴും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ കേരളം മറ്റെല്ലാ പ്രദേശങ്ങളെയും പിന്നിലാക്കി മുന്നേറുകയായിരുന്നു. മയക്കുമരുന്ന് വിൽപനയുടെ തലപ്പത്ത് ആരാണെന്ന് കേരളം ദിനം തോറും അറിഞ്ഞുകൊണ്ടിരിക്കുന്നു. മദ്യപിക്കുക എന്നത് ഒരു കുറച്ചിലായി പോലും ആരും കാണാത്ത അവസ്ഥയിൽ കാര്യങ്ങളെത്തി.
ഇങ്ങനെയൊരു സാഹചര്യത്തിൽ മന്ത്രിയുടെ തുറന്നുപറച്ചിൽ വരും ദിവസങ്ങളിലും ചർച്ചയാകുമെന്നുറപ്പാണ്. യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരാണെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമർശം നല്ല അർത്ഥത്തിലാണെന്ന് ഡി.വൈ.എഫ്.ഐ ഉടൻ പ്രതികരിച്ചിട്ടുണ്ട്. യുവജന സംഘടനകളെ മാത്രമല്ല മന്ത്രി ഉദ്ദേശിച്ചതെന്നും ആശങ്ക പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നുമാണ് ഡി.വൈ.എഫ്.ഐ വിഷയം തണുപ്പിക്കാൻ ശ്രമിച്ചത്. കോൺഗ്രസ് സൈബറിടത്തിലെ തീപ്പൊരിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പ്രതികരണം ഇങ്ങനെയായിരുന്നു. ''താങ്കൾ ഡി.വൈ.എഫ്. ഐ പരിപാടികളിൽ മാത്രം പങ്കെടുക്കുന്നതുകൊണ്ടുള്ള തോന്നലാണത് ...'' എന്നായിരുന്നു ആ കുത്ത്. മന്ത്രി താൻ പറഞ്ഞതിൽ നിന്ന് മാറാനൊന്നും തയാറായിട്ടില്ല. പരസ്യ വിമർശം സംഘടനകളിൽ എന്തെങ്കിലും ഗുണപരമായ മാറ്റം വരുത്തുമെങ്കിൽ അത്രയും നല്ലത്. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ ഒരു തലമുറയെയും കൊണ്ട് മുന്നോട്ടുള്ള പോക്ക് അസാധ്യമായിരിക്കും.
മുഖ്യധാരാ പാർട്ടികൾ മാറിച്ചിന്തിക്കുന്നതിന്റെ തുടക്കമാകട്ടെ മന്ത്രിയുടെ വാക്കുകൾ എന്ന് പ്രത്യാശിക്കുക. ലഹരി വ്യാപനം തങ്ങളുടെ ദൗത്യമാണെന്ന് ധരിച്ചുവെച്ച സമൂഹമാണ് ഇന്ന് നിലവിലുള്ളത്. കുടിക്കാം, കൂത്താടരുത് എന്നാണ് പലരുടെയും ധാരണ. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, നേതാക്കൾ, ഡോക്ടർമാർ എന്നിവരൊക്കെ ഇന്ന് മദ്യം ഉപയോഗിക്കുന്നവർ മാത്രമല്ല. അതിന്റെ പ്രചാരകരുമാണ്. ലഹരി ഉപയോഗിക്കാൻ പുതുതലമുറയെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നവരാണ് ഇവരിലധികവും. വളർന്നു വരുന്ന കുട്ടികളുള്ള വീടകങ്ങൾ ഇന്ന് വലിയ ആശങ്കയിലാണ്. ധാർമിക മതശിക്ഷണമില്ലാത്ത സമൂഹങ്ങളെയാണ് ഈ സാമൂഹ്യ വിപത്ത് കൂടുതൽ ആശങ്കയിലാക്കുന്നത്. ലഹരി പോലുള്ള സാമൂഹ്യ തിന്മകൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകൾ എത്ര കാലം കഴിഞ്ഞാലും വലിയ ജനസ്വീകാര്യതയുള്ള നടപടിയായി അവശേഷിക്കും. ചാരായ നിരോധം ഏർപ്പെടുത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ വെല്ലുവിളി നിറഞ്ഞ വാചകമുണ്ട്. ഈ നടപടി പിൻവലിക്കാൻ ഇനി വരുന്ന ഒരു ഭരണാധികാരിക്കും സാധിക്കില്ല എന്നതായിരുന്നു ആ വെല്ലുവിളി. ആ വെല്ലുവിളി ഇപ്പോഴും ആർക്കും അതിജീവിക്കാനാവാതെ നിൽക്കുന്നു.അത്തരമൊരു സംഗതി തന്നെയാണ് മന്ത്രി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞതെന്ന് കരുതാം. ഗുണഫലത്തിനായി കാത്തിരിക്കാം. ചാരായ നിരോധം ഏർപ്പെടുത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത് എൽ.ഡി.എഫായിരുന്നു. മുഖ്യമന്ത്രിയായ ഇ.കെ. നായനാരോട്, ജന വിധി കണക്കിലെടുത്ത് ചാരായ നിരോധം പിൻവലിക്കുമോ എന്ന് മുഖ്യമന്ത്രിയായ ഉടനുള്ള മീറ്റ് ദി പ്രസിൽ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയിൽ നിറയെ തന്റെ പൊതുപ്രവർത്തന തുടക്കത്തിലെ മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരണമായിരുന്നു. മദ്യ തൽപരരായ കുടുംബക്കാർ പോലും തന്റെ തലയിൽ കള്ള് പാത്രം ഒഴിച്ചതൊക്കെ പറഞ്ഞ നായനാർ അന്ന് നൽകാൻ ശ്രമിച്ച സന്ദേശം വ്യക്തമായിരുന്നു. അങ്ങനെയൊരു സന്ദേശമാണോ അദ്ദേഹത്തിന്റെ പിൻഗാമികൾ സമൂഹത്തിന് നൽകിയതെന്ന് പരിശോധിക്കേണ്ടത് അവരാണ്. അരുതായ്മകളുടെ അനന്തര ഫലമാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നത്. തുടർ ഭരണം ലഹരി വ്യാപനത്തിനുമുള്ള ലൈസൻസായിരുന്നില്ലെന്ന് കുറച്ചു പേരെങ്കിലും തിരിച്ചറിയുന്നത് നല്ല കാര്യം.






