Sorry, you need to enable JavaScript to visit this website.

VIDEO: നാലു ദശകം മുമ്പ് ഫാമില്‍ ജോലി ചെയ്തയാളെ സന്ദര്‍ശിച്ച് സൗദി പൗരന്‍

റിയാദ് - നാല്‍പതു വര്‍ഷത്തോളം മുമ്പ് തങ്ങളുടെ കൃഷിയിടത്തില്‍ ജോലി ചെയ്ത ഈജിപ്തുകാരനെ സ്വദേശത്തെ ഗ്രാമത്തിലെ വീട്ടില്‍ നേരിട്ടെത്തി സന്ദര്‍ശിച്ച് സൗദി പൗരന്‍ അബ്ദുല്ല അല്‍റുവൈഇ. നാലു ദശകം മുമ്പ് തങ്ങളുടെ കൃഷിയിടത്തിലെ ജോലി മതിയാക്കി സ്വദേശത്തേക്ക് മടങ്ങിയ ഈജിപ്തുകാരനെ ഏറെ നീണ്ട അന്വേഷണത്തിലൂടെയാണ് അബ്ദുല്ല കണ്ടെത്തിയത്. പരമ്പരാഗത ഈജിപ്ഷ്യന്‍ വേഷം ധരിച്ച് തനിക്കു മുന്നിലെത്തിയ അബ്ദുല്ലയെ തിരിച്ചറിയാന്‍ വൃദ്ധന് സാധിച്ചില്ല. കാലപ്രവാഹം ഇരുവരുടെയും ശരീരങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ എന്നും കാണുകയും അടുത്തിടപഴകുകയും ചെയ്തിരുന്ന അബ്ദുല്ല മധ്യവയസ്‌കനും യൗവന കാലത്ത് സൗദി കുടുംബത്തിന്റെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന ഈജിപ്തുകാരന്‍ വൃദ്ധനുമായിരിക്കുന്നു.
തങ്ങളുടെ പഴയ തൊഴിലാളിയായ ഈജിപ്തുകാരന് തന്നെ ഒരുനിലക്കും മനസ്സിലാകുന്നില്ലെന്ന് വ്യക്തമായതോടെ നാല്‍പതിലേറെ വര്‍ഷം മുമ്പ് സൗദിയില്‍ ആരുടെ അടുത്താണ് ജോലി ചെയ്തിരുന്നതെന്നും സൗദി പൗരന്റെ മക്കള്‍ ആരെല്ലാമായിരുന്നെന്നും അബ്ദുല്ല ആരാഞ്ഞു. ഇതിന് ഈജിപ്തുകാരന്‍ വ്യക്തമായി മറുപടി നല്‍കി. അല്‍റുവൈഇയുടെ അടുത്താണ് താന്‍ ജോലി ചെയ്തിരുന്നതെന്നും മുഹമ്മദും ഇസ്മായിലും സൈനും അബ്ദുല്ലയും അബ്ദുല്‍അസീസും ആണ് ഇദ്ദേഹത്തിന്റെ മക്കള്‍ എന്നും ഈജിപ്തുകാരന്‍ പറഞ്ഞു.
ഇതോടെ മക്കളുടെ കൂട്ടത്തില്‍ പെട്ട അബ്ദുല്ലയാണ് താനെന്ന് പറഞ്ഞ് സൗദി പൗരന്‍ സ്വയം പരിചയപ്പെടുത്തി. ഇത് കേട്ടയുടന്‍ അബ്ദുല്ല അല്‍റുവൈഇയെ വാരിപ്പുണര്‍ന്ന് ഈജിപ്തുകാരന്‍ ഇരു കവിളുകളിലും മുത്തങ്ങള്‍ നല്‍കുകയായിരുന്നു. റിയാദ് പ്രവിശ്യയില്‍ പെട്ട ഹോത്ത ബനീതമീമിലാണ് നാല്‍പതിലേറെ വര്‍ഷം മുമ്പ് ഈജിപ്തുകാരന്‍ അല്‍റുവൈഇ കുടുംബത്തിന്റെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നത്. ഹിജ്‌റ 1404 ല്‍ ആണ് ഈജിപ്തുകാരന്‍ സൗദിയിലെ ജോലി മതിയാക്കി സ്വദേശത്തേക്ക് മടങ്ങിയത്. അബ്ദുല്ല അല്‍റുവൈഇ ഈജിപ്തിലെ ഗ്രാമപ്രദേശത്തെ വീട്ടിലെത്തി തങ്ങളുടെ പഴയ തൊഴിലാളിയെ സന്ദര്‍ശിക്കുന്നതിന്റെയും ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെയും സ്‌നേഹ പ്രകടനങ്ങളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

 

Latest News