Sorry, you need to enable JavaScript to visit this website.

എസ്.എസ്.എല്‍.സി വിജയം ആഘോഷിക്കാന്‍ സ്വയം ഫ്‌ളെക്‌സ് വെച്ച കുഞ്ഞാക്കുവിനെ അഭിനന്ദിച്ച് മന്ത്രി

പത്താം ക്ലാസിലെ വിജയം ആഘോഷിക്കാന്‍ സ്വയം ഫ്‌ളെക്‌സ് സ്ഥാപിച്ച കുഞ്ഞാക്കുവിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ജീവിതത്തില്‍ മികച്ച വിജയങ്ങള്‍ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ തേടിയെത്തട്ടെ എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കുവാണ് സ്വയം ഫഌക്‌സ് വെച്ചത്.  സ്വന്തം വിജയം ആഘോഷിക്കാന്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡില്‍ അങ്ങാടിക്കല്‍ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികില്‍ ഒരു ഫഌ്‌സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത്. കുഞ്ഞാക്കുവിന്റെ ഫഌ്‌സ് പെട്ടെന്ന് നവ മാധ്യമങ്ങളില്‍ വൈറലായി. നാട്ടുകാരെയും നവമാധ്യമങ്ങളിലെ ആളുകളെയും ചിരിപ്പിച്ചെങ്കിലും കണ്ണീരിന്റെ നനവുള്ളതാണ് ഈ ഫഌക്‌സ്.

ഇല്ലായ്മയുടെ നടുവില്‍നിന്നാണ് ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്.എസ്.എല്‍.സി. വിജയിച്ചത്. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഇരുവരും പഠിച്ചത്. ഇവരുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ച മാത്രം. അച്ഛനും അമ്മയും കൂലിപ്പണിക്കാരായ കൊച്ചുവീട്ടില്‍ ജ്യേഷ്ഠന്‍ വിഷ്ണു, അച്ഛന്റെ അമ്മ, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛന്റെ അനുജന്‍ എന്നിവരുണ്ട്. വീട്ടില്‍ പഠനാന്തരീക്ഷം യോജിച്ചതല്ലാത്തതിനാല്‍ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടില്‍നിന്നാണ് ഇരുവരും പഠിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുറുമ്പകര സി.എം.എച്ച്. എസിലായിരുന്നു പഠനം.

പത്താംക്ലാസില്‍ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ബസ്സില്‍ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്. താന്‍ ഒരിക്കലും എസ്.എസ്.എല്‍.സി. വിജയിക്കില്ല എന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഇത് തന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും അതാണ്‌ െഫ്‌ളക്‌സ് വെക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു.
കൂട്ടുകാരുടെ സഹായത്തോടെയാണ് ഫഌ്‌സ് സ്ഥാപിച്ചത്.

 

Latest News