രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ യശ്വന്ത് സിന്‍ഹ പത്രിക നല്‍കി

ന്യൂദല്‍ഹി-പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പാര്‍ലമെന്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരദ്പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജമ്മു കശ്മീര്‍ നഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

ദ്രൗപതി മുർമുവിന്റെ ഗ്രാമത്തിൽ വൈദ്യുതി എത്തി

ഭുവനേശ്വർ- ദ്രൗപതി മുർമുവിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതോടെ നേട്ടമായത് മുർമുവിന്റെ ഗ്രാമത്തിലുള്ളവർക്ക്. ഇനിയും വൈദ്യുതി എത്താത്ത ഗ്രാമത്തിൽ വളരെ വേഗമാണ് ഇലക്ട്രിക് വെളിച്ചമെത്തിയത്. മുർമുവിന്റെ ജന്മസ്ഥലമായ ഉപർബെഡയിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുർമു ഇപ്പോൾ ഇവിടെ താമസിക്കുന്നില്ലെങ്കിലും, അവരുടെ ബന്ധുക്കൾ ഇപ്പോഴും ഇവിടെയുണ്ട്. ഉപർബെഡയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള മുനിസിപ്പൽ പട്ടണമായ റായ്‌രംഗ്പൂരിലാണ് പതിറ്റാണ്ടുകളായി മുർമു താമസിക്കുന്നത്.
രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാവുമെന്ന് ഉറപ്പാക്കിയ മുർമുവിന്റെ ജന്മനാട് തേടി മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് ഇപ്പോഴും ഗ്രാമീണർ മണ്ണെണ്ണ വിളക്കിന്റെ സഹായത്തോടെയാണ് രാത്രി വെളിച്ചം കാണുന്നതെന്ന് മനസ്സിലാക്കിയത്. ഇത് വാർത്തയായതോടെയാണ് ഒഡീഷ സർക്കാർ ഉണർന്നത്. മുർമുവിന്റെ അനന്തരവൻ ബിരാഞ്ചി നാരായൺ ടുഡുവും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോഴും ദുംഗർസാഹി കുഗ്രാമത്തിലാണുള്ളത്. തങ്ങൾ പലരോടും വൈദ്യുതിക്കായി അഭ്യർഥിച്ചിരുന്നുവെങ്കിലും അവരാരും ശ്രദ്ധിച്ചിരുന്നില്ലെന്ന് ബിരാഞ്ചി നാരായൺ ടുഡുവിന്റെ ഭാര്യ പറഞ്ഞു

Latest News