അച്ഛനോട് കലിപ്പുള്ളവരുടെ നീക്കം, മോഹന്‍ലാലിനെതിരെ ഒളിയമ്പുമായി ഷമ്മി

കൊച്ചി- മോഹന്‍ലാലിനെതിരെ ഒളിയമ്പുമായി നടന്‍ ഷമ്മി തിലകന്‍. തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിന് പിന്നില്‍ അച്ഛനോട് കലിപ്പുള്ളവരാണെന്ന് അദ്ദേഹം ആരോപിച്ചു. നടപടി എടുക്കരുതെന്ന് മമ്മുട്ടി അടക്കമുള്ളവര്‍ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഷമ്മി തിലകനെതിരെ പ്രതിഷേധമുണ്ടെന്നും നടപടി എടുക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അമ്മ ഭാരവാഹികള്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍.

'നടപടി നേരിടാന്‍ തയാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണമായും കേട്ടിട്ടില്ല. അതിന് മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും. അച്ഛന്‍ പണ്ട് മാഫിയ സംഘം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സകുമാര്‍ അഴീക്കോടും പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അതിനേക്കാള്‍ അപ്പുറമാണ് പറഞ്ഞിരിക്കുന്നത്. അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്റെ കൂടി പണം ഉപയോഗിച്ചാണ്. അതില്‍ മൂന്നാമത് അംഗത്വം എടുത്ത വ്യക്തിയാണ് ഞാന്‍. മണിയന്‍ പിള്ള രാജുവാണ് അന്ന് പണം വാങ്ങിച്ചത്. അമ്മയുടെ ലെറ്റര്‍പാഡിന്റെ പൈസ കൊടുത്തത് ഞാനാണെന്നാണ് വിശ്വസിക്കുന്നത്. ആ ലെറ്റര്‍ പാഡില്‍ തന്നെ എന്നെ പുറത്താക്കിയെന്ന് വരട്ടെ. അപ്പോള്‍ പ്രതികരിക്കും' ഷമ്മി തിലകന്‍ പറഞ്ഞു.

മമ്മുക്ക അടക്കം എനിക്കെതിരെ നടപടിയെടുക്കരുത് പറഞ്ഞതായാണ് ഞാന്‍ കേട്ടത്. മമ്മുക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. താക്കീത് മതിയെന്നും ചിലര്‍ പറഞ്ഞു. എന്താണ് ഞാന്‍ പറഞ്ഞതെന്നും എന്തിന് വേണ്ടിയാണ് ഞാന്‍ പ്രതികരിച്ചതെന്നും അറിയാവുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്. സത്യത്തെ മൂടിവെക്കാനാകില്ല. അമ്മയില്‍നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം എനിക്കില്ല. അമ്മയിലെ ചില ഭാരവാഹികളില്‍നിന്ന് നീതിലഭിക്കില്ലെന്ന തോന്നലുണ്ട്. -ഷമ്മി വ്യക്തമാക്കി.

 

Latest News