Sorry, you need to enable JavaScript to visit this website.

ഉജ്വല ഫോമില്‍ പ്രതിപക്ഷം, നിയമസഭാ  സമ്മേളനം ഇന്നു മുതല്‍ 

തിരുവനന്തപുരം- നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്.  നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും സഭക്ക് പുറത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്താനുമാണ് പ്രതിപക്ഷ തീരുമാനം.
സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും. തൃക്കാക്കരയില്‍ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി സഭയില്‍ പറയേണ്ടി വരും. കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയം എന്നിവയിലെ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഉറ്റുനോക്കേണ്ട ഒന്നാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കോവിഡ് പശ്ചാത്തലത്തിലും ഇത്രയും ദിവസങ്ങള്‍ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട പ്രകടനമാണ്.
 

Latest News