മുർമുവിന്റെ വരവ്

ഒന്നോ രണ്ടോ ദളിതരോ ആദിവാസികളോ പ്രസിഡന്റ് സ്ഥാനത്തെത്തിയാൽപോലും അവരുടെ സമൂഹങ്ങളുടെ സാമൂഹ്യ അവസ്ഥപോയിട്ട്, അവരുടെ തന്നെ സാമൂഹ്യ അവസ്ഥക്ക് പോലും മാറ്റം വരുന്നില്ല എന്നതിന്റെ പ്രതീകാത്മക ഉത്തരമാണ് ക്ഷേത്രം ചൂലെടുത്ത് വൃത്തിയാക്കുന്ന ദ്രൗപതി മുർമുവിന്റെ ചിത്രം. ഇന്നും ചാതുർവർണ്യ-മനുസ്മൃതിമൂല്യങ്ങൾ കൊടികുത്തിവാഴുന്ന ഒരു സമൂഹത്തിൽ തങ്ങളുടെ വിഭാവനയിലുള്ള ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന പ്രസ്ഥാനം ഭരിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നതു വ്യക്തം.

രാജ്യത്ത് ഏറ്റവും കുശാഗ്രബുദ്ധിയോടേയും കുബുദ്ധിയോടേയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനം ബി.ജെ.പിയാണെന്നതിൽ സംശയമില്ല. ചുരുങ്ങിയപക്ഷം 1980 മുതലെങ്കിലും കൃത്യമായ ലക്ഷ്യത്തോടെ, ആസൂത്രണത്തോടെയുള്ള പദ്ധതികളാണവർ നടപ്പാക്കുന്നത്. അതിനായി എന്തു ക്രൂരത ചെയ്യാനും മടിയില്ല എന്നതും പ്രത്യേകം പറയണം. ഏതു രീതിയിലും തങ്ങളുടെ ലക്ഷ്യത്തിനു വിഘാതമായവരെ തകർക്കുക എന്നതിൽ ഒരു വിട്ടുവീഴ്ചക്കും സംഘപരിവാർ തയാറല്ല എന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. അത് വർഗീയ കലാപങ്ങളും ആരാധനാലയങ്ങൾ തകർക്കലും കൂട്ടക്കൊലകളും മുതൽ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കൽ വരെ എന്തുമാകാം. ഇതിനെല്ലാം അവർക്കു കരുത്തേകുന്നത് സവർണ പ്രത്യയശാസ്ത്രമല്ലാതെ മറ്റൊന്നല്ല. അതേസമയം തന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങളും ഭംഗിയായി നടപ്പാക്കാനും അതുവഴി പ്രതിപക്ഷത്തെ പൂർണമായും നിശബ്ദരാക്കാനും അവർക്കു കഴിയുന്നു. 
ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ പ്രതിനിധിയും ബി.ജെ.പി നേതാവുമായ ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയാക്കാനും മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുമുള്ള ബി.ജെ.പി നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ആദിവാസി വിഭാഗത്തിൽനിന്നുള്ള ഒരു സ്ത്രീയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കുക വഴി സവർണ വർഗീയ പ്രത്യയശാസ്ത്രമാണ് തങ്ങളെ നയിക്കുന്നതെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാണ് അവരുടെ ശ്രമം. എം.എൽ.എയായും മന്ത്രിയായും വിവിധ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനം അനുഷ്ഠിച്ച പാരമ്പര്യം ദ്രൗപതി മുർമുവിനുണ്ട്. 2007 ൽ ഒഡിഷയിലെ ഏറ്റവും മികച്ച എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദളിത് വിഭാഗത്തിൽപെട്ട രാം നാഥ് ഗോവിന്ദിനേയും മുസ്‌ലിം വിഭാഗത്തിൽപെട്ട അബ്ദുൽ കലാമിനേയും രാഷ്ട്രപതിയാക്കിയതിനു പിറകെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. 
ആത്യന്തികമായി രാഷ്ട്രപതിപദമെന്നത് ഒരലങ്കാരം മാത്രമാണ്. മുന്നിലെത്തുന്ന ഫയലുകളിൽ ഒപ്പുവെക്കുക മാത്രമാണ് രാഷ്ട്രപതിമാരുടെ പ്രധാന ജോലി. ഇന്ത്യൻ ചരിത്രത്തിൽ അപൂർവമായാണ് ഫയൽ തിരിച്ചയച്ച സംഭവങ്ങളുണ്ടായിട്ടുള്ളത്. അപ്പോഴും ദളിതനേയും മുസ്‌ലിമിനേയും രാഷ്ട്രപതിയാക്കിയതിലൂടെ ആ വിഭാഗങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നതുപോകട്ടെ, അവർക്കെതിരായ അക്രമങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ എന്നതെങ്കിലും പരിശോധിച്ചുവേണമല്ലോ ആദിവാസി സ്ത്രീയെ രാഷ്ട്രപതിയാക്കുന്നതുകൊണ്ട് ആ വിഭാഗത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നു നോക്കാൻ. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷം രാജ്യത്തെ ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഇരട്ടിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭീമ കോറഗോവ് പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ദളിത് ചിന്തകരെപോലും ഭീകര നിയമങ്ങൾ ചാർത്തി ജയിലിലിട്ടിരിക്കുന്നു. അതിലെന്തെങ്കിലും ഇടപെടൽ അദ്ദേഹം നടത്തിയതായി കേട്ടിട്ടുമില്ല.  
അതിനേക്കാൾ രൂക്ഷമാണ് അബ്ദുൽ കലാമിന്റെ കാര്യം. കലാമിന്റെ കാലത്തും അതിനുശേഷവും ഇന്ത്യൻ മുസ്‌ലിമുകൾ നേരിടുന്ന പീഡനങ്ങൾക്ക് എന്തെങ്കിലും കണക്കുണ്ടോ? ബീഫിന്റെ പേരിൽ പോലും കൊല ചെയ്യപ്പെടുന്ന അവസ്ഥ ഒരു ഭാഗത്ത്. മറുഭാഗത്ത് പൗരത്വഭേദഗതി നിയമം മുതൽ വീണ്ടും പള്ളികൾ പൊളിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. മുസ്‌ലിമിനെ അപരവൽക്കരിക്കുകയും അവരാണ് ശത്രുക്കൾ എന്നു ചൂണ്ടിക്കാട്ടുകയും ഹിന്ദുക്കളെല്ലാം ഒന്നാണെന്ന് പ്രചരിപ്പിച്ച് ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യം നേടാനുമുള്ള നീക്കങ്ങൾക്കെതിരെ കലാമെന്ന ശാസ്ത്രജ്ഞൻ ചെറുവിരലനക്കിയിട്ടുണ്ടോ? വാസ്തവത്തിൽ ദളിതരേയും ആദിവാസികളേയും മറ്റും അധികാരമില്ലെങ്കിലും ഇത്തരം ഉന്നത സ്ഥാനത്തെത്തിക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യംതന്നെ സവർണ പ്രത്യയശാസ്ത്രത്തിലേക്ക് അവരെ ഉൾചേർക്കുക എന്നതുമാത്രമാണ്. ഈ യാഥാർഥ്യമാണ് നാം തിരിച്ചറിയേണ്ടത്. 
ആദിവാസികൾക്ക് ഭരണഘടനാപരമായി നിലനിന്നിരുന്ന പല അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ദ്രൗപതിയുടെ സ്ഥാനാർഥിത്വം വരുന്നത്. വൻകിട കുത്തകകൾക്കുവേണ്ടി പ്രകൃതി ധാതുവിഭവങ്ങൾ നിറഞ്ഞ വിശാലമായ അവരുടെ ഭൂമികളിൽനിന്ന് അവരെ ബലമായി കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ പോരാട്ടങ്ങളിലാണ് ഒഡീഷയും ഛത്തിസ്ഗഡും ഝാർഖണ്ഡുമടക്കമുള്ള പല സംസ്ഥാനങ്ങളിലേയും ആദിവാസി വിഭാഗങ്ങൾ. മലയാളിയായ കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ, ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള ബിൽ തിരിച്ചയച്ച സംഭവമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു ഇടപെടൽ പോലും ബി.ജെ.പി കൊണ്ടുവരുന്ന രാഷ്ട്രപതി സ്ഥാനാർഥികളിൽനിന്നുണ്ടാകുമെന്ന് കരുതുക വയ്യ. 
നിർഭാഗ്യവശാൽ ഏറെക്കാലമായി ബി.ജെ.പി കളിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ തിരിച്ചറിയാനും അതിനു മൂല്യാധിഷ്ഠിത മറുപടി നൽകാനും കോൺഗ്രസടക്കമുള്ള പ്രതിപക്ഷത്തിനു കഴിയുന്നില്ല. വർഷങ്ങൾക്കുമുമ്പ് പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ്, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതും ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ്, അദ്വാനിയുടെ രഥയാത്ര തടഞ്ഞതും പോലുള്ള ശക്തമായ രാഷ്ട്രീയ നടപടികൾ പിന്നീട് കാര്യമായി ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. സംഘപരിവാറിനെതിരെ ശക്തമായ നിലപാടുണ്ടെന്നു കരുതപ്പെടുന്ന മമത ബാനർജി മുൻകൈ എടുത്തിട്ടുപോലും ശക്തനായ ഒരു സ്ഥാനാർഥിയെ അവതരിപ്പിക്കാനായില്ലല്ലോ. അവരെത്തിയത് പഴയ ഒരു ബി.ജെ.പി നേതാവിൽ. ശക്തമായ മൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടുതന്നെ ഒരു സ്ഥാനാർഥിയെ അവർക്ക് മത്സരിപ്പിക്കാമായിരുന്നല്ലോ. ജയിച്ചില്ലെങ്കിലും അതു നൽകുന്ന സന്ദേശം ചെറുതായിരിക്കില്ല. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ഛത്തിസ്ഗഡിലെ ആദിവാസിയും മനുഷ്യാവകാശ പ്രവർത്തകയും അധ്യാപികയുമായ സോണി സോറിയെ എന്തു കൊണ്ടവർ പരിഗണിച്ചില്ല. ബി.ജെ.പി സ്ഥാനാർഥിക്ക് ശക്തയായ ഒരു മറുപടിയാകുമായിരുന്നു അത്. 
ആദിവാസികളെ അവരുടെ മണ്ണിൽനിന്നു പിഴുതെറിയുന്നതിനെതിരെ സോണി സോറി നടത്തിയത്, നടത്തികൊണ്ടിരിക്കുന്നത് അതിശക്തമായ ചെറുത്തുനിൽപാണ്. അതിനവർ അനുഭവിച്ച പീഡനങ്ങൾ വിവരിക്കാൻപോലും കഴിയാത്തതാണ്. ശരീരത്തിൽ വൈദ്യുതാഘാതമേൽപിക്കുകയും ജനനേന്ദ്രിയത്തിൽ വലിയ കല്ലുകളും പാറക്കഷണങ്ങളും വരെ കടത്തുകയും ലോക്കപ്പിൽ 12 തവണ കൂട്ടബലാത്സംഗം ചെയ്തതായും അവർ തന്നെ പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധമാരോപിച്ചായിരുന്നു അതെല്ലാം. ആംനസ്റ്റി ഇന്റർനാഷനലിന്റേയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റേയും നോം ചോംസ്‌കി, അരുന്ധതി റോയ്, ആനന്ദ് പട്‌വർധൻ, മീന കന്ദസ്വാമി, അരുണ റോയ്, ഹർഷ് മന്ദർ, പ്രശാന്ത് ഭൂഷൺ തുടങ്ങി 250 പ്രമുഖരും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നീട് കോടതി അവർ കുറ്റക്കാരിയല്ലെന്നു കണ്ടെത്തുകയായിരുന്നു. ആദിവാസികളുടെ ജീവിക്കാനുള്ള പോരാട്ടത്തിന് രാഷ്ട്രീയമായ ഇടപെടലും ആവശ്യമാണെന്ന ബോധ്യത്തിൽനിന്ന് പിന്നീടവർ ആം ആദ്മി സ്ഥാനർഥിയായി നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. അവരെ സ്ഥാനർഥിയായി പരിഗണിച്ചു എങ്കിൽ, ആദിവാസികൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഭരണകൂടം കൊല്ലാതെകൊന്ന സ്റ്റാൻ സ്വാമിയോടും നീതിപുലർത്തലാകുമായിരുന്നു.
പ്രതിപക്ഷ പാർട്ടികൾക്ക് അത്തരത്തിലൊന്നും ആലോചിക്കാനാവില്ല എന്നതിൽ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. അതിനുള്ള മറുപടി നമുക്ക് കേരളത്തിൽ നിന്നുതന്നെ ലഭിക്കും. സി.കെ. ജാനു എന്ന പോരാളിയായിരുന്ന ആദിവാസി സ്ത്രീ എങ്ങനെയാണ് സംഘപരിവാർ പാളയത്തിലെത്തിയത് എന്നത് സമീപകാല ചരിത്രമാണല്ലോ. അവരുടെ നേതൃത്വത്തിൽ നടന്ന ആദിവാസി പോരാട്ടങ്ങളോട് ഇരുമുന്നണികളും സ്വീകരിച്ച നിഷേധാത്മക നിലപാട് ഏതു കുഞ്ഞിനുമറിയാം. പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഭരണഘടനാപരമായ സ്വയംഭരണം പോലുള്ള അവകാശങ്ങൾപോലും അനുവദിക്കാൻ ഇരുമുന്നണികളും തയാറായില്ല. ഈ സാഹചര്യത്തിലാണ് സംഘപരിവാർ ഒരുക്കിയ കെണിയിലവർ വീണത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ദളിത്, ആദിവാസി, സ്ത്രീ പ്രാതിനിധ്യം മാത്രം നോക്കിയാൽ കാര്യങ്ങൾ വ്യക്തമാകും. ഏറ്റവും വലിയ വിപ്ലവം പറയുന്ന സി.പി.എമ്മിൽപോലും ആദ്യമായാണല്ലോ ഒരു ദളിതൻ പോളിറ്റ് ബ്യൂറോയിലെത്തുന്നത്. പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ അവസ്ഥ ഇതാണെങ്കിൽ മറ്റിടങ്ങളിലേത് പറയേണ്ടതില്ലല്ലോ. ഇടക്കാലത്ത് മണ്ഡൽ കമ്മീഷനെ തുടർന്ന് ദളിത്-പിന്നോക്ക-മുസ്‌ലിം വിഭാഗങ്ങളിലുണ്ടായ ഉണർവിനെയെല്ലാം മറികടക്കാനും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട പ്രസ്ഥാനങ്ങളെപോലും വിലക്കെടുക്കാനും സംഘ്പരിവാറിനാകുകയും ചെയ്തു. ഇപ്പോഴിതാ എൻ.ഡി.എക്ക് പുറത്തുള്ള പല പാർട്ടികളും ബി.ജെ.പി സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 
മറ്റൊരു പ്രധാന വിഷയവും പറയാതെ വയ്യ. ഒന്നോ രണ്ടോ ദളിതരോ ആദിവാസികളോ പ്രസിഡന്റ് സ്ഥാനത്തെത്തിയാൽപോലും അവരുടെ സമൂഹങ്ങളുടെ സാമൂഹ്യ അവസ്ഥക്കുപോയിട്ട്, അവരുടെ തന്നെ സാമൂഹ്യ അവസ്ഥക്ക് മാറ്റം വരുമോ എന്നതാണത്. ഇല്ല എന്നതിന്റെ പ്രതീകാത്മക ഉത്തരമാണ് ക്ഷേത്രം ചൂലെടുത്ത് അടിച്ചുവാരി വൃത്തിയാക്കുന്ന ദ്രൗപതി മുർമുവിന്റെ ചിത്രം. ഇന്നും ചാതുർവർണ്യ-മനുസ്മൃതിമൂല്യങ്ങൾ കൊടികുത്തിവാഴുന്ന ഒരു സമൂഹത്തിൽ, അവ കൂടുതൽ ശക്തിപ്പെടുത്തി തങ്ങളുടെ വിഭാവനയിലുള്ള ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന പ്രസ്ഥാനം ഭരിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നതുവ്യക്തം. അതിനാൽ തന്നെ അപരവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിനും സന്തോഷം നൽകുന്നതല്ല ബി.ജെ.പിയുടെ ഈ തെരഞ്ഞെടുപ്പ്.
തുടക്കത്തിൽ പറഞ്ഞപോലെ ഇതേ സാഹചര്യത്തിലാണ്, പല സംസ്ഥാനങ്ങളിലും നേരത്തെ വിജയകരമായി നടപ്പാക്കിയ, ജനാധിപത്യ വിരുദ്ധമായ ഭരണഅട്ടിമറി മഹാരാഷ്ട്രയിലും നടപ്പാക്കാൻ അവർ ശ്രമിക്കുന്നത്. അതിലും അവരുടെ ലക്ഷ്യം വ്യക്തമാണ്. സങ്കുചിതപ്രാദേശികവാദത്തിലും 'മദ്രാസി'വിരുദ്ധതയിലുമായിരുന്നല്ലോ ശിവസേനയുടെ ജനനം. പിന്നീടത് ഹിന്ദുത്വവും മുസ്‌ലിം വിരുദ്ധതയുമായി.., അപ്പോൾ ശിവസേന, ബി.ജെ.പിക്ക് പ്രിയപ്പെട്ടവരായി. എന്നാലതിനുശേഷം ശിവസേന സാവധാനമായിട്ടാണെങ്കിലും മതേതരത്വത്തിലേക്കും ജനാധിപത്യത്തിലേക്കും നീങ്ങുകയായിരുന്നു അവർ. അതിനെയാണ് ഇപ്പോൾ അട്ടിമറിക്കുന്നത്. ഇതിനെല്ലാം മൗനസമ്മതം നൽകി, ഹിന്ദുത്വ രാഷ്ട്രത്തിന് കയ്യൊപ്പു ചാർത്തുകയായിരിക്കും പുതിയ പ്രസിഡന്റിന്റെ പ്രധാന ഉത്തരവാദിത്തം എന്നുറപ്പ്.

Latest News