വാക്‌സിന്‍, മരുന്ന് നിര്‍മാണ മേഖലയില്‍ 350 കോടി ഡോളറിന്റെ നിക്ഷേപാവസരം

റിയാദ് - സൗദിയില്‍ വാക്‌സിന്‍, മരുന്ന് നിര്‍മാണ മേഖലയില്‍ 350 കോടി ഡോളറിന്റെ നിക്ഷേപാവസരങ്ങള്‍ വ്യവസായ, ധാതുവിഭവ മന്ത്രിയും വാക്‌സിന്‍, മരുന്ന് വ്യവസായ കമ്മിറ്റി പ്രസിഡന്റുമായ ബന്ദര്‍ അല്‍ഖുറൈഫ് പ്രഖ്യാപിച്ചു. മരുന്ന് സുരക്ഷ കൈവരിക്കാനും മരുന്ന്, വാക്‌സിന്‍ നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ പരിവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദിശാസൂചനകളുടെ ഭാഗമായാണ് 350 കോടി ഡോളറിന്റെ വാക്‌സിന്‍, മരുന്ന് നിക്ഷേപാവസരങ്ങള്‍ രാജ്യം മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഫാര്‍സ്യൂട്ടിക്കല്‍സ് മേഖലയിലെ ലക്ഷ്യങ്ങള്‍ പല ഘട്ടങ്ങളായി കൈവരിക്കാനാണ് ശ്രമം. ആദ്യ ഘട്ടത്തില്‍ വാക്‌സിനുകളുടെയും സുപ്രധാന മരുന്നുകളുടെയും നിര്‍മാണത്തിനും വാക്‌സിന്‍, പ്ലാസ്മ, ഇന്‍സുലിന്‍ സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കാനും ഊന്നല്‍ നല്‍കും. ഈ മേഖലകകളില്‍ സ്വയം ശേഷികള്‍ ആര്‍ജിക്കാനും ആരോഗ്യ, മരുന്ന് സുരക്ഷ കൈവരിക്കാനും സൗദി അറേബ്യയെ സഹായിക്കുന്ന നിലക്ക് പൂര്‍ണ തോതിലുള്ള സാങ്കേതികവിദ്യാ കൈമാറ്റം ഏറെ പ്രധാനമാണ്. നിലവില്‍ വാക്‌സിനുകളും സുപ്രധാന മരുന്നുകളും പൂര്‍ണമായും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇത് ഭീമമായ ചെലവാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കുന്നത്. സൗദിയില്‍ സുപ്രധാന മരുന്നുകള്‍ക്കുള്ള ആവശ്യത്തില്‍ പ്രതിവര്‍ഷം 17 ശതമാനം വളര്‍ച്ചയുണ്ട്.
ഭാവിയില്‍ മഹാമാരികള്‍ തടയാന്‍ കുട്ടികള്‍ക്കുള്ള അടിസ്ഥാന വാക്‌സിനുകള്‍ സൗദിയില്‍ നിര്‍മിക്കാനും ഈ മേഖലയില്‍ സ്വയം ശേഷികള്‍ ആര്‍ജിക്കാനും ഫാക്ടറികള്‍ നിര്‍മിക്കാനും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍, മരുന്ന് വ്യവസായ കമ്മിറ്റി ഊന്നല്‍ നല്‍കും.

 

Latest News