Sorry, you need to enable JavaScript to visit this website.

വാറ്റ് ഇന്‍വോയ്‌സുകള്‍ സക്കാത്ത് അതോറിറ്റിയുമായി ബന്ധിപ്പിക്കല്‍ ജനുവരി മുതല്‍

റിയാദ്- കഴിഞ്ഞവർഷം മൂന്നു ബില്യന്‍ വാര്‍ഷിക വരുമാനം നേടിയവരുടെ വാറ്റ് ഇ-ഇന്‍വോയ്‌സുകള്‍ സകാത്ത്, വാറ്റ് അതോറിറ്റിയുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്ന നടപടി  ജനുവരി മുതല്‍ ആരംഭിക്കുമെന്ന് സക്കാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

നേരത്തെ വരുന്ന ജൂലൈ മുതല്‍ ലിങ്ക് ചെയ്യല്‍ ആരംഭിക്കുമെന്നാണ് അതോറിറ്റി അറിയിച്ചിരുന്നത്. ജനുവരി മുതല്‍ ജൂണ്‍ 30 വരെ ലിങ്ക് ചെയ്യുന്ന നടപടികള്‍ തുടരും. ഇ- ഇന്‍വോയ്‌സുകള്‍ ലിങ്ക് ചെയ്യാന്‍ അര്‍ഹരായവരെ ഇതുസംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും അതോറിറ്റി അറിയിച്ചു.

സ്വകാര്യ മേഖലയില്‍ 20 ലക്ഷം
കവിഞ്ഞ് സൗദി ജീവനക്കാര്‍

റിയാദ് - സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 20 ലക്ഷം കവിഞ്ഞതായി സൗദിവല്‍ക്കരണ കാര്യങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മാജിദ് അല്‍ദുഹവി പറഞ്ഞു. ആദ്യമായാണ് സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ 20 ലക്ഷം കവിയുന്നത്. സൗദിവല്‍ക്കരണം ബാധകമാക്കിയ നിരവധി മേഖലകളില്‍ സൗദി ജീവനക്കാരുടെ അനുപാതം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിംഗ്, ഫാര്‍മസി മാര്‍ക്കറ്റിംഗ് അടക്കം 32 മേഖലകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി ഈ ജോലികളിലും മേഖലകളിലും നിരവധി സൗദി പൗരന്മാര്‍ പ്രവേശിച്ചു.
സ്വകാര്യ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ എണ്ണം 7,000 ല്‍ നിന്ന് 19,000 ആയി ഉയര്‍ന്നിട്ടുണ്ട്. അക്കൗണ്ടിംഗ് മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 9,000 ല്‍ നിന്ന് 26,000 ആയി ഉയര്‍ന്നു. സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയ മറ്റു മേഖലകളിലും ഇതേപോലെ സൗദി ജീവനക്കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 20 ലക്ഷം കവിയുന്നത്. തൊഴില്‍ വിപണിയില്‍ വനിതാ പങ്കാൡത്ത അനുപാതം 34 ശതമാനമായിട്ടുണ്ട്. വിഷന്‍ 2030 പദ്ധതി ലക്ഷ്യമിട്ടതും കവിഞ്ഞുള്ള നേട്ടമാണിത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച മുഴുവന്‍ തീരുമാനങ്ങളും സ്വദേശികളുടെ തൊഴില്‍ വിപണി പ്രവേശനത്തിന് സഹായകമായി.
വ്യത്യസ്ത മേഖലകളില്‍ വിവിധ അനുപാതത്തിലുള്ള സൗദിവല്‍ക്കരണമാണ് ബാധകം. സൗദി ജീവനക്കാരുടെ കുറവ്, യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ കുറവ്, ചില തൊഴിലുകള്‍ സ്വദേശി യുവാക്കള്‍ക്ക് വേണ്ടത്ര അനുയോജ്യമല്ലാതിരിക്കല്‍ എന്നിവ അടക്കമുള്ള പല കാരണങ്ങളാല്‍ അധിക മേഖലകളിലും 100 ശതമാനം സൗദിവല്‍ക്കരണം ബാധകമാക്കിയിട്ടില്ല. ഇത്തരം ഘടകങ്ങളും കാര്യങ്ങളുമെല്ലാം കണക്കിലെടുത്താണ് ഓരരോ മേഖലക്കും ബാധകമാക്കുന്ന സൗദിവല്‍ക്കരണ അനുപാതം നിര്‍ണയിക്കുന്നത്.
തൊഴില്‍ വിപണിയുടെ ആവശ്യങ്ങളും ലഭ്യതയും നിരീക്ഷിക്കുന്ന സൂപ്പര്‍വൈസിംഗ് വിഭാഗം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുണ്ട്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങളും യോഗ്യരായ ബിരുദധാരികളുടെയും ഉദ്യോഗാര്‍ഥികളുടെയും എണ്ണവും തമ്മിലുള്ള വിടവ് നികത്താന്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നു. സൗദികള്‍ക്ക് ആകര്‍ഷകമായ നിരവധി തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനങ്ങള്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിവല്‍ക്കരണ മേഖലക്ക് അനുയോജ്യമായ വികാസവും വളര്‍ച്ചയമുള്ള മേഖലകള്‍ മന്ത്രാലയം നിരീക്ഷിക്കുന്നതായും മാജിദ് അല്‍ദുഹവി പറഞ്ഞു.
ഏഴു മേഖലകളില്‍ സൗദിവല്‍ക്കരണം ബാധകമാക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ മേഖലകളില്‍ 70 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്. ഇതിലൂടെ 12,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കണക്കാക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഈ മേഖലകളില്‍ സൗദിവല്‍ക്കരണ തീരുമാനം പ്രാബല്യത്തില്‍വരും.
സുരക്ഷാ ഉപകരണങ്ങള്‍, ലിഫ്റ്റുകളും എസ്‌കലേറ്ററുകളും കണ്‍വെയര്‍ ബെല്‍റ്റുകളും, കൃത്രിമ ടര്‍ഫും നീന്തല്‍ കുളങ്ങളും, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും, കാറ്ററിംഗ് ഉപകരണങ്ങളും ഇലക്ട്രിക് കാര്‍ട്ടുകളും, എയര്‍ ഗണുകളും മത്സ്യബന്ധന ഉപകരണങ്ങളും യാത്രാ സാമഗ്രികളും, പാക്കേജിംഗ് ഉപകരണങ്ങളും പദാര്‍ഥങ്ങളും എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ശാഖാ മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ സര്‍വീസ് അടക്കമുള്ള തൊഴിലുകളാണ് സൗദിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരിക.

 

 

Latest News