Sorry, you need to enable JavaScript to visit this website.

ഫോണ്‍ താഴെ വെക്കുന്നില്ല, യുവതിക്ക് കട്ടര്‍ കൊണ്ട് 30 മുറിവേല്‍പിച്ച് ഭര്‍ത്താവ്

മുംബൈ-മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഭാര്യയുടെ ദേഹത്ത് 30 മുറിവുണ്ടാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയിലെ ദാഹിസാറില്‍ സംഭവം. 45 കാരനാണ് അറസ്റ്റിലായത്.

ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ  സ്ത്രീക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദമ്പതികളുടെ മകളാണ് പോലീസില്‍ പരാതി നല്‍കിയത്. ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ഫിറോസാണ് 37 കാരിയായ റാഹത്തിനെ ആക്രമിച്ചത്. കുടുംബ വീട്ടില്‍വെച്ചായിരുന്നു സംഭവമെന്ന് മകള്‍ റഹിജ മുജവര്‍ പോലീസിനോട് പറഞ്ഞു.

റാഹത്ത് കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മകളാണ് ഉടന്‍ തന്നെ മീരാ റോഡിലെ ആശുപത്രിയിലെത്തിച്ചത്. പ്രതിക്കെതിരെ ഐ.പി.സി 326, 307 വകപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും യുവതിയുടെ മൊഴിയെടുക്കുമെന്നും ദാഹിസാര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ പാട്ടീല്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ടാകാമെന്നും സംഭവത്തില്‍ ബന്ധുക്കള്‍ക്കുണ്ടായ ഞെട്ടല്‍ മാറിയ ശേഷം കൂടുതല്‍ അന്വേഷണത്തിലൂടെ ഇത് കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.

 

Latest News