Sorry, you need to enable JavaScript to visit this website.

ഡ്രൈവിംഗിനിടെയുള്ള ഉറക്കം അപകടങ്ങൾക്ക് വഴിയൊരുക്കുന്നു 

മദീന - അടുത്തിടെ, മദീനയിലേക്കുള്ള ഹൈവേകളിൽ തുടർച്ചയായി സംഭവിച്ച വാഹനാപകടങ്ങളിൽ വില്ലനാകുന്നത് ഡ്രൈവിംഗിനിടെയുള്ള ഉറക്കമാണെന്ന് സാമൂഹ്യ പ്രവർത്തകർ. അതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്ക് തീർഥാടനത്തിന് എത്തുന്നവർ യാത്രയിൽ പ്രത്യേകം മുൻകരുതലെടുക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു.
കൃത്യമായ വിശ്രമ സമയങ്ങളോ ഉറക്കമോ കണക്കിലെടുക്കാതെ നടത്തുന്ന ദീർഘദൂര യാത്രകൾ ഒട്ടേറെ ജീവനുകളാണ് എടുക്കുന്നത്. മലയാളികളടക്കം ഒട്ടേറെ മദീന സന്ദർശകരാണ് അപകടത്തിൽ മരിച്ചത്.  
ഒരേ യാത്രയിൽ തന്നെ ഇരു ഹറമുകളിലും സന്ദർശനം പൂർത്തിയാക്കണമെന് ഉദ്ദേശിക്കുന്ന തീർഥാടകരുണ്ട്. ഇതേ തുടർന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ ഉറക്കമിളച്ച് വാഹനമോടിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകുകയാണ്. ഇവർ അപകടം വിളിച്ചു വരുത്തുകയാണെന്ന് മദീനയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നവോദയ ജനറൽ സെക്രട്ടറി അൻസാർ അരിമ്പ്രയും കൺവീനർ നിസാർ കരുനാഗപ്പള്ളിയും പറയുന്നു. അർധരാത്രി മുതൽ പുലർച്ചെ അഞ്ചു വരെ ശരീരം ഉറങ്ങാനുള്ള പ്രവണത കാണിക്കും. അതിനാൽ തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഈ സമയത്തെ യാത്ര തിരഞ്ഞെടുക്കാവൂ. ഉറങ്ങുന്നതിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടന്ന് വാഹനമോടിക്കുന്നത് വൻ ദുരന്തത്തിൽ കലാശിക്കും. 
ഉറക്കിന്റെ ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാൽ 20 മുതൽ 30 മിനിറ്റ് വരെ ഉറങ്ങി പിന്നീട് യാത്ര തുടരുന്നതാവും ഉചിതമാകുക. ദീർഘദൂര യാത്രകൾക്കു മുമ്പായി കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങി എന്ന് ഉറപ്പു വരുത്തണം. നിയന്ത്രിതമായ വേഗതയിൽ മാത്രം വാഹനമോടിക്കുകയും കഴിയുമെങ്കിൽ തനിയെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. യാത്രക്കിടെ കാപ്പി പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത് ഉറക്കത്തെ അൽപമെങ്കിലും മാറ്റിനിർത്താറുണ്ട്. 
രാത്രി ഡ്രൈവിംഗ് പരിചയമില്ലാത്തവർ ഓടിക്കുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നതെന്ന് ബോധ്യമായിട്ടുണ്ട്. ഇത്തരക്കാർ രാത്രിയിലുള്ള ഡ്രൈവിംഗ് പൂർണമായും ഒഴിവാക്കണം. 
ജീവകാരുണ്യ സഹായങ്ങൾക്കായി നവോദയയുടെയും മറ്റും വളണ്ടിയർമാർ മുഴുവൻ സമയവും സന്നദ്ധരാണെന്നും ഭാരവാഹികൾ അറിയിച്ചു.  
 

Latest News