വിമത എം.എല്‍.എമാര്‍ ശവങ്ങളെപ്പോലെ, ഒറ്റിക്കൊടുത്തവര്‍ തീര്‍ന്നു- സഞ്ജയ് റാവത്ത്

മുംബൈ- ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എമാരുടെ ആത്മാവ് മരിച്ചെന്നും അവരുടെ ശരീരം മാത്രമേ മുംബൈയില്‍ തിരിച്ചെത്തുകയുള്ളൂവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

'ഗുവാഹതിയിലുള്ള 40 എം.എല്‍.എമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തുകയുള്ളൂ. അവരുടെ ആത്മാവ് മരിച്ചു. അവര്‍ തിരിച്ചെത്തിയാല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് അവരുടെ ശരീരം നേരിട്ട് പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഇപ്പോള്‍ ഇവിടെ കത്തുന്ന തീയില്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്കറിയാം'- സേനാ വക്താവ് പറഞ്ഞു.

ബാല്‍ താക്കറെയെ ഒറ്റിക്കൊടുക്കുന്നവര്‍ തീര്‍ന്നെന്നും ഇനി മുതല്‍ ആരെ വിശ്വസിക്കണമെന്ന് നമ്മള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവഹാട്ടി റാഡിസണ്‍ ബ്ലൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ല. ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതില്‍ പകുതി പേര്‍ പുറത്താകും. എത്രനാള്‍ നിങ്ങള്‍ ഗുജറാത്തില്‍ ഒളിക്കും, ചൗപ്പട്ടിയിലേക്ക് നിങ്ങള്‍ മടങ്ങേണ്ടി വരും. ജീവനുള്ള ശവങ്ങള്‍ പോലെയാണ് പലരും അവിടെ കഴിയുന്നത്- റാവുത്ത് പറഞ്ഞു.

ഇതിനിടെ വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവസേന യുവ നേതാവുമായ ആദിത്യ താക്കറെ പറഞ്ഞു.

'പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശിവസേന വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ദേശദ്രോഹികളായ വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല' ആദിത്യ പറഞ്ഞു.

 

Latest News