Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥി യുവജനങ്ങള്‍ ഭൂരിപക്ഷവും മദ്യപര്‍, പ്രസ്താവന വളച്ചൊടിച്ചെന്ന് മന്ത്രി ഗോവിന്ദന്‍

തിരുവനന്തപുരം- സംസ്ഥാനത്തെ യുവജന വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ മദ്യാസക്തി ഉയരുന്നു എന്ന തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി എം.വി ഗോവിന്ദന്‍.  യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളില്‍ മദ്യത്തിന്റെ സ്വാധീനം കൂടുതലാണെന്നാണ് താന്‍ പറഞ്ഞത്. ഇവരില്‍ മഹാഭൂരിപക്ഷവും മദ്യപരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. പോസിറ്റിവായ രീതിയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത്, എന്നാല്‍ അതില്‍ നെഗറ്റീവ് കണ്ടെത്തുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ മയക്കുമരുന്ന് ലോബിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നവരായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദ്യാര്‍ഥി, യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും മദ്യപരാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു എന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നതായി വാര്‍ത്തകള്‍ വന്നതോടെ മന്ത്രിക്കൊപ്പമുള്ളവര്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മദ്യത്തെ പൂര്‍ണമായി നിരോധിക്കുന്നവരല്ല മറിച്ച് മദ്യവര്‍ജനമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ തലമുറയെ ആത്മാര്‍ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി യുവജന സംഘടനകളെയാണ്.

ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത്.

കേരളം മയക്കുമരുന്നിന്റെ ഹബായി മാറുകയാണെന്നും  മന്ത്രി പറഞ്ഞു. കടല്‍മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.

 

Latest News