Sorry, you need to enable JavaScript to visit this website.

ചന്ദ്രനിലെ മണ്ണുതിന്ന കൂറ, വില 3 കോടി; കച്ചവടം പറ്റില്ലെന്ന് നാസ

മിനിയാപൊളിസ്- 1969 ലെ അപ്പോളോ ദൗത്യത്തിനിടെ ചന്ദ്രനില്‍ നിന്നും ശേഖരിച്ച മണ്ണ് ലേലം ചെയ്യുന്നതിനുള്ള നടപടി നിര്‍ത്തിവെക്കണമെന്ന് നാസ. ബോസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവ!ര്‍ത്തിക്കുന്ന ആര്‍ആര്‍ കമ്പനിയോടാണ് നാസ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രനില്‍ നിന്നും ശേഖരിച്ച മണ്ണിന് വിഷാംശമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി പരീക്ഷണത്തിന് ഉപയോഗിച്ച പാറ്റകളെ ലേലം ചെയ്യുന്നതിനും നാസ വിലക്കേ!ര്‍പ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രനില്‍ നിന്നും ശേഖരിച്ച വസ്തുക്കളും അതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായ വസ്തുക്കളും ഇപ്പോഴും ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളവയാണെന്നാണ് നാസയുടെ അഭിഭാഷകന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. ചന്ദ്രനില്‍ നിന്നുള്ള 40 മില്ലി ഗ്രാമോളം വരുന്ന മണ്ണും മൂന്ന് ചത്ത കൂറകളും  അടങ്ങിയ ലേലവസ്തു കുറഞ്ഞത് 400,000 ഡോളറിന് ലേലം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ലേലം പാടില്ലെന്ന മുന്നറിയിപ്പുമായി നാസ രംഗത്തെത്തിയിരിക്കുന്നത്.
'ലേലത്തിനായി വെച്ചിരിക്കുന്ന എല്ലാ സാമ്പിളുകളും നാസയുടേതാണ്. പരീക്ഷണത്തിനു ശേഷം അവ നശിപ്പിക്കുന്നതിനോ വില്‍ക്കുന്നതിനോ വ്യക്തിഗത പ്രദര്‍ശനങ്ങള്‍ക്കോ വേണ്ടി സൂക്ഷിക്കാന്‍ വ്യക്തിക്കോ, സര്‍വകലാശാലകള്‍ക്കോ മറ്റ് സ്ഥാപനങ്ങള്‍ക്കോ അനുമതി നല്‍കിയിട്ടില്ല. അപ്പോളോ 11 ദൗത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ വസ്തുക്കളുടെയും ലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.' കത്തില്‍ നാസ ആവശ്യപ്പെട്ടു.
ജൂണ്‍ 22ന് പുറപ്പെടുവിച്ച കത്തില്‍ ലേലത്തിനുവെച്ച എല്ലാ സാമ്പിളുകളും ഫെഡറല്‍ ഗവണ്‍മെന്റിന് തിരികെ നല്‍കണമെന്നും നാസയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളോ ദൗത്യവുമായി ബന്ധപ്പെട്ട് 21.3 കിലോ ഗ്രാം പാറ കഷ്ണങ്ങളാണ് ഭൂമിയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ വിഷാംശമുണ്ടോ എന്ന് മനസിലാക്കുന്നതിനാണ് മത്സ്യങ്ങളെയും ചെറു ജീവികളെയും പരീക്ഷണത്തിന്റെ ഭാഗമാക്കിയത്. ചന്ദ്രനില്‍ നിന്നുള്ള പൊടി തിന്ന കൂറകളെ മിനിസോട്ട സ!ര്‍വകലാശാലയില്‍ എത്തിക്കുകയും എന്റമോളജിസ്റ്റായ (കീടങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ) മരിയോണ്‍ ബ്രൂക്ക്‌സ് അവയെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു.
'അവയില്‍ വിഷാംശമുള്ള ഒന്നും കണ്ടെത്തിയില്ല.' എന്നാണ് പരിശോധനയ്ക്ക് ശേഷം മരിയോണ്‍ ബ്രൂക്ക്‌സ് പറഞ്ഞത്. 1969ല്‍ മിനിയാപൊളിസ് ട്രിബ്യൂണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാന്ദ്ര വസ്തുക്കളില്‍ ജീവന് ഭീഷണിയാകുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ലേഖനത്തില്‍ പറയുന്നു.
പരീക്ഷണത്തിനു ശേഷം ചാന്ദ്ര ശിലകളും പാറ്റകളെയും മരിയോണ്‍ ബ്രൂക്ക്‌സ് നാസയ്ക്ക് തിരികെ നല്‍കിയില്ല. പകരം വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. 2010ല്‍ അവരുടെ മകള്‍ അവ വില്‍പ്പന നടത്തി. ഒരു മൂന്നാം കക്ഷി ലേലം ചെയ്യുന്ന വസ്തുവില്‍ അവകാശവാദം ഉയരുന്നത് ഇതാദ്യമല്ലെന്ന് ലേല കമ്പനിയുടെ അഭിഭാഷകന്‍ പറയുന്നു.

Latest News