കണ്ണൂര്‍- രണ്ടാഴ്ച കഴിഞ്ഞ് നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിേക്കുള്ള യാത്ര ഒരു ദിവസം മാറ്റിവെച്ച് മാരത്തണില്‍ പങ്കെടുക്കാനെത്തിയത് സംഘാടകര്‍ക്കും ഓട്ടത്തില്‍ പങ്കെടുത്തവര്‍ക്കും കൗതുകമായി.
ജിദ്ദയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റഫീല്‍ കരീമാണ് കോഴിക്കോട് ബീച്ചില്‍ നടന്ന മണ്‍സൂണ്‍ ബീച്ച് റണ്ണില്‍ പങ്കെടുത്ത് മെഡലും സര്‍ട്ടിഫിക്കറ്റുമായി വീട്ടിലെത്തിയത്. കോഴിക്കോട് ഡിക്കാത്തലോണും റോയല്‍ റണ്ണേഴ്‌സ് കാലിക്കറ്റും ചേര്‍ന്ന് സംഘടിപ്പിച്ച ബീച്ച് റണ്‍ മികച്ചതായിരുന്നുവെന്ന് റഫീല്‍ പറഞ്ഞു.
ജിദ്ദയില്‍നിന്ന് യാത്ര പുറപ്പെടുംമുമ്പ് തന്നെ ബീച്ച് റണ്ണില്‍ പങ്കെടുക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഫീല്‍ പറഞ്ഞു. നാട്ടിലും പ്രവാസ ലോകത്തും മാരത്തണുകളില്‍ പങ്കെടുക്കാറുള്ള ഖമീസിലെ സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ റസാഖ് കിണാശ്ശേരിയാണ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് റഫീല്‍ പറഞ്ഞു.
സൗദിയില്‍ ജിദ്ദയിലും റിയാദിലും നിരവധി ഫിറ്റ്‌നെസ്, മാരത്തണുകളില്‍ പങ്കെടുത്തിട്ടുള്ള റഫീലിന് നഷ്ട മെഡലുകള്‍ വീണ്ടെടുക്കാനുള്ള അവസരങ്ങളാണ് ഇനിയുള്ള മാരത്തോണുകളും.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ച ശേഷവും തിരക്കുകള്‍ക്ക് അവധി നല്‍കി നിരവിധ മത്സരങ്ങളില്‍ പങ്കെടുത്ത റഫീല്‍ കരസ്ഥമാക്കിയ നൂറോളം മെഡലുകള്‍ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടിരുന്നു. ജിദ്ദയിലെ ഫ് ളാറ്റ് മാറുന്നതിനിടെ, ക്ലീനിംഗ് ജോലിയിലേര്‍പ്പെട്ട ബംഗ്ലാദേശ് സ്വദേശിയാണ് ഇവ മാലിന്യപ്പെട്ടിയില്‍ തള്ളിയത്. ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയ റഫീലിന് അതു വലിയ ആഘാതമായി.
ഇനി ഇതു മാത്രമേ ബാക്കിയുള്ളൂ.. മെഡല്‍ കൂമ്പാരത്തിന്റെ ഫോട്ടാകള്‍ കാണിച്ച് റഫീല്‍ കരീം പറയുമ്പോള്‍ സങ്കടത്തോടൊപ്പം ഇനിയും കാണാമെന്ന ദൃഡനിശ്ചയവുമുണ്ട്. ജിദ്ദയില്‍ ഒരുമിച്ച് പഠിക്കുകയും സൗദിയില്‍ തന്നെ ജോലി കരസ്ഥമാക്കുകയും ചെയ്ത സുഹൃത്തുക്കളെ വ്യായാമത്തിലേക്കും മാരത്തണിലേക്കും ക്ഷണിക്കാറുള്ള റഫീല്‍ സൗദിയില്‍ മത്സരത്തിനും വിവിധ അവസരങ്ങളില്‍ നടക്കാറുള്ള മാരത്തണിനുമുള്ള അറിയിപ്പുകള്‍ വരുമ്പോള്‍ അത് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അവരെ ഓര്‍മിപ്പിക്കും. കൂട്ടുകാരുമായി സമയം ചെലവഴിക്കുന്നതിനിടയിലും ദേ ഞാനിപ്പോ ഓടീട്ട് വരാമെന്ന് പറഞ്ഞു റഫീല്‍ മുങ്ങുമെന്ന് കൂട്ടുകാരും പറയും.
കല്യാണത്തിന്റെ ദിവസമിങ്ങെത്തിയെന്നും കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയാണെന്നും റഫീല്‍ പറഞ്ഞു. ജൂലൈ 14 ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ജിദ്ദയില്‍നിന്നും സുഹൃത്തുക്കളൊക്കെ വരുന്നുണ്ട്. ജിദ്ദയിലുണ്ടായിരുന്ന റഫീലിന്റെ പിതാവ് അബ്ദുല്‍ കരീമും സേവന രംഗത്ത് സജീവമായിരുന്നു. നാലു വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഇതാണ് യഥാര്‍ഥ സ്പിരിറ്റെന്നും അവധിക്ക് നാട്ടിലെത്തിയിട്ടും കുടുംബത്തോടൊപ്പം ചേരുന്നത് ഒരു ദിവസം മാറ്റിവെച്ച് കോഴിക്കോട് തങ്ങി മാരത്തെണില്‍ പങ്കെടുത്ത റഫീലിനെ അഭിനന്ദിച്ചുകൊണ്ട് റസാഖ് കിണാശ്ശേരി പറഞ്ഞു.