തൃശൂര്‍- എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്മാന് എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ പദവിയില്‍ സേവനമനുഷ്ഠിചിരുന്നു.
പത്രപ്രവര്ത്തകന്, തായമ്പക വിദ്ഗധന് തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രസിദ്ധനാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമാണ്. ചലച്ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധേയനായി.
കവി, ഗാനരചയിതാവ് കലാ നിരൂപകന് എന്നീ നിലകളീല്‍ പ്രശസ്തനാണ് ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടി. നാല് സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. കേരളവര്‍മ്മ കോളജില്‍ പഠിച്ചു.1950കളുടെ അവസാനം 'നവജീവ'നില് തുടങ്ങിയ പത്രപ്രവര്‍ത്തന ജീവിതം 2004 ല്‍ കോഴിക്കോട് മലയാള മനോരമയില്‍നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടര്‍ന്നു. ഇതിനിടയില്‍ 2 വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.
ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കുംചൊവ്വല്ലൂര് കൃഷ്ണന് കുട്ടിയെ മലയാളികള്‍ക്കും സംഗീതാസ്വാദകര്‍ക്കും കൂടുതല്‍ പരിചയം. തരംഗിണിക്കുവേണ്ടി ടി.എസ്.രാധാകൃഷ്ണനുമൊത്ത് തയാറാക്കിയ തുളസീതീര്‍ത്ഥം(1986)നാളിതു വരെ ഇറങ്ങിയ ഭക്തി ഗാന ആല്‍ബങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ്. അതിലെ 'ഒരു നേരമെങ്കിലും..', 'അഷ്ടമിരോഹിണി ..' അമ്പലപ്പുഴയിലെന്‍... തുടങ്ങിയ നിത്യ ഹരിത ഗാനങ്ങള്‍ മനോഹരമാണ്.
യൂസഫലി കേച്ചേരി സംവിധാനം ചെയ്ത 'മരം' എന്ന സിനിമയില്‍ അഭിനയിച്ച് അഭിനയരംഗത്താണ് സിനിമാ പ്രവേശം. തുലാവര്‍ഷം (1975) സിനിമയിലെ 'സ്വപ്നാടനം ഞാന്‍ തുടരുന്നു' എന്ന സലീല്‍ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി.
സര്‍ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. പ്രഭാതസന്ധ്യ ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കര്‍പ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്.
സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ.






