കണ്ണൂർ - കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയും കേരളം ഭരിക്കുന്ന പിണരായി വിജയനും ദളിതരെ പീദിപ്പക്കാൻ മത്സരിക്കുകയാമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസ്സൻ ആരോപിച്ചു. കണ്ണൂരിൽ ദളിത് ഐക്യദാർഢ്യ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസ്സൻ.
ദളിതരേയു ന്യൂനപക്ഷത്തേയും ബുദ്ധിജീവികളെയും തകർക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ആർ.എസ്.എസ് സഖ്യത്തിന്റെ ലക്ഷ്യം. ദേശീയതലത്തിൽ ദളിത് സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. നിരവധി ദളിതരെയാണ് ചുട്ടു കൊന്നത്.
കോൺഗ്രസ് കൊണ്ടുവന്ന ദളിത് ക്ഷേമ പദ്ധതികൾ പലതും മോഡി സർക്കാർ അട്ടിമറിക്കുകയാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. ദളിതരുടെ പേരിൽ വോട്ടിനായി മാത്രം മുതലക്കണ്ണീർ ഒഴുക്കുകയാണ് സി.പി.എം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ ചിത്രലേഖയോട് കാണിച്ചത്. യു.ഡി.എഫ് സർക്കാർ നൽകിയ ഭൂമി രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ തിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്.
ഈ സർക്കാർ രക്തസാക്ഷികൾക്കു വേണ്ടി പണം ചെലവഴിക്കുമ്പോഴാണ് ജീവിക്കുവാൻ വേണ്ടി സമരം ചെയ്യുന്ന ചിത്രലേഖയിൽ നിന്നും സ്വന്തം ഭൂമി പിടിച്ചെടുക്കുന്നത് -ഹസ്സൻ ആരോപിച്ചു. ദളിതരോടുള്ള സമീപനത്തിൽ നരേന്ദ്ര മോഡിക്കും മാർക്‌സിസ്റ്റു പാർട്ടിക്കും ഒരേ ദാഹവും ഒരേ മോഹവുമാണ്. അധികാരമാണ് മോഹമെങ്കിൽ, രക്തമാണ് ദാഹം. ഏകാധിപതികളായ നരേന്ദ്ര മോഡിയും പിണറായി വിജയനും അധികാര കൊതിയും രക്തദാഹവും ഒരേ പോലെയാണ് -ഹസ്സൻ ആരോപിച്ചു.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പരിപാടിയിൽ നേതാക്കളായ കെ.സി.ജോസഫ്, കെ.സുധാകരൻ, അഡ്വ.ലാലി വിൻസന്റ്, ജോൺസൺ, ശൂരനാട് രാജശേഖരൻ, രാജ് മോഹൻ ഉണ്ണിത്താൻ, കെ.പി.കുഞ്ഞിക്കണ്ണൻ, സതീശൻ പാച്ചേനി, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രൻ, പി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.