മരുമകന്റെ കഞ്ചാവ് കൃഷി പോലീസില്‍ അറിയിച്ചശേഷം ബി.ജെ.പി നേതാവ് രാജിവെച്ചു

തിരുവനന്തപുരം- വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുകൃഷി ചെയ്തയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പി നേതാവ് രാജിവെച്ചു. കൊങ്ങപ്പള്ളി ഇരട്ടക്കുളം ബഡ്സ്സ്‌കൂളിനു സമീപം സംഗീതാലയത്തില്‍ സന്തോഷിന്റെ വീട്ടില്‍ താമസിക്കുന്ന ഉണ്ണിയെന്നു വിളിക്കുന്ന രഞ്ജിത്താണ് (33) വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയതിന് അറസ്റ്റിലായത്. പട്ടിക മോര്‍ച്ച ജില്ലാ പ്രസിഡന്റായ സന്തോഷിന്റെ മകളുടെ ഭര്‍ത്താവാണ് രഞ്ജിത്ത്. ഇയാള്‍ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്.

എന്നാല്‍ മരുമകന്‍ കഞ്ചാവ് ചെടികള്‍ വീടിന്റെ മുകളില്‍ നട്ടു വളര്‍ത്തുന്നുണ്ട് എന്ന കാര്യം പോലീസിനെ വിളിച്ചറിയിച്ചത് താന്‍ തന്നെയാണ് എന്നാണ് സന്തോഷ് പറയുന്നത്.

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടത് അറിഞ്ഞിരുന്നില്ല. മകളും മരുമകനുമാണ് മുകള്‍ നിലയില്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചു. എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയിരുന്നു സന്തോഷ്. 'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ല. എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്ന് സന്തോഷ് വ്യക്താക്കി. മരുമകന്‍ അല്ല മകനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഞാന്‍ തന്നെ മുന്നില്‍ ഉണ്ടാകും. സംഭവത്തെ സി.പി.എമ്മും കോണ്‍ഗ്രസും രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Latest News